
കഥ മോഷ്‌ടിച്ചതെന്ന് ആരോപണം; വിവാദത്തിലായി കടുവ
റിലീസ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ ‘കടുവ’യ്ക്ക് എതിരെ കഥ മോഷണ ആരോപണം. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആക്‌ഷൻ ത്രില്ലർ ചിത്രമാണ് കടുവ. ചിത്രം ജൂൺ 30 ന് തിയേറ്ററിൽ എത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്. തമിഴ്നാട് സ്വദേശിയാണ് കഥ മോഷ്‌ടിച്ചുവെന്നാരോപിച്ച് കോടതിയിൽ ഹർജി നൽകിയത്ത്. ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.
കഥാകൃത്ത് ജിനു വര്‍ഗീസ് എബ്രഹാം, നിർമാതാവ് സുപ്രിയ മേനോൻ തുടങ്ങിയവർക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്‌തിട്ടുണ്ട്. ഹർജിക്കാരൻ പാലാ സബ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഇടക്കാല ഉത്തരവിനുള്ള അപേക്ഷ പരിഗണിക്കാത്തതിനെ തുടർന്നാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്.
നേരത്തെ കഥയിലെ സാമ്യം ആരോപിച്ച് സുരേഷ് ഗോപിയുടെ ‘ഒറ്റക്കൊമ്പൻ’ എന്ന ചിത്രത്തിന് കോടതി വിലക്ക് ഏർപ്പെടുത്തിയിരുന്നു. പൃഥ്വിരാജിന് പുറമെ വിവേക് ഒബ്റോയ്, സംയുക്ത മേനോൻ, സിദ്ദിഖ്, വിജയരാഘവൻ, സുദേവ് നായർ, സീമ, അർജുൻ അശോകൻ, കലാഭവൻ ഷാജോൺ, അജു വർഗീസ്, സായ്‌കുമാർ, ദിലീഷ് പോത്തൻ, രാഹുൽ മാധവ്, ജനാർദ്ദനൻ, പ്രിയങ്ക നായർ , മീനാക്ഷി എന്നിവരാണ് കടുവയിലെ മറ്റു താരങ്ങൾ