
കള്ളനോട്ടുകളുമായി മുന്‍പഞ്ചായത്തു പ്രസിഡന്റും യുവതിയും അറസ്റ്റില്‍
500 രൂപയുടെ കള്ളനോട്ടുകളുമായി മുന്‍പഞ്ചായത്തു പ്രസിഡന്റും യുവതിയും അറസ്റ്റില്‍. കൊല്ലം കിഴക്കേ കല്ലട കൊടുവിള ഷാജിഭവനത്തില്‍ ക്ലീറ്റസ് (45), താമരക്കുളം പേരൂര്‍കാരാഴ്മ അക്ഷയ് നിവാസില്‍ ലേഖ (38) എന്നിവരാണു പിടിയിലായത്. കിഴക്കേ കല്ലട പഞ്ചായത്ത് മുന്‍ പ്രസിഡന്റാണ് ക്ലീറ്റസ്.
ചാരുംമൂട്ടിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ബുധനാഴ്ച വൈകീട്ട് സാധനം വാങ്ങാനെത്തിയ ലേഖ നല്‍കിയ 500 രൂപ നോട്ടില്‍ സംശയം തോന്നിയ ജീവനക്കാര്‍ നൂറനാട് പോലീസില്‍ അറിയിക്കുകയായിരുന്നു. എസ്.എച്ച്.ഒ. പി. ശ്രീജിത്തിന്റെ നേതൃത്വത്തിലെത്തി പരിശോധിച്ചപ്പോള്‍ ലേഖയുടെ കൈയില്‍ 500 രൂപയുടെ കൂടുതല്‍ കള്ളനോട്ടുകള്‍ കിട്ടി. തുടര്‍ന്ന് ഇവരുടെ വീടു പരിശോധിച്ചപ്പോഴും നോട്ടുകള്‍ കിട്ടി. നോട്ടുകള്‍ നല്‍കിയത് ക്ലീറ്റസാണെന്ന് ഇവര്‍ പറഞ്ഞു.
വ്യാഴാഴ്ച പുലര്‍ച്ചേ ക്ലീറ്റസിനെ കിഴക്കേ കല്ലടയുള്ള വീടിനു സമീപത്തുനിന്ന് അറസ്റ്റുചെയ്തു. ഇയാളുടെ പക്കല്‍നിന്ന് 500 രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെടുത്തു.