
എട്ടുവർഷത്തിനിടെ യമുനയിലെ മലിനീകരണം ഇരട്ടിച്ചു
നദി ഡൽഹിയിൽ പ്രവേശിക്കുന്ന പല്ലയിൽ ബയോളജിക്കൽ ഓക്സിജൻ ഡിമാൻഡിന്റെ (ബി.ഒ.ഡി) അളവ് 2014 മുതൽ അനുവദനീയമായ പരിധിയായ ലിറ്ററിന് രണ്ടുമില്ലിഗ്രാം എന്ന പരിധിക്കുള്ളിൽ തുടരുന്നുണ്ട്.
എട്ടുവർഷത്തിനിടെ യമുനാനദിയുടെ മലിനീകരണം ഇരട്ടിച്ചുവെന്ന് പഠനങ്ങൾ. ഡൽഹി മലിനീകരണ നിയന്ത്രണ സമിതിയുടെ റിപ്പോർട്ടിലാണിത്.
യമുനയിലെ മലിനീകരണം സംബന്ധിച്ച് ഡി.പി.സി.സി.യും ഡൽഹി ജല ബോർഡും ശനിയാഴ്ച ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേനയ്ക്ക് നൽകിയ റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. നദി ഡൽഹിയിൽ പ്രവേശിക്കുന്ന പല്ലയിൽ ബയോളജിക്കൽ ഓക്സിജൻ ഡിമാൻഡിന്റെ (ബി.ഒ.ഡി) അളവ് 2014 മുതൽ അനുവദനീയമായ പരിധിയായ ലിറ്ററിന് രണ്ടുമില്ലിഗ്രാം എന്ന പരിധിക്കുള്ളിൽ തുടരുന്നുണ്ട്.
ജലാശയത്തിൽ അടങ്ങിയിരിക്കുന്ന ജൈവവസ്തുക്കളെ വിഘടിപ്പിക്കാൻ എയ്‌റോബിക് സൂക്ഷ്മാണുക്കൾക്ക് ആവശ്യമായ ഓക്‌സിജന്റെ അളവാണ് ബി.ഒ.ഡി. എന്നാൽ, മറ്റു സ്ഥലങ്ങളിൽ സ്ഥിതി വിപരീതമാണ്. നദിയുടെ ഡൽഹി-ഉത്തർപ്രദേശ് അതിർത്തിയിലെ ഓഖ്ല ബാരേജിൽ ബി.ഒ.ഡി.യുടെ അളവ് 2014-ലെ ലിറ്ററിൽ 32 മില്ലിഗ്രാമിൽ എന്നതിൽനിന്ന് 2023-ൽ 56 മില്ലിഗ്രാമായി ഉയർന്നതായി കണക്കുകൾ പറയുന്നു. പല്ല, വസീറാബാദ്, ഐ.എസ്.ബി.ടി. പാലം, ഐ.ടി.ഒ., നിസാമുദ്ദീൻ, ആഗ്രാ കനാൽ, ഓഖ്‌ല ബാരേജ്, അസ്ഗർപൂർ എന്നിവിടങ്ങളിൽ എല്ലാ മാസവും ഡി.പി.സി.സി. നദീജല സാമ്പിളുകൾ ശേഖരിക്കുന്നു. എന്നാൽ, കെജ്‌രിവാൾ സർക്കാരിന്റെ കഴിഞ്ഞ എട്ടുവർഷത്തിനിടെ നദിയിലെ മലിനീകരണഭാരം ഇരട്ടിയായതായി വൃത്തങ്ങൾ പറഞ്ഞു.
സുപ്രീം കോടതിയുടെയും ദേശീയ ഹരിത ട്രിബ്യൂണലിന്റെയും നിരന്തരമായ നിർദേശങ്ങളും നിരീക്ഷണങ്ങളും അവഗണിച്ച് നജഫ്ഗഡ് ഡ്രെയിനിൽനിന്നുള്ള മലിനീകരണം പരിശോധിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതാണ് മലിനീകരണം ക്രമാതീതമായി വർധിക്കാൻ കാരണം. യമുനയിലേക്ക് ഒഴുക്കിവിടുന്ന മലിനജലത്തിന്റെ 68.71 ശതമാനവും നജഫ്ഗഡ് ഡ്രെയിനിലാണ്. ഷഹ്ദാര ഡ്രെയിനാണ് രണ്ടാമത്തെ വലിയ യമുനാജല മലിനീകരണ കാരണം- 10.90 ശതമാനം.
മലിനജലപ്ലാന്റുകളിൽ മാനദണ്ഡം പാലിക്കുന്നില്ല
ഡൽഹിയിലെ 35 മലിനജല ശുദ്ധീകരണപ്ലാന്റുകളിൽ (എസ്.ടി.പി) ഒമ്പതെണ്ണം മാത്രമാണ് മലിനീകരണനിയന്ത്രണസമിതിയുടെ മാനദണ്ഡം പാലിക്കുന്നതെന്ന് വൃത്തങ്ങൾ പറഞ്ഞു.ഡൽഹി ഒരുദിവസം 768 ദശലക്ഷം ഗാലൻ മലിനജലം ഉത്പാദിപ്പിക്കുന്നു, ഇത് എസ്.ടി.പി.കളിൽ ശുദ്ധീകരിക്കുന്നു. ഈ എസ്.ടി.പി.കൾ അവയുടെ സ്ഥാപിതശേഷിയുടെ 69 ശതമാനംമാത്രമാണ് പ്രവർത്തിക്കുന്നത്. അതിനാൽ പ്രതിദിനം 365 എം.ജി.ഡി. മലിനജലം ശുദ്ധീകരിക്കുന്നു.