കനത്ത മഴയില്‍ നരേന്ദ്രമോദി സ്റ്റേഡിയം ചോര്‍ന്നൊലിച്ചു; വിമര്‍ശനം

കനത്ത മഴയില്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ഗാലറി ചോര്‍ന്നൊലിച്ചതായി ആരാധകരുടെ പരാതി. ഇതിന്റെ ദൃശ്യങ്ങള്‍ നിരവധി ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. മേല്‍ക്കൂരയ്ക്കു കീഴെ ഇരിക്കാന്‍ പോലും കഴിയുന്നില്ലെന്ന് പലരും അഭിപ്രായപ്പെട്ടു. ‘പുറം മോടി മാത്രമാണോ മോദി സ്റ്റേഡിയത്തിന് ഉള്ളത്’ എന്ന കമന്റുകളും പോസ്റ്റുകള്‍ക്ക് താഴെയുണ്ട്. നിലവില്‍ ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം. ഒരേസമയം 1.32 ലക്ഷം ആളുകള്‍ക്ക് ഇവിടെ കളി കാണാനാകും. 2021 ഫെബ്രുവരിയിലാണ് മൊട്ടേരയില്‍ പുതുക്കിപ്പണിത സര്‍ദാര്‍ പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്തത്.

സ്റ്റേഡിയത്തില്‍ ജോയിന്റ് ഇന്നവേഷന്‍ സെന്ററിന്റെ ഉദ്ഘാടനം ഫൈനല്‍ മത്സരത്തിനു മുന്നോടിയായി ഞായറാഴ്ച നിര്‍വ്വഹിച്ചിരുന്നു. അതിനു പിന്നാലെ പെയ്ത മഴയിലാണ് ഗാലറി ചോര്‍ന്നൊലിച്ചത്. കനത്ത മഴ കാരണം ഫൈനല്‍ മത്സരം ഇന്നേക്ക് മാറ്റിവെച്ചിരുന്നു. ഞായറാഴ്ച ടോസ് പോലും ഇടാന്‍ കഴിഞ്ഞിരുന്നില്ല. നിലവിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ഫൈനല്‍ മത്സരം നടക്കുന്നത്. കഴിഞ്ഞ തവണ ഐപിഎല്‍ ഫൈനല്‍ മത്സരം നടന്നതും അവിടെയായിരുന്നു. ഈ വര്‍ഷം ഏകദിന ലോകകപ്പ് നടക്കുന്നതും ഇന്ത്യയിലാണ്. നരേന്ദ്ര മോദി സ്റ്റേഡിയമാകും ടൂര്‍ണമെന്റിലെ പ്രധാന വേദികളിലൊന്ന്.

Leave a Reply

Your email address will not be published.

Previous post കണ്ണൂരില്‍ സ്വകാര്യ ബസില്‍ നഗ്നതാ പ്രദര്‍ശം
Next post കെട്ടിയിട്ട ശേഷം മുളകുപൊടി വിതറി; പട്ടാപ്പകല്‍ വീട്ടില്‍ നിന്ന് 35 ലക്ഷം കവര്‍ന്ന് മുഖംമൂടി സംഘം