കരിപ്പൂരില്‍ കൊറിയന്‍ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി;

കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപം കൊറിയന്‍ യുവതിയെ പീഡിപ്പിച്ചതായി പരാതി. വിമാനത്താവളത്തില്‍നിന്ന് സുരക്ഷാഉദ്യോഗസ്ഥര്‍ പോലീസിന് കൈമാറിയ യുവതിയാണ് താന്‍ പീഡനത്തിനിരയായെന്ന് ഡോക്ടര്‍മാരോട് വെളിപ്പെടുത്തിയത്. വൈദ്യപരിശോധനയിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ കോഴിക്കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ടൂറിസ്റ്റ് വിസയില്‍ കോഴിക്കോട്ട് എത്തിയ കൊറിയന്‍ യുവതി നാട്ടിലേക്ക് തിരിച്ചുപോകാനായാണ് വെള്ളിയാഴ്ച കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. എന്നാല്‍ ഇവരുടെ കൈവശം ടിക്കറ്റ് ഇല്ലായിരുന്നു. തുടര്‍ന്ന് നാട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട യുവതിയെ സുരക്ഷാഉദ്യോഗസ്ഥര്‍ തടഞ്ഞ് പോലീസിന് കൈമാറി.

മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന യുവതിയെക്കുറിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ കോഴിക്കോട് നഗരത്തിലെ രണ്ട് ഹോട്ടലുകളില്‍ ഇവര്‍ താമസിച്ചിരുന്നതായി കണ്ടെത്തി. കൊറിയന്‍ ഭാഷ മാത്രം സംസാരിക്കുന്ന ഇവര്‍ പണം വേണമെന്ന് മാത്രമാണ് ഇംഗ്ലീഷില്‍ ചോദിച്ചിരുന്നത്. ഇതോടെ ദ്വിഭാഷിയെ കണ്ടെത്തി വിവരങ്ങള്‍ തേടാനായി പോലീസിന്റെ ശ്രമം. എന്നാല്‍ ദ്വിഭാഷിയെ കണ്ടെത്തി കാര്യങ്ങള്‍ ചോദിച്ചെങ്കിലും യുവതി ഒന്നും പറയാന്‍ തയ്യാറായില്ല. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയപ്പോളാണ് യുവതി പീഡനവിവരം വെളിപ്പെടുത്തിയത്. ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയിലും പീഡനം സ്ഥിരീകരിച്ചു. ഇതോടെ വൈദ്യപരിശോധ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ടൗണ്‍ പോലീസ് കേസെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published.

Previous post തുനിഷയുടെ മരണത്തിന് പിന്നിൽ ലവ് ജിഹാദെന്ന് മന്ത്രി, അല്ലെന്ന് പോലീസ്
Next post 1.8 കിലോ സ്വർണ്ണവുമായി കരിപ്പൂരിൽ യുവതി പിടിയിൽ