
കുടുംബസമേതം കവർച്ച;നാട്ടിലേക്ക് അയക്കുന്നത് 49,000 രൂപ
ബസുകള്‍, ആരാധനാലയങ്ങള്‍, മാളുകള്‍ എന്നിവ കേന്ദ്രീകരിച്ച് കൃത്രിമമായി തിരക്കുണ്ടാക്കി കവര്‍ച്ചനടത്തുന്ന നാലംഗസംഘം പോലീസ് പിടിയില്‍. തമിഴ്‌നാട് ഡിണ്ടിഗല്‍ കാമാക്ഷിപുരം സ്വദേശി അയ്യപ്പന്‍ എന്ന വിജയകുമാര്‍ (44), ഭാര്യമാരായ വേലപ്പെട്ടി സ്വദേശിനി ദേവി (38), വസന്ത (45), മകള്‍ സന്ധ്യ (25) എന്നിവരാണ് പിടിയിലായത്.
ജില്ലാ പോലീസ് കമ്മിഷണര്‍ രാജ്പാല്‍ മീണയുടെ കീഴിലുള്ള സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ. സുദര്‍ശന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ ബെന്നി ലാലുവിന്റെ കീഴിലുള്ള മെഡിക്കല്‍ കോളേജ് പോലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
ചൊവ്വാഴ്ച നരിക്കുനിയില്‍നിന്ന് തൊണ്ടയാട് ഭാഗത്തേക്ക് ജോലിക്കായി പോവുകയായിരുന്ന സുധ എന്ന സ്ത്രീയുടെ മാല ബസില്‍ രണ്ട് തമിഴ് സ്ത്രീകള്‍ പൊട്ടിച്ചെടുക്കുന്നതിനിടെ പിടിയിലാവുകയും പോലീസെത്തി ദേവി, സന്ധ്യ എന്നിവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം മക്കരപ്പറമ്പ് സ്‌കൂളിന് സമീപമുള്ള ലൈന്‍ മുറി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അയ്യപ്പനെയും മറ്റൊരു ഭാര്യയായ വസന്തയെയും കസ്റ്റഡിയിലെടുത്തത്. കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളില്‍ തുണിക്കച്ചവടവും പാത്രക്കച്ചവടവുമാണ് ജോലിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സംഘം മക്കരപ്പറമ്പില്‍ താമസിച്ചിരുന്നത്.
ആളുകള്‍ക്ക് ഒരുവിധത്തിലും സംശയംതോന്നാത്തതരത്തില്‍ നല്ലരീതിയില്‍ വസ്ത്രം ധരിക്കാന്‍ ഇവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പെട്ടെന്ന് വേഷംമാറാന്‍ കൈയിലുള്ള ബാഗില്‍ കൂടുതല്‍ വസ്ത്രങ്ങള്‍ കരുതുകയും വഴിയില്‍വെച്ചുതന്നെ വേഷംമാറുകയും ചെയ്യുകയാണ് പതിവ്. ഫാഷന്‍ വസ്ത്രങ്ങള്‍ ധരിച്ചും, മേക്കപ്പ് ചെയ്യാനുള്ള വസ്തുക്കള്‍ കൈയില്‍ക്കരുതിയുമാണ് ഇവര്‍ യാത്രചെയ്തിരുന്നതെന്നും പോലീസ് പറഞ്ഞു. കവര്‍ച്ചചെയ്ത സ്വര്‍ണം, തൂക്കുന്നതിനുള്ള മെഷീന്‍, കളവുചെയ്ത മൊബൈല്‍ ഫോണ്‍ തുടങ്ങിയവ ഇവരില്‍നിന്ന് കണ്ടെടുത്തു.