കുട്ടി സഖാക്കളുടെ അറുതിയില്ലാത്ത ഗീബല്‍സിയന്‍ കള്ളങ്ങള്‍

ക്യാപ്‌സ്യൂള്‍ നിര്‍മ്മാതാക്കളുടെ ശ്രദ്ധയ്ക്ക്, എസ്.എഫ്.ഐക്കാരുടെ സത്യങ്ങള്‍ ചെരുപ്പിടുമ്പോള്‍ പൊതുസമൂഹം ലോകം ചുറ്റിയ കള്ളത്തെ വിശ്വസിക്കുന്നു

സ്വന്തം ലേഖകന്‍

ഒരു കള്ളം, പലതവണ ആവര്‍ത്തിച്ചാവര്‍ച്ച് പറഞ്ഞ് സത്യമാക്കുന്ന ഗീബല്‍സിന്റെ കുട്ടികള്‍ പെറ്റുപെരുകിയ എസ്.എഫ്.ഐ എന്ന ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ഒടുവിലത്തെ പച്ചക്കള്ളം കൂടി പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. പതിവു പോലെ ഈ കള്ളത്തെയും വെളുപ്പിക്കാന്‍ നേതാക്കളും കുട്ടി സഖാക്കളും ക്യാപ്‌സ്യൂള്‍ നിര്‍മ്മാണ കമ്പനികളും രംഗത്തെത്തിക്കഴിഞ്ഞു.
അവരുടെ സ്ഥിരം പല്ലവിയായ ‘സത്യം ചെരുപ്പിടുമ്പോള്‍ നുണ ലോകം ചുറ്റിയിരിക്കുമെന്ന’ ക്യാപ്‌സ്യൂള്‍ സോഷ്യല്‍ മീഡിയയില്‍ ഒഴുകി നടക്കുകയാണ്.

കുട്ടി സഖാക്കള്‍ പടച്ചു വിടുന്ന എണ്ണമില്ലാത്ത പച്ചക്കള്ളങ്ങള്‍ കേരളമാകെ നിറഞ്ഞു കഴിഞ്ഞിരിക്കുന്നു. കള്ളവും കപടതയും ചെയ്യുന്നവരെ നേതൃസ്ഥാനത്തിരുത്തി അരിയിട്ടു വാഴിക്കുന്നതില്‍ പി.എച്.ഡി എടുത്തിരിക്കുകയാണ് സി.പി.എം.

കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ നടത്തിയ ആള്‍മാറാട്ടം, പി.എസ്.സിയുടെ പോലീസ് ടെസ്റ്റില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നടത്തിയ ആള്‍മാറാട്ടം, മഹാരാജാസ് കോളേജിലെ സെമസ്റ്റര്‍ എക്‌സാം
എഴുതാതെ വിജയിച്ച എസ്.എഫ്.ഐ നേതാവിന്റെ മിടുക്ക്, ഗസ്റ്റ് ലക്ച്ചറാകാന്‍ മഹാരാജാസ് കോളേജിന്റെ വ്യാജ സീലും സര്‍ട്ടിഫിക്കറ്റും നിര്‍മ്മിച്ച എസ്.എഫ്.ഐക്കാരിയുടെ അനിതര സാധാരണമായ കഴിവ് എന്നിവയെ പൊതു സമൂഹം കാണാതെ പോകരുത്.

ഇടതുപക്ഷത്തിന്റെ സമുന്നതരായ ക്യാപ്‌സ്യൂള്‍ നിര്‍മ്മാതാക്കളുടെ ഭാഷയില്‍ പറഞ്ഞാല്‍, എസ്.എഫ്.ഐക്കാരുടെ ഈ സത്യങ്ങള്‍ ചെരുപ്പിടുമ്പോഴായിരുന്നു പൊതു സമൂഹം ലോകം ചുറ്റിയ കള്ളത്തെ മനസ്സിലാക്കിയത്.

