
കടുവ ഇറങ്ങി
അരുണിമ കൃഷ്‌ണൻ
“രാജാവ് അതിശക്തനായാൽ സേനയും ശക്തമായിരിക്കും. എന്നാൽ രാജാവ് വീഴുന്നതോടെ സേന ദുർബലമാകും. പിന്നെ പുതിയ രാജാവും കൂട്ടരും കളം വാഴും. ആ പ്രക്രിയയ്ക്ക് അവസാനമില്ല. അതങ്ങനെ നീണ്ടു നീണ്ടു പോയിക്കൊണ്ടേയിരിക്കും. “
രണ്ടുപേർക്കിടയിൽ ഉണ്ടാകുന്ന ഈഗോ, അധികാരം കൊണ്ടുണ്ടാവുന്ന ഹുങ്ക്, കാര്യങ്ങൾ വളച്ചൊടിച്ചു ഊതി പെരുപ്പിക്കുന്ന ചില വാശികൾ തുടങ്ങിയ ചില കാര്യങ്ങളെ അതിശക്തമായ ഭാഷയിൽ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടുകയാണ് കടുവ. മാസ്റ്റർ ഡയറക്ടർ ഷാജി കൈലാസ് ഒൻപത് വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം തിരിച്ചു വരുന്ന ചിത്രമായത് കൊണ്ടാണ് ആദ്യദിവസം ആദ്യ ഷോ തന്നെ ഈ ചിത്രം കാണണമെന്ന് കരുതിയത്. ഏറെ നാളത്തെ ഈ കാത്തിരിപ്പിന് ഫലം ഉണ്ടായെന്നു പറയുന്നതാകും ഭംഗി. റിയലിസ്റ്റിക് ചിത്രങ്ങൾ അരങ്ങു വാഴുന്ന സമയത്താണ് ‘കടുവ’ വേട്ടയ്ക്കിറങ്ങിയിരിക്കുന്നത്. ഷാജി കൈലാസിന്റെ ജനപ്രിയ മാസ്സ് ചിത്രങ്ങളുടെ ശൈലിയിൽ തന്നെയൊരുക്കിയ ഈ ചിത്രത്തിലെ നായകനും വില്ലനും ഒരേപോലെ മാസ്സ് ആണെന്ന് പറയുന്നതിൽ തെറ്റില്ല.
തൊണ്ണൂറുകളിലെ പാലായും, അതിലൂടെ ചില സാങ്കൽപ്പിക സംഭവങ്ങളുമാണ് ജിനു അബ്രഹാം എന്ന തിരകഥാകൃത്ത് കടുവയിൽ പ്രമേയമാക്കിയിരിക്കുന്നത്. കടുവക്കുന്നേൽ കുര്യച്ചൻ എന്ന പ്ലാന്ററുടെ
പ്രകോപനപരമായ പെരുമാറ്റമാണ് കഥാഗതിയെ മുന്നോട്ട് നയിക്കുന്നത്. അതിലൂടെ ചില കുടുംബങ്ങൾ തമ്മിലുള്ള പൊരുത്തക്കേടുകൾ കൂടുന്നതും, അവയിലൂടെ സമൂഹത്തിലുണ്ടാവുന്ന വിള്ളലും കടുവയിൽ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. കുര്യച്ചന്റെ കുടുബത്തോടുള്ള അടുപ്പവും ഒട്ടും കുറയാതെ ഈ സിനിമയിൽ പ്രതിഫലിപ്പിച്ചിരിക്കുന്നു.
പൃഥ്വിരാജ് അവതരിപ്പിക്കുന്ന കടുവക്കുന്നേൽ കുര്യച്ചൻ, വിവേക് ഒബ്‌റോയ് അവതരിപ്പിക്കുന്ന ജോസഫ് ചാണ്ടി എന്ന വില്ലൻ കഥാപാത്രം എന്നിവരുടെ സ്‌ക്രീനിലേക്കുള്ള വരവ് തന്നെ ഗംഭീരമായാണ് ഷാജി കൈലാസ് ഒരുക്കിയത്. ഒപ്പം പഞ്ച് ഡയലോഗുകളും ആക്ഷനും തീപ്പൊരി പാറുന്ന കഥാസന്ദർഭങ്ങളും ചിത്രത്തിന്റെ മികവ് കൂട്ടുന്നു. ജേക്സ് ബിജോയ് നിർവഹിച്ചിരിക്കുന്ന പശ്‌ചാത്തല സംഗീതവും തീയേറ്ററിൽ ആരാധകർക്ക് ആവേശം പകരുന്ന മറ്റൊരു ഘടകമാണ്. ‘പാലാ പള്ളി’എന്ന പാട്ട് തീയറ്ററിൽ നിന്നുംനമ്മുടെ ഒപ്പം പോരും എന്നതിൽ സംശയമില്ല . ഒപ്പം വർക്കി മാഷും, കോരയും, മക്കളും, തിരുത ചേടത്തിയുമെല്ലാം ഒന്നിനൊന്നു മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്.
ഒരു സാധാരണ കഥയെ അല്ലെങ്കിൽ നമുക്ക് ഊഹിക്കാൻ സാധിക്കുന്ന ഒരു കഥയെ അടിമുടി മാറ്റി നല്ലൊരു ചിത്രമാക്കിമാറ്റിയിരിക്കുകയാണ് ഷാജി കൈലാസും മറ്റു അണിയറ പ്രവർത്തകരുമെന്ന് നിസ്സംശയം പറയാം.
കോവിഡ്‌കാലം കൊണ്ടുപോയെന്ന് കരുതിയ മാസ്സ് മലയാളം പടങ്ങളും അവയുടെ തീയറ്ററിക്കൽ എക്സ്പീരിയൻസും തിരികെ വരുന്നതിലുള്ള സന്തോഷവും പ്രേക്ഷകർ പങ്കുവയ്ക്കുന്നു.