
എല്ലാ അനുമതിയും കൊടുത്തത് ഗോവിന്ദന്റെ ഭാര്യ ;ആരോപണവുമായി കെ എം ഷാജി
സി.പി.എമ്മിലെ ജയരാജവിഷയത്തിൽ മുസ്ലിം ലീഗിലും പോര് കടുക്കുന്നു. വിഷയം സി.പി.എമ്മിന്റെ ആഭ്യന്തരകാര്യമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. കുഞ്ഞാലിക്കുട്ടിയെ തള്ളി കെ.പി.എ. മജീദിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ കെ.എം. ഷാജിയും യൂത്ത് ലീഗും രംഗത്ത് വന്നു. ജയരാജൻ വിവാദം സി.പി.എമ്മിന്റെ ആഭ്യന്തര കാര്യമല്ലെന്ന് ഇരുനേതാക്കളും തുറന്നുപറഞ്ഞു.
ഇ.പി. ജയരാജനെതിരേയുള്ള വിവാദങ്ങൾക്ക് പിന്നിൽ പിണറായി വിജയനാണെന്ന് പറഞ്ഞ കെ.എം. ഷാജി, ഇതിന് എല്ലാ ഒത്താശയും നൽകിയത് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയാണെന്നും കൂട്ടിച്ചേർത്തു.
‘എത്രയോ വർഷമായി കുന്നിടിക്കാൻ തുടങ്ങിയിട്ട്, കോടിക്കണക്കിന് രൂപ ഇൻവെസ്റ്റ് ചെയ്യാൻ തുടങ്ങിയിട്ട്. അതിന് എല്ലാ അനുമതിയും കൊടുത്തത് സി.പി.എമ്മിന്റെ ഇപ്പോഴത്തെ ജനറൽ സെക്രട്ടറി ഗോവിന്ദൻ മാഷിന്റെ ഭാര്യയാണ്. ഇ.പിയുടെ ചിറകരിയാൻ പിണറായി വിജയൻ മൂലക്കിരുത്തിയ പി ജയരാജനെ കൊണ്ടുവന്നിരിക്കുന്നു. എന്നിട്ട് പി ജയരാജൻ പുതിയ കണ്ടുപിടിത്തം പോലെ പഴയ പരാതി പുതിയതാക്കി കൊണ്ടുവന്നിരിക്കുന്നു. പിണറായി വിജയന് പറ്റാതായാൽ ഇതാണ് എല്ലാവരുടേയും സ്ഥിതി. അത് പിണറായിയുടെ ശൈലിയാണ്’ കെ.എം. ഷാജി പറഞ്ഞു.