ഐപിഎസുകാരിക്കു നേരെ പീഡനശ്രമം: തമിഴ്‌നാട് മുൻ ഡി ജി പിക്ക് മൂന്ന് വർഷം തടവ്

സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മുൻ ഡിജിപിക്ക് മൂന്നു വർഷം തടവ് ശിക്ഷ. തമിഴ്‌നാട്ടിലെ മുൻ സ്‌പെഷൽ ഡിജിപി രാജേഷ് ദാസിനെയാണ് വില്ലുപുരം കോടതി കുറ്റക്കാരനായി കണ്ടെത്തി ശിക്ഷിച്ചത്. വനിതാ ഐപിഎസ് ഓഫിസറുടെ ആരോപണത്തെ തുടർന്ന് ഡിജിപിയെ തൽസ്ഥാനത്തു നിന്നു മാറ്റിയിരുന്നു. 

2021ഫെബ്രുവരിയിലാണ് വനിത ഐപിഎസ് ഉദ്യോഗസ്ഥ പരാതി നൽകിയത്. അന്ന് മുഖ്യമന്ത്രിയായിരുന്ന എടപ്പാടി കെ.പളനിസാമിയുടെ സുരക്ഷാദൗത്യത്തിന്റെ ഭാഗമായി സഞ്ചരിക്കവേ മുതിർന്ന ഉദ്യോഗസ്ഥനായ രാജേഷ് കാറിൽവച്ച് ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്നാണ് പരാതി. വനിത ഉദ്യോഗസ്ഥയുടെ പരാതിയെ തുടർന്ന് എഐഎഡിഎംകെ സർക്കാർ ദാസിനെ സസ്‌പെൻഡ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 2021ലെ തിരഞ്ഞെടുപ്പിൽ ഇത് പ്രചാരണ വിഷമായി ഉയരുകയും ഡിഎംകെ അധികാരത്തിലെത്തിയാൽ നിയമനടപടികൾ വേഗത്തിലാക്കി ദാസിന് ശിക്ഷ വാങ്ങി നൽകുമെന്ന് അന്ന് പ്രതിപക്ഷ നേതാവായിരുന്ന എം.കെ.സ്റ്റാലിൻ ഉറപ്പു നൽകുകയും ചെയ്തു. ഫബ്രുവരി 21ന് രാത്രി തിരുച്ചിറപ്പള്ളി-ചെന്നൈ ഹൈവേയിൽ വച്ചാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. തിരഞ്ഞെടുപ്പ് ചർച്ചകൾക്കു ശേഷം മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പോയതിനു പിന്നാലെ ‘വിഐപി ഡ്യൂട്ടി’ കഴിഞ്ഞ് സ്പെഷൽ ഡിജിപിയും സംഘവും ചെന്നൈയിലേക്കു മടങ്ങുകയായിരുന്നു. മുതിർന്ന് ഓഫിസറെ സ്വീകരിക്കേണ്ട ചുമതല പരാതിക്കാരിക്കായിരുന്നു. സല്യൂട്ട് ചെയ്ത് വാഹനവ്യൂഹത്തിനൊപ്പം സഞ്ചരിക്കുകയാണ് പതിവ്. എന്നാൽ സ്പെഷൽ ഡിജിപി, വനിതാ ഓഫിസറോടു തന്റെ കാറിൽ കയറാൻ ആവശ്യപ്പെട്ടു. കാറിനുള്ളിൽ വച്ച് മോശമായ പെരുമാറ്റമുണ്ടായെന്നാണ് വനിത ഉദ്യോഗസ്ഥ പരാതിയിൽ പറഞ്ഞത്. 

കാർ 40 മിനിറ്റ് സഞ്ചരിച്ചു കഴിഞ്ഞപ്പോൾ അടുത്ത സ്ഥലത്ത് നോർത്ത് സോൺ ഐജിപി കെ. ശങ്കർ, ഡിഐജി എം. പാണ്ഡ്യൻ ഐപിഎസ് ഓഫിസർമാരായ സിയാഉൾ ഹഖ് എന്നിവർ ഡിജിപിയെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. കാർ നിർത്തിയയുടൻ വനിതാ ഓഫിസർ വലതുഭാഗത്തെ ഡോർ തുറന്ന് പുറത്തേക്കോടി. തൊട്ടുപിറ്റേന്നാണ് വനിതാ ഓഫിസർ ചെന്നൈയിലെത്തി ഡിജിപി ജെ.കെ. ത്രിപാഠിക്കും ആഭ്യന്തര മന്ത്രാലയത്തിനും പരാതി നൽകിയത്. രണ്ടു ദിവസത്തിനുശേഷം സ്പെഷൽ ഡിജിപി സ്ഥാനത്തുനിന്ന് ദാസിനെ നീക്കി. തുടർന്ന് ആറംഗം അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published.

Previous post ക്യൂബൻ പ്രസിഡന്റുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ; കേരളവുമായി സഹകരിക്കാൻ പറ്റുന്ന മേഖലകൾ മന്ത്രിസഭയിൽ ചർച്ച ചെയ്യും
Next post പാർലമെന്റ് തിരഞ്ഞെടുപ്പിൽ 20 സീറ്റും യുഡിഎഫ് നേടും, തോറ്റാൽ ഉത്തരവാദിത്തം ഞാനേറ്റെടുക്കും : സതീശൻ