ഡിസംബര്‍ 12നാണ് കോളജില്‍ കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ തെരഞ്ഞെടുപ്പ് നടന്നത്. യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് എസ്എഫ്‌ഐ പാനലിലെ ആരോമലും അനഘയും വിജയിക്കുന്നു. എന്നാല്‍ കൗണ്‍സിലര്‍മാരുടെ പേരുകള്‍ കോളജില്‍ നിന്ന് യൂണിവേഴ്‌സിറ്റിയിലേക്ക് അയച്ചപ്പോള്‍ അനഘയ്ക്ക് പകരം കോളജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥി എ വിശാഖിന്റെ പേരാണ് നല്‍കിയത്. വിശാഖ് എസ്എഫ്‌ഐയുടെ കാട്ടാക്കട ഏരിയ സെക്രട്ടറിയാണ്. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിശാഖ് മത്സരിച്ചിട്ടുമില്ല.

വിശാഖിനെ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് എത്തിക്കാനുള്ള കൃത്രിമത്വമാണ് അവിടെ നടന്നത്. സിപിഎമ്മിലെയും എസ്എഫ്ഐയിലെയും ചില നേതാക്കളുടെ സമ്മര്‍ദത്തിനെ തുടര്‍ന്നാണ് ഈ തിരിമറി നടന്നതെന്നും ആരോപണമുണ്ട്. വിഷയത്തില്‍ കേരള യൂണിവേഴ്സിറ്റിക്ക് ആള്‍മാറാട്ടം സംബന്ധിച്ച പരാതി കിട്ടിയിട്ടുണ്ടെങ്കിലും അന്വേഷണമോ നടപടിയോ ഇതുവരെ ഉണ്ടായിട്ടില്ലെന്നതാണ് കൗതുകം. എസ്.എഫ്.ഐയുടെ സത്യത്തെ ചെരുപ്പിടീക്കലാണ് കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ കണ്ടത്.

2018 ജൂലൈയിലായിരുന്നു യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ നേതാക്കളുടെ പി.എസ്.സി.തട്ടിപ്പ് നടന്നത്. സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയില്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ നേതാക്കളായിരുന്ന ശിവരജ്ഞിത്, നസീം, പ്രണവ് എന്നിവര്‍ക്ക് ഉയര്‍ന്ന റാങ്കാണ് ലഭിച്ചത്. കോളേജിലെ കത്തിക്കുത്ത് കേസില്‍ ഇവര്‍ പ്രതിയായതിന് പിന്നാലെയാണ് എസ്.എഫ്.ഐ നേതാക്കളുടെ കോപ്പിയടിയും പുറത്തായത്. ഇവര്‍ റാങ്കു നേടിയത് ക്രമക്കേടിലൂടെയാണെന്ന് ആരോപണമുയര്‍ന്നതോടെ അന്വേഷണത്തിനു വിടുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പരീക്ഷയില്‍ ഇവര്‍ക്ക് സഹായം ലഭിച്ചതായി കണ്ടെത്തി. പരീക്ഷ എഴുതിയവര്‍ കെട്ടിയിരുന്ന സ്മര്‍ട്ട് വാച്ച് വഴിയായിരുന്നു കോപ്പിയടി. പ്രണവാണ് രഹസ്യമായി കൈയില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചോദ്യ പേപ്പര്‍ ഫോട്ടോയെടുത്ത് പുറത്തുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് അയച്ചത്. സംസ്‌കൃത കോളജിലിരുന്ന എസ്.എഫ്.ഐ നേതാക്കളുടെ സുഹൃത്തുക്കളായ പ്രവീണ്‍, സഫീര്‍, പൊലിസുകാരന്‍ ഗോകുല്‍ എന്നിവര്‍ ചേര്‍ന്ന് ഉത്തരങ്ങള്‍ സന്ദേശങ്ങളായി സ്മാര്‍ട്ട് വാച്ചിലേക്ക് അയച്ചു. അങ്ങനെ നേതാക്കള്‍ ഉത്തരമെല്ലാം കൃത്യമായി എഴുതി, പരീക്ഷയില്‍ റാങ്കും നേടി. ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടും കുറ്റപത്രം സമര്‍പ്പിക്കാതെ നാല് വര്‍ഷം നീട്ടിക്കൊണ്ടുപോയി സഹായിച്ച സര്‍ക്കാരിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നാണ് പാര്‍ട്ടിയുടെ താത്വികമായ അവലോകനത്തില്‍ നേതാക്കള്‍ പറഞ്ഞത്.

