എ.ഐ. ക്യാമറയുമായി ജനത്തെ പിടിച്ചുപറിക്കാനിറങ്ങി സര്‍ക്കാര്‍

കേരളത്തിലുള്ളവര്‍ നിയമ ലംഘകരാണെന്ന് മുദ്രകുത്തിയുള്ള പിരിവിനെ ബഹിഷ്‌ക്കരിച്ച് ജനം. 1000 കോടി കണ്ടെത്താന്‍ സര്‍ക്കാര്‍ വിയര്‍ക്കും

നിരത്തുകളിലെ നിയമലംഘനങ്ങള്‍ ഗണ്യമായി കുറഞ്ഞുവെന്ന ഗതാഗതമന്ത്രിയുടെ വീരവാദം സര്‍ക്കാരിന്റെ പിരിവു പേടിച്ചാണെന്ന് മന്ത്രി പുംഗവനു മാത്രം മനസ്സിലായിട്ടില്ല. നിയമലംഘകരാണ് കേരളത്തിലെ ജനങ്ങളെല്ലാമെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടതിന്റെ ജാള്യതയും മന്ത്രിക്കുണ്ട്. വരും ദിവസങ്ങളില്‍ നിയമലംഘനങ്ങള്‍ ഇനിയും കുറഞ്ഞാല്‍, എങ്ങനെ 1000 കോടി നിരത്തുകളില്‍ നിന്നും പിരിച്ചെടുക്കുമെന്ന ആശങ്കയിലാണ് സര്‍ക്കാര്‍. കേരളത്തിലെ ജനങ്ങളുടെ ജീവനും സമ്പത്തിനും സുരക്ഷ ഉറപ്പാക്കാനല്ല, ആര്‍ഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ സ്ഥാപിച്ചതെന്ന് ഏത് പൊട്ടനും അറിയാം. നിരത്തുകളില്‍ പൊലിയുന്ന ജീവനുകള്‍ക്ക് സുരക്ഷ ഒരുക്കാനാണെങ്കില്‍ ട്രാഫിക് ബോധ വത്ക്കരണം ശക്തമാക്കുകയാണ് വേണ്ടത്.

കഴിഞ്ഞദിവസം മുതല്‍ എ.ഐ ക്യാമറ വഴിയുള്ള പിരിവ് മോട്ടോര്‍ വകുപ്പ് ആരംഭിച്ചു കഴിഞ്ഞു. ആദ്യ ദിനത്തില്‍ എ.ഐ ക്യാമറ വഴി ആദ്യം ദിനം ലഭിച്ച പിഴത്തുക എത്രയാണെന്ന് മന്ത്രി വെളിപ്പെടുത്താന്‍ ഇഷ്ടപ്പെട്ടില്ലെങ്കിലും നിയമലംഘനത്തിന്റെ കണക്കുകള്‍ പറയാന്‍ ഉത്സാഹം കാട്ടിയിട്ടുണ്ട്. എ.ഐ. ക്യാമറ പ്രവര്‍ത്തനം തുടങ്ങിയ ആദ്യ ദിവസം ഗതാഗത നിയമലംഘനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞത് നല്ല സൂചനയാണെന്ന മുഖവുരയോടെയാണ് ഗതാഗത മന്ത്രി ആന്റണി രാജു നിയമലംഘന കണക്കുകള്‍ നിരത്തിയിരിക്കുന്നത്. എ.ഐ. ക്യാമറകളുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നതിനു മുന്‍പുള്ള ദിവസം 4.5 ലക്ഷവും ഉദ്ഘാടന ദിവസം 2.8 ലക്ഷവുമായിരുന്ന നിയമലംഘനങ്ങള്‍ കഴിഞ്ഞ ദിവസം വരെ 1.93 ലക്ഷമായി കുറയുകയുകയുണ്ടായി. എന്നാല്‍ പിഴ ഈടാക്കിത്തുടങ്ങിയ ദിവസം രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെ കേരളത്തില്‍ ആകെ 28,891 നിയമലംഘനങ്ങള്‍ മാത്രമാണ് ഉണ്ടായത്.

ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത് കൊല്ലം ജില്ലയിലാണ് 4,778. തിരുവനന്തപുരം 4,362, പത്തനംതിട്ട 1,177, ആലപ്പുഴ 1,288, കോട്ടയം 2,194, ഇടുക്കി 1,483, എറണാകുളം 1,889, തൃശ്ശൂര്‍ 3,995, പാലക്കാട് 1,007, മലപ്പുറം 545, കോഴിക്കോട് 1,550, വയനാട് 1,146, കണ്ണൂര്‍ 2,437, കാസര്‍ഗോഡ് 1,040 എന്നിങ്ങനെയാണ് ഇന്ന് കണ്ടെത്തിയ റോഡിലെ നിയമലംഘനങ്ങള്‍. ഇത്രയും നിയമലംഘനങ്ങള്‍ കണ്ടെത്തിയതു വഴി ലഭിച്ച തുക കൂടി പറേണ്ടതുണ്ടായിരുന്നു. എന്നാല്‍, അതുമാത്രം വിഴുങ്ങിയ മന്ത്രി കേരളത്തിലെ ജനങ്ങളുടെ നിയമ ബോധമില്ലായ്മയ്ക്ക് നല്ല പ്രചാരം നല്‍കിയിട്ടുണ്ട്. ക്യാമറ സ്ഥാപിച്ചതിനു ശേഷം ബോധവല്‍ക്കരണത്തിന് നല്‍കിയ കാലഘട്ടത്തിനേക്കാള്‍ നിയമലംഘനങ്ങള്‍ വളരെയധികം കുറഞ്ഞത് ശുഭ സൂചനയാണെന്നും മന്ത്രി പറഞ്ഞു. ഗതാഗതസുരക്ഷയെ മുന്‍നിര്‍ത്തി എല്ലാവരും വാഹന നിയമങ്ങള്‍ പാലിക്കാന്‍ ആരംഭിച്ചതിന്റെ സൂചനയാണിത്. സഹകരിച്ച പൊതുജനങ്ങള്‍ക്ക് മന്ത്രി ആന്റണി രാജു നന്ദിയും പറഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളില്‍ നിയമലംഘനങ്ങള്‍ വീണ്ടും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റോഡപകട രഹിത കേരളം സൃഷ്ടിക്കുന്നതിനുള്ള പരിശ്രമത്തിന് എല്ലാവരുടെയും സഹകരണം മന്ത്രി അഭ്യര്‍ത്ഥിച്ചു. മന്ത്രിയുടെ ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ കോള്‍മയിര്‍ കൊള്ളുന്ന ഒരു കൂട്ടരുണ്ട്. ന്യായീകരണ തൊഴിലാളികളും സൈബര്‍ പോരാളികളും. എന്ത് കരുതലാണ് സര്‍ക്കാരിന്. ജനങ്ങളെ അകമഴിഞ്ഞു സ്‌നേഹിക്കുന്ന മന്ത്രിയും മുഖ്യമന്ത്രിയും എന്നൊക്കെയുള്ള ക്യാപ്‌സ്യൂളുകളും സോഷ്യല്‍ മീഡിയകളില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. പക്ഷെ, എന്താണ് സത്യം. എന്താണ് കള്ളം. എന്നതൊക്കെ മലയാളികള്‍ക്കറിയാം.

എ.ഐ ക്യാമറ സ്ഥാപിച്ചതു വഴി അടിച്ചുമാറ്റിയ കോടികളും, കെല്‍ട്രോണിനെ പാവയാക്കിയതും, കരാറും ഉപകരാറും, ഉപകരാറില്‍ വീണ്ടും കരാറും, ആ കരാറില്‍ വീണ്ടും ഉപകരാറും നല്‍കി മുഖ്യമന്ത്രിയുടെ അടുപ്പക്കാരുടെ കമ്പനിയില്‍ പദ്ധതിയെത്തിക്കാന്‍ സര്‍ക്കസ്സിലെ ട്രിപ്പീസുകളിക്കാരുടെ മെയ് വഴക്കത്തോടെയാണ് കാര്യങ്ങള്‍, കൈകാര്യം ചെയ്തതെന്ന് കേരളം കണ്ടതാണ്. കള്ളി വെളിച്ചത്തായതോടെ എന്തെല്ലാം കള്ളങ്ങളും പൊള്ള വാക്കുകളുമാണ് ഭരണക്കാര്‍ വിളിച്ചു കൂവിയത്.

