എകെജി സെന്റര്‍ ആക്രമണം; മുഖ്യമന്ത്രിക്ക് മറുപടിയില്ലെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: എ കെ ജി സെന്റർ ആക്രമണത്തിൽ പൊലീസും കൂട്ട് നിന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എകെജി സെന്‍റര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്ന് വി ഡി സതീശന്‍ ആരോപിച്ചു. സംഭവത്തില്‍ പൊലീസിനും പങ്കുണ്ട്. പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം തള്ളിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എ കെ ജി സെന്റർ ആക്രമണത്തിൽ കോൺഗ്രസിന് ബന്ധമില്ലെന്ന് ചർച്ചയിലൂടെ
തെളിയിക്കാൻ സാധിച്ചു. ജീവിത വിശുദ്ധിയെ കുറിച്ച് ചർച്ച ചെയ്യാനല്ല ഞങ്ങൾ അടിയന്തരപ്രമേയം കൊണ്ടുവന്നത്. പ്രതിപക്ഷ ആരോപണങ്ങളില്‍ മുഖ്യമന്ത്രിക്ക് മുറപടിയില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. സിപിഐഎം കലാപ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും ക്രിമിനലുകളെ കൊണ്ട് അക്രമം നടത്തുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

എ കെ ജി സെന്റര്‍ ആക്രമണം നടക്കുന്നതിന് തലേദിവസം അതേ സമയത്ത് പൊലീസ് ജീപ്പ് എകെജി സെന്റര്‍ പരിസരത്തുണ്ടായിരുന്നെന്നും ആക്രമണം നടക്കുമ്പോള്‍ ഇതേ ജീപ്പ് ആരാണ് മാറ്റിയതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ചില വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് എകെജി സെന്റര്‍ ആക്രമണത്തെ സിപിഐഎം പ്രവര്‍ത്തകര്‍ ആഘോഷമാക്കുന്നത്. ഭരണപക്ഷത്തിന് വല്ലാത്ത ഭീതിയാണെന്നും പ്രതിപക്ഷ നേതാവ് നിയമസഭയില്‍ പറഞ്ഞിരുന്നു.

രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിക്കപ്പെട്ട പശ്ചാത്തലത്തില്‍ എഡിജിപി മനോജ് എബ്രഹാം എത്തുന്നതിന് മുന്‍പ് തന്നെ ഗാന്ധി പ്രതിമ തകര്‍ത്തത് എസ്എഫ്‌ഐ അല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിന്നെ എങ്ങനെ മനോജ് എബ്രഹാമിന് മറിച്ചൊരു റിപ്പോര്‍ട്ട് നല്‍കാന്‍ സാധിക്കും? പൊലീസില്‍ നിന്ന് ഇത്തരമൊരു റിപ്പോര്‍ട്ട് വാങ്ങി ആ കുറ്റം ഞങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രിയും ഓഫിസും തൊടുന്നതെല്ലാം ഇപ്പോള്‍ പാളിപ്പോകുകയാണ്. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചേ തീരൂവെന്ന് അദ്ദേഹം നിയമസഭയിൽ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published.

Previous post എകെജി സെന്റര്‍ ആക്രമണം ആസൂത്രിതം: മുഖ്യമന്ത്രി
Next post സമൂഹമാധ്യമ വിചാരണയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി ജഡ്ജി