എസ്.എഫ്.ഐയുടെ ഈ സത്യവും ചെരുപ്പിടാന്‍ വൈകിയപ്പോഴാണ് പൊതുജനം ലോകംചുറ്റിയ കള്ളം കേട്ട് വിശ്വസിച്ചു പോയത്.

എറണാകുളം മഹാരാജാസ് കോളജിലാണ് ഏറ്റവും പുതിയ തട്ടിപ്പ് നടന്നത്. കോളേജിന്റെ പേരില്‍ വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്താനാണ് ശ്രമം നടന്നത്. സംഭവത്തില്‍ മുന്‍ എസ്എഫ്‌ഐ നേതാവ് കെ. വിദ്യക്കെതിരേ പോലീസ് കേസെടുത്തു. മഹാരാജാസ് കോളജ് പ്രിന്‍സിപ്പാള്‍ നല്‍കിയ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. അട്ടപ്പാടി ഗവ. കോളജില്‍ ഗസ്റ്റ് ലക്ചറര്‍ അഭിമുഖത്തിനെത്തിയപ്പോഴാണ് കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിനിയായ വിദ്യ രണ്ടു വര്‍ഷത്തെ വ്യാജ പ്രവൃത്തിപരിചയ രേഖ ഹാജരാക്കിയത്.

അഭിമുഖ പാനലില്‍ ഉണ്ടായിരുന്നവര്‍ക്കു തോന്നിയ സംശയമാണ് വ്യാജ രേഖയാണെന്ന സ്ഥിരീകരണത്തിലെത്തിയത്. എറണാകുളം മഹാരാജാസ് കോളജ് മലയാള വിഭാഗത്തില്‍ പ്രവൃത്തിപരിചയം ഉണ്ടെന്നാണ് വിദ്യ അഭിമുഖ പാനലിനു മുന്നില്‍ ഹാജരാക്കിയ രേഖ. ജൂണ്‍ രണ്ടിനായിരുന്നു അട്ടപ്പാടി ഗവ. കോളജിലെ മലയാള വിഭാഗത്തിലേക്ക് ഗെസ്റ്റ് ലക്ചറര്‍ അഭിമുഖം. അഭിമുഖ പാനലില്‍ ഉണ്ടായിരുന്നവര്‍ക്ക്, മഹാരാജാസ് കോളജിന്റെ ലോഗോയും സീലും അടങ്ങിയ രേഖയില്‍ സംശയം തോന്നി. തുടര്‍ന്ന് മഹാരാജാസ് കോളജുമായി ബന്ധപ്പെട്ടപ്പോള്‍ രേഖ വ്യാജമാണെന്നു സ്ഥിരീകരിക്കുകയായിരുന്നു. 2018-19, 2020-21 കാലയളവില്‍ മഹാരാജാസില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്‌തെന്നാണ് രേഖയിലുണ്ടായിരുന്നത്. എന്നാല്‍ 10 വര്‍ഷമായി മലയാള വിഭാഗത്തിലേക്ക് ഗസ്റ്റ് ലക്ചറര്‍മാരെ നിയമിച്ചിട്ടില്ലെന്നാണ് കോളജ് അധികൃതര്‍ വ്യക്തമാക്കിയത്. കോളജ് കൗണ്‍സില്‍ ചേര്‍ന്നശേഷം സംഭവത്തെക്കുറിച്ച് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

