എ.ഐ ക്യാമറ വിവാദം: നുണക്കഥകളുടെ ആയുസൊടുങ്ങിയെന്ന് എം.വി ഗോവിന്ദന്‍

ഭരണ പരിചയമുള്ള ഒരു പൊതുപ്രവര്‍ത്തകന് ഇത് ചേര്‍ന്നതല്ല, അപ്പീല്‍ പോകൂ

ഒരേ നുണ ആവര്‍ത്തിച്ചു കേരളീയ സമൂഹത്തെ പരിഹസിക്കുകയാണ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സംസ്ഥാനത്ത് റോഡിലെ നിയമലംഘനങ്ങളും അപകടങ്ങളും ഗണ്യമായി കുറയ്ക്കാന്‍ സഹായകമായി എന്ന കണക്കുകള്‍ പുറത്തു വന്നതോടെ പ്രതിപക്ഷം ഇതുവരെ പരത്തിയ നുണക്കഥകളുടെ ആയുസ്സൊടുങ്ങി. നേരത്തെ പറഞ്ഞു പൊളിഞ്ഞ ആരോപണങ്ങളും പൊതു മണ്ഡലത്തില്‍ ലഭ്യമായ രേഖകളും പുതിയതാണ് എന്ന വ്യാജേന അവതരിപ്പിച്ച് പുകമറ പരത്താനാണ് ഇന്ന് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ശ്രമിച്ചത്.

മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ക്ക് ഈ പദ്ധതിക്കായി നല്‍കിയ കോണ്ട്രാക്റ്റുകളില്‍ പങ്കുണ്ട് എന്ന ആരോപണം ഉന്നയിച്ച അന്നു മുതല്‍ക്കേ അതിനെ സാധൂകരിക്കുന്ന തെളിവുകള്‍ പുറത്തു വിടാന്‍ ആവശ്യപ്പെട്ടതാണ്. ആ വെല്ലുവിളി സ്വീകരിച്ച് തെളിവിന്റെയോ വസ്തുതയുടെയോ കണികയെങ്കിലും പുറത്തുവിടാന്‍ ചെന്നിത്തലയ്‌ക്കോ കൂട്ടര്‍ക്കോ ഇതുവരെ സാധിച്ചിട്ടില്ല. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഇതുവരെ മറുപടി നല്‍കിയില്ല എന്നാണ് പരിദേവനം. യാതൊരു അടിസ്ഥാനവുമില്ലാത്ത കള്ളങ്ങള്‍ക്കെല്ലാം ആരെങ്കിലും മറുപടി നല്‍കണമെന്നു വാശി പിടിക്കുന്നതിന്റെ സാംഗത്യമെന്താണെന്നും സിപിഎം സെക്രട്ടറി ചോദിച്ചു.

ഈ പദ്ധതിയില്‍ കരാര്‍ ലഭിക്കാതിരുന്ന കമ്പനികളില്‍ ചിലതിന്റെ വക്കാലത്താണ് ‘വിവരാകാശ നിയമപ്രകാരം ലഭിച്ച ചോദ്യങ്ങള്‍ കെല്‍ട്രോണ്‍ മറുപടി നല്‍കിയില്ല’ എന്ന ആരോപണം വീണ്ടും ഉന്നയിച്ച് അദ്ദേഹം ഏറ്റെടുക്കുന്നത്. ലഭിച്ച എല്ലാ ചോദ്യങ്ങള്‍ക്കും കെല്‍ട്രോണ്‍ മറുപടി നല്‍കിയിട്ടുണ്ട് എന്നു മാത്രമല്ല, വിലവിവരങ്ങള്‍ നല്‍കാതിരിക്കുന്നതിന്റെ കാരണം കൃത്യമായി വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. വിവരാകാശ നിയമത്തിലെ 8 (1) (d) പ്രകാരം കമ്പനിയുടെ, അതായത് കെല്‍ട്രോണിന്റെ, മത്സരാധിഷ്ഠിത സ്ഥാനത്തിനു ഹാനി സൃഷ്ടിക്കാവുന്ന ചില വിവരങ്ങള്‍ അറിയിക്കാന്‍ നിര്‍വാഹമില്ല എന്ന് മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കെല്‍ട്രോണ്‍ സംസ്ഥാനത്തിനകത്തും പുറത്തും വിവിധ പദ്ധതികള്‍ ഏറ്റെടുത്തു നടപ്പാക്കുന്ന സ്ഥാപനമാണ്. അത് ജനങ്ങളുടെ സ്ഥാപനമാണ്. അതിന്റെ വ്യാപാരവുമായി ബന്ധപ്പെട്ടെ രഹസ്യാത്മക വിവരങ്ങള്‍ പുറത്തു വിടുന്നത് കമ്പനിയുമായി വ്യാപാരത്തില്‍ മത്സരിക്കുന്ന മറ്റു കമ്പനികള്‍ക്ക് ഒരു മത്സരത്തില്‍ മുന്‍കൈ നല്‍കുന്ന അവസ്ഥയ്ക്ക് ഇടയാക്കും. അതൊഴിവാക്കുന്നതിനാണ് ആ വിവരങ്ങള്‍ ഒഴിവാക്കിയത് എന്ന് കെല്‍ട്രോണ്‍ വിശദീകരിച്ചിട്ടുണ്ട്. . അതില്‍ ചട്ടവിരുദ്ധമായി ഒന്നുമില്ല എന്നു മാത്രമല്ല, കൃത്യമായി ആര്‍ ടി ഐ ചട്ടങ്ങള്‍ക്ക് അനുസൃതമായാണ് പ്രവര്‍ത്തിച്ചത് എന്നും കാണാം. മറുപടിയില്‍ തൃപ്തനല്ലെങ്കില്‍ അപ്പീല്‍ പോകാനുള്ള അവസരവുമുണ്ട്.

എന്തെ മുന്നിലുള്ള അത്തരം സാധ്യതകള്‍ ചെന്നിത്തലയും കൂട്ടരും ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ഇതിനകം വ്യക്തമായ മറുപടികള്‍ വന്നിട്ടും അക്ഷര എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് ആവശ്യമായ പ്രവര്‍ത്തനപരിചയമില്ലെന്ന ആരോപണവും ചെന്നിത്തല ഈ വാര്‍ത്താ സമ്മേളനത്തിലും ആവര്‍ത്തിക്കുകയാണ്. കെല്‍ട്രോണ്‍ നല്‍കിയ വിശദീകരണം സാമാന്യ ബോധമുള്ളവര്‍ക്ക് മനസ്സിലാകുന്നതാണ്. ടെന്‍ഡര്‍ പ്രീ ക്വാളിഫിക്കേഷന്‍ ബിഡില്‍ 4.2.2 ല്‍ 10 വര്ഷം കുറയാത്ത പ്രവര്‍ത്തന പരിചയം ആവശ്യമാണെന്ന് പറയുന്നുണ്ട്. ടെക്നിക്കല്‍ ബിഡ് ക്വാളിഫൈ ആയ അക്ഷര എന്റര്‍പ്രൈസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് രജിസ്റ്റര്‍ ചെയ്തത് 2017 ല്‍ ആണ്.

അങ്ങനെ ഒരു കമ്പനിക്ക് എങ്ങനെ 10 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം ഉണ്ടാകും എന്ന ലളിതമായ ചോദ്യമാണ് ആരോപണത്തിന്റെ കാതല്‍. അക്ഷര എന്റര്‍പ്രൈസസ് എന്ന പേരില്‍ 2010 ല്‍ രജിസ്റ്റര്‍ ചെയ്ത കമ്പനി 2017 ല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി കണ്‍വെര്‍ട് ചെയ്യുകയായിരുന്നു എന്നും ഇതുമായി ബന്ധപ്പെട്ട കമ്പനീസ് ഓഫ് റെജിസ്ട്രാര്‍ നല്‍കിയ രേഖ ടെന്‍ഡര്‍ ഡോക്യൂമെന്റില്‍ ഉണ്ട് എന്നും ഉള്ള വാസ്തവം മുന്‍ പ്രതിപക്ഷ നേതാവ് കൗശലപൂര്‍വ്വം മറച്ചു വയ്ക്കുന്നുവെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ ചൂണ്ടിക്കാട്ടി.

