
കണ്ണൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ്: പിടിയിലായ ആള് സാമൂഹ്യവിരുദ്ധനെന്ന് സംശയം
ട്രെയിന്‍ തീവയ്പ് കേസില്‍ പിടിയിലായ പ്രതി മുന്‍പ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തികള്‍ നടത്തി പശ്ചാത്തലമുള്ളയാളെന്ന് വിവരം. പ്രതിക്ക് തീവ്രവാദ ബന്ധമോ, അത്തരം പ്രവര്‍ത്തികള്‍ നല്കിയതോ ആയി ഇതുവരെ വിവരമില്ല. എന്നാല്‍ നേരത്തെ സാമൂഹ്യദ്രോഹ പ്രവര്‍ത്തികള്‍ ചെയ്ത പശ്ചാത്തലം പ്രതിക്കുണ്ട്. ഇന്നലെ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ തീവെച്ചത് ഇയാളാണോയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ മുന്‍പ് റെയില്‍വേ സ്റ്റേഷന് സമീപത്ത് തീയിട്ട ഇയാളെ ഇന്നലെ റെയില്‍വെ സ്റ്റേഷന് പരിസരത്ത് ട്രാക്കിന് സമീപം കണ്ടതായി സാക്ഷിമൊഴികളുണ്ട്. ഇതിന്റെ അടിലസ്ഥാനത്തിലാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കണ്ണൂര്‍ – ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിന്റെ ഒരു ബോഗി ഇന്ന് പുലര്‍ച്ചെയാണ് തീവെച്ച് നശിപ്പിച്ചത്. സംഭവത്തിന് പിന്നാലെ ബോഗിയില്‍ നടത്തിയ പരിശോധനയില്‍ ആരോ കടന്നിരുന്നുവെന്ന് വ്യക്തമായിരുന്നു. പ്രതി ബോഗിക്കകത്ത് ശുചിമുറിയിലടക്കം കല്ലുകള്‍ ഇട്ട ശേഷം ബോഗിയിലാകെ ഇന്ധനമൊഴിച്ച് കത്തിക്കുകയായിരുന്നു.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ രാത്രി 11.7 ന് യാത്ര അവസാനിപ്പിച്ച ട്രെയിനായിരുന്നു ഇത്. 11.45 ഓടെ എട്ടാം ട്രാക്കിലാണ് ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നത്. തീവണ്ടിയുടെ ഏറ്റവും പുറകിലെ കോച്ചില്‍ കയറിയ അക്രമി പുലര്‍ച്ചെ 1. 27നാണ് തീയിട്ടത്. ഫയര്‍ ഫോഴ്സെത്തി തീ അണക്കുമ്പോഴേക്കും ഒരു കോച്ച് പൂര്‍ണ്ണമായി കത്തിയമര്‍ന്നിരുന്നു. ഒരു മണിക്കൂര്‍ പരിശ്രമിച്ചാണ് ഫയര്‍ഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കിയത്. തീവണ്ടിയ്ക്ക് തീവെച്ചതെന്ന് കരുതുന്നയാളുടെ സിസിഡിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്.