
കാന്താരയ്ക്ക് രണ്ടാം ഭാഗം വരുന്നു
തീയേറ്ററുകൾ ഇളക്കിമറിച്ച ഋഷഭ് ഷെട്ടിചിത്രം കാന്താരയുടെ രണ്ടാംഭാഗം ഉണ്ടാകുമെന്ന് നിർമാതാക്കളായ ഹൊംബാലെ ഫിലിംസ്. ഋഷഭ് നായകനായ കന്നഡചിത്രം മലയാളം, ഹിന്ദി, തെലുഗു, തമിഴ് ഭാഷകളിലും മൊഴിമാറ്റി പ്രദർശനത്തിന് എത്തിയിരുന്നു.
‘കാന്താര’യ്ക്ക് ലഭിച്ച വമ്പൻ സ്വീകാര്യത ആവേശകരമായെന്ന് ഹൊംബാലെ ഫിലിംസിന്റെ സ്ഥാപകൻ വിജയ് കിരഗണ്ടൂർ പറഞ്ഞു. ചിത്രത്തിന്റെ മുൻഭാഗമോ, പിൻഭാഗമോ ചെയ്യാൻ ആലോചനയുണ്ട്. ഇക്കാര്യം ഋഷഭ് ഷെട്ടിയുമായി ആലോചിച്ച് വൈകാതെ തീരുമാനമെടുക്കും. തീർച്ചയായും ‘കാന്താര 2’ വരുകതന്നെ ചെയ്യും -അദ്ദേഹം പറഞ്ഞു.
‘കെ.ജി.എഫ്.’ നിർമാതാക്കളായ ഹൊംബാലെ ഫിലിംസ് നിർമിച്ച് സെപ്റ്റംബർ 30-ന് റിലീസ് ചെയ്ത ചിത്രം വലിയ സ്വീകാര്യത നേടിയതിനെത്തുടർന്നാണ് മറ്റ് ഭാഷകളിലേക്കും എത്തിയത്.
16 കോടി രൂപ മുടക്കി നിർമിച്ച ചിത്രം 410 കോടിയോളമാണ് ഇതിനകം വരുമാനമുണ്ടാക്കിയത്. അടുത്ത അഞ്ചുവർഷത്തിനിടെ രാജ്യത്തെ വിനോദവ്യവസായത്തിൽ 3000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നും വിജയ് കിരഗണ്ടൂർ പറഞ്ഞു.