നേരത്തെ പാലക്കാട്ടും കാസര്‍കോട്ടുമുള്ള രണ്ടുസര്‍ക്കാര്‍ കോളജുകളില്‍ വിദ്യ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിട്ടുണ്ട്. ഇവിടെയും വ്യാജരേഖ സമര്‍പ്പിച്ചാണ് നിയമനം നേടിയതെന്നാണ് വിവരം. കാസര്‍കോട് കരിന്തളം ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഒരു വര്‍ഷം ജോലി ചെയ്തു. 2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെയായിരുന്നു നിയമനം. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ അറിവോടെയും സഹായത്തോടെയുമാണ് വ്യാജരേഖ ചമച്ച് ഉദ്യോഗാര്‍ഥി ജോലി നേടിയതെന്നാണു വിവരം. 2016 മുതല്‍ 18 വരെ മഹാരാജാസില്‍ എംഎ മലയാളം വിദ്യാര്‍ഥിയായിരുന്ന വിദ്യ, പി.ജി റെപ്പായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

വിദ്യയ്ക്ക് കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ പിഎച്ച്ഡി പ്രവേശനം സാധ്യമാക്കിയതിലും ഉന്നത ഇടപെടല്‍ ഉണ്ടെന്ന് ആരോപണമുണ്ട്. വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തിനു മുന്‍കൈ എടുത്തത് ആര്‍ഷോയും മന്ത്രി പി. രാജീവുമെന്ന് ആരോപണമുണ്ട്. എസ്.എഫ്.ഐക്കാരുടെ ഈ സത്യത്തിനും ചെരുപ്പിടാന്‍ പോലും സമയം കൊടുത്തില്ല, മാധ്യമങ്ങള്‍ ഇടതടവില്ലാതെ കള്ളം പ്രചരിപ്പിച്ചു. പൊതു ജനം അത് വിശ്വസിക്കുകയും ചെയ്തു.

മഹാരാജാസ് കോളേജില്‍ തന്നെ സെമസ്റ്റര്‍ പരീക്ഷ എഴുതാതെ വിജയം കൈവരിച്ച എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി
പിഎം ആര്‍ഷോ ആണ് പുതിയ അവതാരം. ആര്‍ഷോ എഴുതാത്ത പരീക്ഷയ്ക്കു ലഭിച്ചത് പൂജ്യം മാര്‍ക്ക്. എന്നിട്ടും, വിജയിച്ചെന്ന് മാര്‍ക്ക് ലിസ്റ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് മാര്‍ക്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2020ല്‍ ഡിഗ്രി ആര്‍ക്കിയോളജി വിഭാഗത്തിലാണ് ആര്‍ഷോ പഠിച്ചത്. മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയിട്ടില്ലെന്ന് ആര്‍ഷോ തന്നെ പറയുന്നു. എന്നാല്‍, പരീക്ഷ എഴുതാന്‍ ആര്‍ഷോ അപേക്ഷ സമര്‍പ്പിച്ചിരുന്നുവെന്ന് കോളേജ് അധികൃതരും പറയുന്നു.

