
എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റുമായി സമ്മേളനത്തിന് എത്തണം; എസ്.എഫ്.ഐ. നേതാക്കൾക്ക് നിർദേശം
എസ്.എഫ്.ഐ. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിനെതിരേ രൂക്ഷവിമർശനം. സംസ്ഥാന സമിതി അംഗത്തിന്റെ ലഹരി ഉപയോഗത്തിനെതിരേ നടപടിയെടുത്തില്ലെന്ന് സമ്മേളന പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. കാട്ടാക്കടയിലെ ആൾമാറാട്ടത്തിൽ ഒളിവിൽ തുടരുന്ന വിശാഖ് എസ്.എഫ്.ഐയെ പ്രതിസന്ധിയിലാക്കിയെന്നും സമ്മേളനത്തിൽ വിമർശനം ഉയർന്നു.
കാട്ടാക്കടയിലെ ആൾമാറാട്ടക്കേസ് സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കി. ഇത് സംഘടനയ്ക്ക് നാണക്കേടായി. ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് ആൾമാറാട്ടം നടന്നത്. പാറശ്ശാല, വിതുര ഏരിയാ കമ്മിറ്റിയിൽനിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തിൽ വിമർശനം ഉന്നയിച്ചത്. യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിൽ പ്രതിയായ ആളെ ഏരിയ കമ്മിറ്റി സെക്രട്ടറിയാക്കിയതിലും കടുത്ത വിമർശനമുയർന്നു. നിലവിലെ ജില്ലാ സെക്രട്ടറിയുടെ പ്രായപരിധി കഴിഞ്ഞിട്ടും സ്ഥാനത്ത് തുടരാൻ അനുവദിച്ചതും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. പ്രായപരിധി ചർച്ചയായതോടെ സി.പി.എം. ജില്ലാ നേതൃത്വം വിഷയത്തിൽ ഇടപെട്ടു. സമ്മേളന പ്രതിനിധികൾ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റുമായി എത്തണമെന്ന് ജില്ലാ സെക്രട്ടറി വി. ജോയി നിർദേശം നൽകി.