
കണ്ണൂർ സർവകലാശാല: പ്രിയാ വർഗീസിന്റെ യോഗ്യത ഡോ. ജലസ്റ്റിൽ ഡി. പ്രഭുവിന് അയോഗ്യത
അസോസിയേറ്റ് പ്രൊഫസർ തസ്തികയിലെ നിയമനവുമായി ബന്ധപ്പെട്ട് അധ്യാപന പരിചയകാര്യത്തിൽ പ്രിയാ വർഗീസിന് ലഭിച്ച യോഗ്യത ഫിസിക്കൽ എജ്യുക്കേഷൻ ആന്‍ഡ് സ്പോർട്സ് സയൻസ് വിഭാഗത്തിലെ അധ്യാപകന് അയോഗ്യതയാകുന്നു. കണ്ണൂർ സർവകലാശാല സെനറ്റ് മീറ്റിങ്ങിൽ ഡോ. ആർ.കെ. ബിജുവിന്റെ ചോദ്യത്തിന് മറുപടിയിലാണീ വിചിത്രവാദം.
ഫിസിക്കൽ എജ്യുക്കേഷൻ ആന്‍ഡ് സ്പോർട്സ് സയൻസ് വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലെ അപേക്ഷകനായ ഡോ. ജലസ്റ്റിൽ ഡി. പ്രഭുവിന് യോഗ്യതയായ പിഎച്ച്.ഡി. ബിരുദം നേടിയതിനുശേഷമുള്ള എട്ടുവർഷത്തെ അധ്യാപനപരിചയം ഇല്ലെന്നുപറഞ്ഞാണ് അദ്ദേഹത്തിന്റെ അപേക്ഷ തള്ളിയത്. പക്ഷേ, നിശ്ചിതകാലത്തെ അധ്യാപനപരിചയമില്ലെങ്കിലും പ്രിയാ വർഗീസിന്റെ അപേക്ഷ സ്‌ക്രീനിങ് കമ്മിറ്റി തള്ളിയില്ലെന്ന് മാത്രമല്ല സ്വീകരിക്കുകയും ചെയ്തു. ഇതാണ് സെനറ്റിൽ ചോദ്യം ചെയ്തത്. ക്രമവിരുദ്ധമായി നിയമിച്ചവർ ഉണ്ടെങ്കിൽ അവർക്കെതിരേ നടപടിയെടുക്കാന്‍ തയ്യാറാകണമെന്നും സെനറ്റിൽ യു.ഡി.ഫ്. അംഗങ്ങൾ വാദിച്ചു.
കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളേജുകളിൽ ബിരുദവിഭാഗത്തിൽ 29.47 ശതമാനം സീറ്റുകളും സർവകലാശാലാ പഠനവകുപ്പുകളിൽ 52 ബിരുദാനന്തരബിരുദ സീറ്റുകളും ഒഴിഞ്ഞുകിടപ്പുണ്ട്. ഈ വിഷയം പഠിക്കാൻ പുതിയ കമ്മിറ്റിയെ നിയോഗിക്കാനുള്ള പ്രമേയവും സെനറ്റ് അംഗീകരിച്ചു. സെനറ്റ് അംഗങ്ങളായ എസ്.എം. ഷാനവാസ്, പി.കെ. സതീശൻ എന്നിവരും വിവിധ വിഷയങ്ങളിൽ പങ്കെടുത്ത് സംസാരിച്ചു.