ഒരു ലക്ഷം രൂപയ്ക്ക് മാര്‍ക്കറ്റില്‍ വിലയുള്ള ക്യാമറയ്ക്ക് 10 ലക്ഷം രൂപയാണ് ക്വോട്ട് ചെയ്തതെന്നും അതിന് കെല്‍ട്രോണ്‍ ടെണ്ടര്‍ ഉറപ്പിക്കുകയും ചെയ്തതെന്നും വീണ്ടും വീണ്ടും പറയുന്നത് ഭരണ പരിചയമുള്ള ഒരു പൊതുപ്രവര്‍ത്തകന് ചേര്‍ന്നതല്ല. വെറുമൊരു ക്യാമറ മാത്രമല്ലെന്നും നിരവധി ഘടകങ്ങള്‍ ചേരുന്ന ഒരു ക്യാമറ യൂണിറ്റാണെന്നുമുള്ള വസ്തുതയെ തമസ്‌കരിക്കുന്നു എന്നതാണ് ഈ ആരോപണത്തിലെ പ്രധാന കുതന്ത്രം. കേള്‍ക്കുന്നവരില്‍ ‘ഒരു ക്യാമറയ്ക്ക് മാത്രം ഇത്ര വിലയോ’ എന്ന സംശയം ജനിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഓപ്പണ്‍ ടെണ്ടറാണ് വിളിച്ചത്. വില കുറച്ച് ഈ ക്യാമറ നല്‍കുന്ന കമ്പനികള്‍ ഉണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് അതില്‍ പങ്കെടുത്ത് ടെണ്ടര്‍ സ്വന്തമാക്കാമായിരുന്നു. അങ്ങനെയുണ്ടായില്ല. ഈ പദ്ധതിയില്‍ ഉപയോഗിച്ചിരിക്കുന്നതിനു സമാനമായ ക്യാമറ യൂണിറ്റുകള്‍ പത്തിലൊന്നു വിലയ്ക്ക് വില്‍ക്കുന്ന കമ്പനികള്‍ ഏതെന്നു പറയാന്‍ എന്തുകൊണ്ട് ചെന്നിത്തലയും കൂട്ടരും തയ്യാറാകുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു.

പുതുതായെന്തോ പറയാനുണ്ടെന്ന് അവകാശപ്പെട്ട് വാര്‍ത്താ സമ്മേളനം സംഘടിപ്പീച്ച ചെന്നിത്തല ‘നേരത്തെ താന്‍ തന്നെ പുറത്തു വിട്ട രേഖയാണെന്നു’ പറഞ്ഞുകൊണ്ട് തന്നെ പൊളിഞ്ഞുപോയ ആരോപണങ്ങള്‍ വീണ്ടും ഉന്നയിക്കുന്ന വിരോധാഭാസമാണ് അരങ്ങേറിയത്. ഈ സമ്മേളനത്തിലൂടെ അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം എന്തെങ്കിലും വിവരം ജനങ്ങള്‍ക്ക് കൈമാറുക എന്നതായിരുന്നില്ല. മറിച്ച്, സര്‍ക്കാരിനെയും അതിനെ നയിക്കുന്ന മുഖ്യമന്ത്രിയെ വ്യക്തിപരമായും ചെളിവാരിയെറിയുക എന്നത് മാത്രമായിരുന്നു.

അങ്ങനെ ഉള്ള വില കുറഞ്ഞ അഴിമതി ആരോപണം കൊണ്ട് പരിക്കേല്‍ക്കുന്ന മുഖ്യമന്ത്രിയല്ല കേരളത്തിന്റേത് എന്ന് കഴിഞ്ഞ പതിറ്റാണ്ടുകളുടെ അനുഭവത്തില്‍ നിന്ന് ചെന്നിത്തല പഠിച്ചില്ലെങ്കില്‍ അദ്ദേഹത്തെ സഹായിക്കാന്‍ ആര്‍ക്കും കഴിയില്ല. സംസ്ഥാനത്ത് പുതുതായി വരുന്ന ഏതു പദ്ധതിയെയും ദുരാരോപണങ്ങളും വിവാദവും സൃഷ്ടിച്ച് തകര്‍ക്കാനുള്ള ഗൂഢാലോചനയില്‍ പ്രധാന കണ്ണിയായി മുന്‍ പ്രതിപക്ഷ നേതാവ് മാറുന്നത് ദൗര്‍ഭാഗ്യകരമാണ്.

ഒരു തെളിവുമില്ലാതെ അസംബന്ധങ്ങള്‍ എഴുന്നള്ളിച്ച് മുഖ്യമന്ത്രിയേയും ബന്ധുക്കളേയും വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാനുള്ള തുടര്‍ച്ചയായ നീക്കം രണ്ടാംവട്ടവും ഭരണം നഷ്ടപ്പെട്ടതുകൊണ്ടുള്ള നൈരാശ്യത്തില്‍ നിന്നുണ്ടാകുന്നതാണ്. ജനങ്ങള്‍ തിരസ്‌കരിച്ചതു കൊണ്ടാണ് ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതൃസ്ഥാനം പോലും നഷ്ടപ്പെട്ടത്. ആ യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെടാന്‍ ഇനിയെങ്കിലും അദ്ദേഹം തയാറാകണമെന്ന് എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.

Previous post പ്രമേഹം നിയന്ത്രിക്കാന്‍ ഈ സാധനങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തി നോക്കൂ
Next post കലാപശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി നിരവധി വകുപ്പുകള്‍ ഗുസ്തി താരങ്ങള്‍ക്കെതിരെ ചുമത്തി ഡല്‍ഹി പോലീസ്