പരീക്ഷ എഴുത്താത്ത ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റില്‍ രേഖപ്പെടുത്തേണ്ടത് ആബ്‌സെന്റ് എന്നാണ്. അതുമല്ലെങ്കില്‍ നില്‍ എന്ന് ഇംഗ്ലീഷില്‍ രേഖപ്പെടുത്തണം. പൂജ്യം എന്നത്, ഒരു ഡിജിറ്റാണ്. പരീക്ഷയില്‍ പങ്കെടുത്ത് ഉത്തരങ്ങളെല്ലാം തെറ്റായി എഴുതുന്ന കുട്ടികള്‍ക്ക് നല്‍കുന്ന മാര്‍ക്കാണ് പൂജ്യം. അപ്പോള്‍ ആര്‍ഷോ പരീക്ഷയില്‍ പങ്കെടുത്തിരുന്നോ. പങ്കെടുത്തെങ്കില്‍ ഉത്തരങ്ങള്‍ മുഴുവന്‍ തെറ്റായി എഴുതി പൂജ്യം മാര്‍ക്ക് വാങ്ങിയോ. എങ്കില്‍ എങ്ങനെ വിജയിച്ചു എന്ന് മാര്‍ക്ക് ലിസ്റ്റില്‍ എഴുതി എന്നതൊക്കെയും അന്വേഷിക്കേണ്ടതാണ്. ചെയ്യുന്നതെല്ലാം കള്ളത്തരങ്ങളും പൊള്ളത്തരങ്ങളും മാത്രമാകുമ്പോള്‍ ന്യായീകരിക്കാന്‍ പാര്‍ട്ടിയും എസ്.എഫ്.ഐയും ഏറെ ബുദ്ധിമുട്ടുമെന്നുറപ്പാണ്. എസ്.എഫ്.ഐയുടെ ഭാഷയില്‍ പറയുകയാണെങ്കില്‍ ഈ സത്യവും ചെരുപ്പിടാന്‍ മറന്നുപോയതാണ്, അപ്പോഴേക്കും കള്ളം ലോകം ചുറ്റുന്നുണ്ട് എന്ന്.

ഒരു കാര്യം പറയാം, ഏതാണ് സത്യമെന്നും ഏതാണ് കള്ളമെന്നും ജനങ്ങള്‍ക്കു മനസ്സിലാകും. ഗീബല്‍സിന്റെ അനുചരന്‍മാര്‍ ഐസ് കട്ടയില്‍ പെയിന്റടിക്കും പോലെ, കള്ളത്തെ വെള്ള പൂശി സത്യമാക്കാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കുക. മന്ത്രി പി.രാജീവിന്റെ ഭാര്യക്ക് കൊച്ചി സര്‍വകലാശാലയില്‍ നിയമനം. മുന്‍ എം.പി. പി.കെ.ബിജുവിന്റെ ഭാര്യക്ക് കേരള സര്‍വകലാശാലയില്‍ നിയമനം. സ്പീക്കര്‍ എം.ബി.രാജേഷിന്റെ ഭാര്യക്ക് സംസ്‌കൃത സര്‍വകലാശാലയില്‍ നിയമനം. എ.എന്‍. ഷംസീര്‍ എം.എല്‍.എയുടെ ഭാര്യയെ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിയമിക്കാന്‍ നീക്കം എന്നിങ്ങനെ സര്‍വകലാശാലകളെ തകര്‍ക്കുന്ന സി.പി.എമ്മിന്റെ കൈകടത്തലുകളുടെ പട്ടിക നീളുകയാണ്. ഇടതു സര്‍ക്കാരിന്റെ കാലത്ത്, ഭാര്യമാരെ സുരക്ഷിതമായ സ്ഥലങ്ങളില്‍ ഇരുത്താന്‍ വളഞ്ഞ വഴികളിലൂടെ കഷ്ടപ്പെടുന്ന മന്ത്രിമാരും നേതാക്കളുമാണ് കുട്ടി സഖാക്കള്‍ക്ക് എന്നും വഴികാട്ടികള്‍.

Leave a Reply

Your email address will not be published.

Previous post അഞ്ചു വിത്തുകൾ<br>( 5 സീഡ്സ് )
Next post കൈക്കുഞ്ഞുമായല്ല ഞാൻ പാടിയത്, ഭർത്താവ് അന്ധനല്ല; നടക്കുന്നത് വ്യാജ പ്രചാരണം’; ആതിരയ്‌ക്കെതിരെ തെരുവ് ഗായിക