കൊള്ളയും വെട്ടിപ്പും ഒരു വഴിക്ക് നടക്കുമ്പോള്‍ എ.ഐ. ക്യാമറ സ്ഥാപിച്ച കമ്പനിക്കു കൊടുക്കേണ്ടി വരുന്ന കോടികള്‍ പിരിച്ചെടുക്കേണ്ട സമയം ആരംഭിച്ചു കഴിഞ്ഞു. വിവാദങ്ങളും ചര്‍ച്ചകളുമെല്ലാം ഇനി അതിന്റെ വഴിക്കു പോകും. പിരിവു മാത്രം തുടരും. മാസം 25 കോടിവെച്ചാണ് കമ്പിക്കു നല്‍കേണ്ടത്. ഇത് നിരത്തുകളില്‍ നിന്നുതന്നെ പിരിച്ചെടുത്തേ മതിയാകൂ. എ.ഐ. ക്യാമറ വരുന്നതിനു മുന്‍പ് നിരത്തുകളില്‍ അത്യാധുനിക ക്യാമറകള്‍ സ്ഥാപിച്ചിരുന്നതാണ്.

പോരാത്തതിന് ജംഗ്ഷനുകളിലും ഇടറോഡുകളിലും നിന്ന് പോലീസും ട്രാഫ് പോലീസും മോട്ടോര്‍ വാഹന വകുപ്പുദ്യോഗസ്ഥരും പിരിവു നടത്തിയിരുന്നു. എ.ഐ. ക്യാമറ വന്നാലും നിരത്തുകളിലെ ഈ പിരിവുകള്‍ ഇവര്‍ നിര്‍ത്താന്‍ പോകുന്നില്ലെന്നതാണ് സത്യം. 1000 കോടി സര്‍ക്കാരിനും, അതിനു പുറമേ എ.ഐ ക്യാമറ സ്ഥാപിച്ച കമ്പനിയും, കോടികള്‍ പിരിച്ചെടുത്തിട്ടേ പോകൂ എന്നുറപ്പാണ്. എല്ലാവര്‍ക്കും വീട്ടിലെ മേല്‍വിലാസത്തിലായിരിക്കും നോട്ടീസ് അയക്കുക. പതിനാലു ദിവസത്തിനുള്ളിലാണ് പിഴയടക്കേണ്ടത്.

എന്നാല്‍ തൊണ്ണൂറു ദിവസം വരെ കാത്തിരുന്ന ശേഷമേ കോടതിയെ സമീപിക്കു. പതിനഞ്ച് ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാനും സൗകര്യമുണ്ട്. എഐ ക്യാമറയുടെ പിഴ നോട്ടീസ് വന്നാല്‍ എന്ത് ചെയ്യും? അപ്പീല്‍ ഉണ്ടെങ്കില്‍ ചലഞ്ചിന് എന്ത് ചെയ്യും?. ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം എം വി ഡി നേരത്തെ തന്നെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

എ ഐ ക്യാമറ വഴിയുള്ള പിഴ ചെല്ലാനുകളെ സംബന്ധിച്ചുള്ള എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ അതാത് ജില്ലാ ആര്‍ ടി ഒ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസുമായാണ് ബന്ധപ്പെടേണ്ടതെന്നാണ് എം വി ഡി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നത്. ചെലാന്‍ ലഭിച്ച് 14 ദിവസത്തിനകം പരാതിയുണ്ടെങ്കില്‍ അപ്പീല്‍ നല്‍കണം. അപ്പീല്‍ നല്‍കുന്നതിന് രണ്ടുമാസത്തിനുള്ളില്‍ ഓണ്‍ലൈന്‍ സംവിധാനവും സജ്ജീകരിക്കും.

Leave a Reply

Your email address will not be published.

Previous post ബ്രിജ് ഭൂഷനെതിരെ പോക്‌സോ കേസ് ഇല്ല
Next post ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന എല്ലാ തീയറ്ററിലും ഒരു സീറ്റ് ഭഗവാന്‍ ഹനുമാന് റിസര്‍വ് ചെയ്യും; ഈ സീറ്റ് ആര്‍ക്കും നല്‍കില്ല