
കല്ലമ്പലത്തിൽ ഒരു വീട്ടിലെ അഞ്ചുപേർ മരിച്ച നിലയിൽ
കല്ലമ്പലം : കല്ലമ്പലത്ത് ആലങ്കോട് ചാത്തന്‍പാറയില്‍ ഒരു വീട്ടിലെ അഞ്ചുപേരെ മരിച്ച നിലയിൽ. ചാത്തമ്പാറ കടയിൽ വീട്ടിൽ മണിക്കുട്ടൻ, ഭാര്യ സന്ധ്യ, മക്കളായ അമേയ, അജീഷ്, സന്ധ്യയുടെ മാതൃസഹോദരി ദേവകി എന്നിവരാണ് മരിച്ചത്. കല്ലമ്പലത്ത് തട്ടുകട നടത്തിവരികയായിരുന്നു മണിക്കുട്ടൻ.
മണിക്കുട്ടൻ തൂങ്ങിമരിച്ച നിലയിലും മറ്റുള്ളവർ വിഷം കഴിച്ച് മരിച്ച നിലയിലുമായിരുന്നു. ആത്മഹത്യയോ അല്ലെങ്കിൽ മറ്റുള്ളവര്‍ക്ക് വിഷം നല്കിയ ശേഷം മണിക്കുട്ടന് തൂങ്ങി മരിച്ചതോ ആകാമെന്ന് പോലീസ് പറഞ്ഞു . തട്ടുകടയ്ക്ക് പഞ്ചായത്തിന്റെ ഫുഡ് ആൻഡ് സേഫ്റ്റി കഴിഞ്ഞ ദിവസം അരലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് കട പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെടുത്തത്. കൂടാതെ മണിക്കുട്ടന് മറ്റ് സാമ്പത്തിക ബാധ്യതകളും ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.
കടബാധ്യതയാണ് ജീവനൊടുക്കാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം. രണ്ടു ദിവസമായി കട തുറന്നിരുന്നില്ല. മണിക്കുട്ടനെയും കുടുംബത്തെയും പുറത്ത് കാണാതിരുന്നതിനെ തുടർന്ന് അയൽവാസികൾ നടത്തിയ അന്വേഷണത്തിലാണ് ഇവരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.