എസ്.എ.ടി ആശുപത്രിയിൽ നവജാത ശിശുക്കളുടെ തീവ്രപരിചരണത്തിന് 32 കിടക്കകൾകൂടി

തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിൽ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലെ പുതിയ കിടക്കകളടങ്ങിയ യൂണിറ്റ് ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. 32 കിടക്കകളുള്ള പുതിയ യൂണിറ്റ് കൂടി പ്രവർത്തനക്ഷമമായതോടെ തീവ്രപരിചരണ വിഭാഗത്തിലെ കിടക്കകളുടെ ആകെ എണ്ണം 50 ആയി. അത്യാധുനിക സൗകര്യങ്ങളോടെയാണു പുതിയ യൂണിറ്റ് സ്ജ്ജമാക്കിയത്.

12 കിടക്കകളുള്ള ഡയാലിസിസ് യൂണിറ്റ് എസ്.എ.ടിയിൽ ഉടൻ യാഥാർഥ്യമാകുമെന്ന് മന്ത്രി പറഞ്ഞു. ആശുപത്രിയിൽ രണ്ടു ഡയാലിസിസ് ടെക്നീഷ്യൻ തസ്തിക പുതുതായി അനുവദിച്ചിട്ടുണ്ട്. 93.86 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾക്കാണ് ആശുപത്രിയിൽ ഭരണാനുമതി ആയിട്ടുള്ളത്. കഴിഞ്ഞ വർഷം എസ്.എ.ടിയിൽ ആരംഭിച്ച പീഡിയാട്രിക് കാർഡിയോളജി സർജറി വിഭാഗത്തിൽ 50 ൽ അധികം ശസ്ത്രക്രിയകൾ വിജയകരമായി നടത്തിയതായും മന്ത്രി പറഞ്ഞു
സംസ്ഥാനത്തെ എല്ലാ ആശുപത്രികളേയും മാതൃ-ശിശു സൗഹൃദമാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്നു മന്ത്രി പറഞ്ഞു. അത്യപൂർവ്വ ജനിതക രോഗമായ സ്പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകും. ഇതനുസരിച്ച് ലഭിച്ച അപേക്ഷകരിൽ നിന്ന് 21 പേരെ തെരഞ്ഞെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

70-ാം വാർഷിക നിറവിലുള്ള തിരുവനന്തപുരം മെഡിക്കൽ കോളജിലെ വിവിധ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഇ-ഹെൽത്ത് ഓൺ ലൈൻ ലാബ് റിപ്പോർട്ടിങ്ങ്, നവീകരിച്ച പ്രവേശന കവാടം, അത്യാഹിത വിഭാഗത്തിലെ നിരീക്ഷണ ക്യാമറ സംവിധാനം എന്നിവയാണ് പുതുതായി യാഥാർഥ്യമായത്. ഇതോടെ മെഡിക്കൽ കോളജ് ലാബിലെ പരിശോധനാ ഫലം മൊബൈൽ ഫോണിൽ ലഭ്യമാകും.

Leave a Reply

Your email address will not be published.

Previous post ഡല്‍ഹിയില്‍ ആം ആദ്‍മിഎം എല്‍ എമാര്‍ക്ക് 20 കോടി രൂപ വാഗ്ദാനം ചെയ്ത് സര്‍ക്കാരിനെ അട്ടിമാറിക്കാന്‍ ബി ജെ പി ശ്രമമെന്ന് അരവിന്ദ് കെജ്രിവാള്‍
Next post വിദ്യാർഥിനി പ്രവേശനം ചരിത്ര മുഹൂർത്തം: മന്ത്രി ആന്റണി രാജു