ഓണാഘോഷത്തിന് മന്ത്രി അപ്പൂപ്പനെ കത്തയച്ച് ക്ഷണിച്ച് രണ്ടാം ക്ലാസ്സുകാർ;എത്തുമെന്ന് ഉറപ്പ് നൽകി മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : കഴിഞ്ഞ ദിവസം ആണ് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയെ തേടി ഒരു കത്ത് എത്തുന്നത്. “പ്രിയപ്പെട്ട ശിവൻകുട്ടി അപ്പൂപ്പന്; സുഖമാണോ മന്ത്രി അപ്പൂപ്പാ ?” എന്നു തുടങ്ങുന്ന കത്ത് അയച്ചിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലെ മുള്ളറംകോട് ഗവർമെന്റ് എൽ പി എസിലെ 85 രണ്ടാം ക്ലാസ്സുകാർ ചേർന്നാണ്. എല്ലാവർക്കും വേണ്ടി മീനാക്ഷിയാണ് കത്തെഴുതിയത്

” അപ്പൂപ്പാ കുട്ടിപ്പുര എന്ന പാഠം ഞങ്ങൾ പഠിച്ചു. അതിൽ സാവിത്രിക്കുട്ടിയുടെ വീടിന്റെ പാലുകാച്ചിന് ഒരു ക്ഷണക്കത്ത് തയ്യാറാക്കി. അപ്പോൾ ഞങ്ങൾക്ക് ഒരു ആഗ്രഹം.ഞങ്ങളുടെ സ്കൂളിൽ ഓണസദ്യ ഒരുക്കുന്നുണ്ട്. സെപ്റ്റംബർ രണ്ടാം തീയതി ആയിരിക്കും ഓണസദ്യ എന്നാണ് ടീച്ചർ പറഞ്ഞത്. ഞങ്ങളോടൊപ്പം ഇരുന്ന് ഓണസദ്യ കഴിക്കാൻ മന്ത്രി അപ്പൂപ്പൻ വരുമോ? ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു മന്ത്രി അപ്പൂപ്പൻ ഓണസദ്യ കഴിക്കാൻ വരുമെന്ന് വിശ്വസിക്കുന്നു. എന്ന് രണ്ടാം ക്ലാസിലെ 85 കൂട്ടുകാർ” എന്നതാണ് കത്തിന്റെ ഉള്ളടക്കം.

കുഞ്ഞുങ്ങളുടെ ക്ഷണം സ്വീകരിച്ച് സ്കൂളിൽ ഓണാഘോഷത്തിൽ പങ്കെടുക്കാൻ താൻ എത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഈ ഓണക്കാലത്തെ ഏറ്റവും മധുരമായ സമ്മാനമാണ് ഈ ക്ഷണത്തിലൂടെ തനിക്ക് ലഭിച്ചതെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

Leave a Reply

Your email address will not be published.

Previous post നമ്മുടെ ഓണം, നമ്മുടെ സ്വന്തം പൂക്കൾ
Next post നിയമസഭാ കയ്യാങ്കളി കേസ് വിചാരണ സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി