
എതിർപ്പുകൾക്കൊടുവിൽ യുവാൻ വാംഗ് 5 ചൈനീസ് ചാരകപ്പൽ ശ്രീലങ്കൻ തുറമുഖത്തെത്തി
കൊളംബോ: ഇന്ത്യയുടെ എതിർപ്പുകൾ മറികടന്ന് ചൈനീസ് ചാരക്കപ്പൽ യുവാൻ വാംഗ് 5 ശ്രീലങ്കൻ തുറമുഖത്ത് എത്തി. ഇന്ന് രാവിലെ തുറമുഖത്തെത്തിയ കപ്പൽ ഹമ്പൻടോട്ട തുറമുഖത്താണ് നങ്കൂരമിടുന്നത്.
ഈ മാസം 22 വരെ തുറമുഖത്ത് നങ്കൂരമിടാൻ ശ്രീലങ്കൻ സർക്കാർ അനുമതി നൽകി. ഈ മാസം 11 ന് ശ്രീലങ്കൻ തുറമുഖത്ത് എത്തേണ്ടിയിരുന്ന കപ്പൽ ഇന്ത്യയും അമേരിക്കയും എതിർത്തതിനാലാണ് എത്താൻ വൈകിയത്. ഇപ്പോൾ ഈ എതിർപ്പുകളെല്ലാം മറികടന്നാണ് കപ്പൽ ശ്രീലങ്കൻ തീരത്ത് എത്തിയത്.
ഇന്ത്യയുടെ സുരക്ഷയെ കണക്കിലെടുത്ത് ചൈനീസ് കപ്പൽ ശ്രീലങ്കൻ തുറമുഖത്ത് അടുപ്പിക്കരുത് എന്ന ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ധനം നിറക്കാൻ വേണ്ടി ശ്രീലങ്കൻ തീരത്ത് എത്തിയതെന്നാണ് ചൈനീസ് സർക്കാരിന്റെ വാദം. യുവാൻ വാംഗ് 5 എന്ന ചാരക്കപ്പൽ ബാലിസ്റ്റിക് മിസൈലുകളെയും സാറ്റ്ലൈറ്റുകളെയും നിരീക്ഷിക്കാൻ ശേഷിയുള്ളതാണ്. 750 കിലോമീറ്റര്‍ പരിധി വരെ സിഗ്‌നലുകള്‍ പിടിച്ചെടുക്കാന്‍ കപ്പലിന് സാധിക്കുമെന്നത് ഇന്ത്യയുടെ ആശങ്ക വർധിപ്പിക്കുന്നു.
ഹന്പൻടോട്ടയ്ക്ക് 600 നോട്ടിക്കൽ മൈൽ അകലെ ഏതാനും ദിവസമായി കപ്പൽ നങ്കൂരമിട്ടിരിക്കുകയായിരുന്നു. ആയതിനാൽ ഈ ചാരകപ്പലിന് ശ്രീലങ്ക പ്രവേശനാനുമതി നൽകിയതോടെയാണ് കപ്പൽ തുറമുഖത്തെത്തിയത്. രാജ്യത്തിൻറെ സുരക്ഷ പരിഗണിച്ച് കപ്പലിന്റെ നീക്കങ്ങൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
