കടക്കുപുറത്ത് മാറി ഇപ്പോൾ കിടക്ക് അകത്ത് എന്നായി; കെ. മുരളീധരൻ

മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന സി.പി.എം കേന്ദ്ര നേതൃത്വം കേരളത്തിലെ വിഷയത്തിൽ പ്രതികരിക്കാത്തത് എ.കെ.ജി ഭവന്റെ ചെലവ് വഹിക്കുന്നത് കേരള ഘടകമായതുകൊണ്ടാണോ എന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. 2016-ൽ മാധ്യമപ്രവർത്തകരോട് കടക്ക് പുറത്ത് എന്നായിരുന്നെങ്കിൽ ഇപ്പോൾ ജയിൽ കാണിച്ച് കിടക്ക് അകത്ത് എന്നായിട്ടുണ്ടെന്നും മുരളീധരൻ പരിഹസിച്ചു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ഓരോ ദിവസം ഓരോ മാധ്യമങ്ങൾക്കെതിരെയുള്ള അന്വേഷണമാണെന്ന് കെ. മുരളീധരൻ പറഞ്ഞു. തീവണ്ടി തീവെപ്പുമായി ബന്ധപ്പെട്ട സത്യാവസ്ഥ ഇതുവരെ പുറത്ത് വന്നിട്ടില്ല. ഒരു ഭാഗത്ത് ഇത്തരം ഭീകരപ്രവർത്തനങ്ങൾ നടക്കുന്ന സാഹചര്യമാണ്. മറുഭാഗത്ത് റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങൾക്കെതിരെ കേസ് എടുക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മൂന്ന് വർഷം കഴിഞ്ഞാൽ സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകും. അന്ന് ഞങ്ങളോട് കാണിക്കുന്ന രീതി തിരിച്ചും കാണിക്കേണ്ടി വരും. പിണറായിക്കെതിരെ ലാവ്ലിൻ കേസ് ഉയർന്നുവന്നപ്പോൾ പ്രതികാര നടപടികളിലേക്ക് നീങ്ങരുതെന്നായിരുന്നു കോൺഗ്രസ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

‘കേന്ദ്ര സർക്കാരിന്റെ മാധ്യമ നയങ്ങളെ എതിർക്കുന്ന സി.പി.എം നേതാക്കൾ കേരളത്തിൽ വരുമ്പോൾ ഞങ്ങൾ ഈ നാട്ടുകാരല്ല എന്ന രീതിയിലാണ് സംസാരിക്കുന്നത്. ഒരു പക്ഷേ ഡൽഹിയിലെ എ.കെ.ജി ഭവന്റെ ചെലവ് സംസ്ഥാന സർക്കാർ വഹിക്കുന്നതിനാലായിരിക്കാം ഇങ്ങനെ ഒരു അടിമ പണി പാർട്ടിയുടെ ദേശീയ നേതാക്കൾ ചെയ്യുന്നത്. എല്ലാ കാലത്തും കേരളം ഭരിക്കാമെന്ന് സി.പി.എം കരുതരുത്. ബംഗാളിലേയും, ത്രിപുരയിലേയും അനുഭവത്തിൽ നിന്നും അവർ അത് പഠിച്ചിട്ടില്ല എന്നാണ് മനസ്സിലാകുന്നത്’ – കെ. മുരളീധരൻ പറഞ്ഞു.

Leave a Reply

Your email address will not be published.

Previous post പോക്സോ കേസ്: മോൻസൻ മാവുങ്കലിന് ജീവപര്യന്തം തടവ്
Next post 7 വർഷമായി നടക്കുന്ന കൊള്ളകളുടെ ലേറ്റസ്റ്റ് വേർഷൻ, കുടുംബവുമായി കക്കാൻ നടക്കുന്ന ഒരേയൊരു നേതാവ്’; ചെന്നിത്തല