
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് – അന്തിമ വിജ്ഞാപനം വൈകും, പരാതികള്‍ പഠിക്കാന്‍ പുതിയ സമിതിയെ കേന്ദ്രം നിയോഗിച്ചു
ദില്ലി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ അന്തിമ വിജ്ഞാപനം വൈകും. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് മുന്നില്‍ എത്തിയ പരാതികള്‍ പഠിക്കാന്‍ പുതിയ സമിതിയെ കേന്ദ്രം നിയോഗിച്ചു. മുന്‍ വനമന്ത്രാലയം ഡി ജി സഞ്ജയ് കുമാര്‍ ഐഎഫ്എസ് അധ്യക്ഷനായാണ് മൂന്നംഗ സമിതി. പരാതികളുമായി ബന്ധപ്പെട്ട് സമിതിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച ശേഷം മാത്രമായിരിക്കും തുടര്‍ നടപടി. കേരളത്തിലെ ക്രൈസ്തവ സഭകളില്‍ നിന്നടക്കം ബി ജെ പി കേന്ദ്ര നേതൃത്വത്തിന് പരാതികള്‍ എത്തിയ സാഹചര്യത്തിലാണ് കേന്ദ്രനടപടി.
അതേസമയം പരിസ്ഥിതിലോല ഉത്തരവ് പുനപരിധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. വനം പരിസ്ഥിതി മന്ത്രാലയത്തെ അടക്കം സമീപിച്ചു തിരുത്തിക്കുക എന്നതാണ് മുന്നിലുള്ള വഴി. അത് സര്‍ക്കാര്‍ ചെയ്യും. ജനവാസ മേഖലകള്‍ ഒഴിവാക്കി സംസ്ഥാനം കൊടുത്ത റിപ്പോര്‍ട്ട് പരിഗണനയില്‍ ഇരിക്കെയാണ് ഈ ഉത്തരവ് വന്നത്. പൊതു താല്പര്യം കണക്കിലെടുത്തു പരിധി കുറയ്ക്കാന്‍ സംസ്ഥാനം ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.