
കുണ്ടന്നൂരിലെ വെടിക്കെട്ടുപുര അനധികൃതം; പരിക്കേറ്റ പടക്കനിര്‍മാണ തൊഴിലാളി മരിച്ചു
കുണ്ടന്നൂരില്‍ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ പടക്കനിര്‍മാണ തൊഴിലാളി മണികണ്ഠന്‍ (55) മരിച്ചു. ചേലക്കര സ്വദേശി പൊള്ളലേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 90 ശതമാനത്തോളം പൊള്ളലേറ്റ മണികണ്ഠന്‍ ഗുരുതരാവസ്ഥയിലായിരുന്നു.
അതിനിടെ അപകടം നടന്ന വെടിക്കെട്ടുപുര പ്രവര്‍ത്തിച്ചത് അനധികൃതമായാണെന്ന് കണ്ടെത്തി. താത്കാലികമായി കെട്ടിയുണ്ടാക്കിയ വെടിക്കെട്ടുപുരയ്ക്ക് അനുമതിയുണ്ടായിരുന്നില്ലെന്ന് ഡെപ്യൂട്ടി കളക്ടര്‍ യമുനാദേവി പറഞ്ഞു. വെടിക്കെട്ട് പുരയുടെ ലൈസന്‍സി ശ്രീനിവാസന്റെ ലൈസന്‍സ് റദ്ദാക്കിയതായും ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.
ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ഡെപ്യൂട്ടി കളക്ടര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷമാണ് ഇക്കാര്യം അറിയിച്ചത്. ഇവിടെ വെടിക്കെട്ടുപുര പ്രവര്‍ത്തിക്കുന്നതായി അറിയിച്ചിരുന്നില്ല. നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനം സര്‍ക്കാര്‍ തലത്തിലാണ് കൈക്കൊള്ളേണ്ടതെന്നും ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു. അപകടത്തിന് പിന്നാലെ പോലീസ് കസ്റ്റഡിയിലെടുത്ത കുണ്ടന്നൂര്‍ ശ്രീനിവാസന്‍, സുന്ദരാക്ഷന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി.