
ഒഡീഷയിൽ പോലീസുകാരൻ മന്ത്രിയെ വെടിവച്ചുകൊന്നു
ഒഡിഷ ആരോഗ്യ കുടുംബക്ഷേമ മന്ത്രി നബ കിഷോർ ദാസ് വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിയായ എ.എസ്.ഐ. ഗോപാൽ ദാസ് മാനസികാരോഗ്യ പ്രശ്നങ്ങള്‍മൂലം ചികിത്സയിലായിരുന്നുവെന്ന് റിപ്പോർട്ട്. ഇയാളെ ചികിത്സിച്ചിരുന്നു എന്നവകാശപ്പെടുന്ന ഡോക്ടറെ ഉദ്ധരിച്ച് എൻ.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
ഗോപാൽ ദാസ് ബൈ പോളാർ ഡിസോർഡർ രോഗിയാണെന്ന് ബെർഹംപുരിലെ എം.കെ.സി.ജെ. കോളേജ് മാനസികാരോഗ്യ വിഭാഗം തലവൻ ഡോക്ടർ ചന്ദ്രശേഖർ ത്രിപാഠി പറഞ്ഞു. ‘എട്ടോ പത്തോ വർഷം മുമ്പാണ് ദാസ് എന്റെ ക്ലിനിക്കിൽ ചികിത്സ തേടിയെത്തുന്നത്. പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവക്കാരനായിരുന്നു അദ്ദേഹം. എന്നാൽ അദ്ദേഹം നിരന്തരം മരുന്ന് ഉപയോഗിച്ചിരുന്നോ എന്ന കാര്യം അറിയില്ല. മരുന്ന് ഉപയോഗിക്കാതെ വന്നാൽ വീണ്ടും രോഗം വരാം. കുറച്ചു വർഷങ്ങളായി അദ്ദേഹം ചികിത്സയ്ക്കായി എത്തിയിട്ട്’ ഡോക്ടർ ത്രിപാതി പറഞ്ഞു.
ഇയാൾ മാനസികാരോഗ്യത്തിന് ചികിത്സ തേടിയിരുന്നുവെന്നും ദിവസവും മരുന്ന് കഴിച്ചിരുന്നോ എന്ന കാര്യം വ്യക്തമല്ലെന്നും പോലീസുകാരന്റെ ഭാര്യ പറഞ്ഞു.