
ഉത്ര വധകേസിൽ വിസ്താരം തുടങ്ങി, സഹോദരനെ വിസ്തരിച്ചു
അഞ്ചൽ ഉത്ര വധക്കേസുമായി ബന്ധപ്പെട്ടുള്ള സ്ത്രീധനപീഡനക്കേസിൽ സാക്ഷിവിസ്താരം പുനലൂർ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി(ഒന്ന്)യിൽ തുടങ്ങി. ഒന്നാംസാക്ഷിയും ഉത്രയുടെ സഹോദരനുമായ വിഷുവിനെ ബുധനാഴ്ച വിസ്തരിച്ചു. രണ്ടാംസാക്ഷി, ഉത്രയുടെ അച്ഛൻ വിജയസേനനെ അടുത്തമാസം 11-ന് വിസ്തരിക്കും.
ബുധനാഴ്ച 12.30-ഓടെ ആരംഭിച്ച ഒന്നാംസാക്ഷിയുടെ വിസ്താരം വൈകീട്ട് അഞ്ചേകാലോടെയാണ് പൂർത്തിയായത്. ഉത്രയുടെ മരണം സംബന്ധിച്ച് അഞ്ചൽ പോലീസ് സ്റ്റേഷനിൽ ആദ്യം മൊഴികൊടുത്തത് താനാണെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതെന്നും വിഷു പറഞ്ഞു.
പണമാവശ്യപ്പെട്ട് ഭർത്താവിന്റെ വീട്ടിൽ ഉത്ര പീഡിപ്പിക്കപ്പെട്ടിരുന്നെന്ന് വിഷു മൊഴി നൽകി. വിവാഹത്തിനുശേഷവും പ്രതിമാസം 8,000 രൂപവീതം നൽകിയിരുന്നെന്നും വിഷു പറഞ്ഞു. എന്നാൽ മൊഴിയിൽ പലതും സാക്ഷിക്ക് കേട്ടറിവുമാത്രമല്ലേയെന്ന് പ്രതിഭാഗം അഭിഭാഷകൻ ചോദിച്ചു.
ഉത്രയുടെ ഭർത്താവും ഒന്നാംപ്രതിയുമായ സൂരജ് എസ്.കുമാർ, രണ്ടാംപ്രതി അച്ഛൻ സുരേന്ദ്രപ്പണിക്കർ, മൂന്നാംപ്രതി അമ്മ രേണുക, നാലാംപ്രതി സഹോദരി സൂര്യ എന്നിവർ ഹാജരായിരുന്നു. ഉത്രയെ മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്നെന്ന കേസിൽ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന സൂരജിനെ തിരുവനന്തപുരം സെൻട്രൽ ജെയിലിൽനിന്നാണ് കോടതിയിൽ ഹാജരാക്കിയത്.
2020-ൽ അഞ്ചൽ പോലീസ് രജിസ്റ്റർ ചെയ്ത കേസാണിത്. ഉത്രയെ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചു, വിശ്വാസവഞ്ചന നടത്തി, തെളിവു നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് കുറ്റപത്രത്തിൽ ചുമത്തിയിരുന്നത്. ഇതോടൊപ്പം സ്ത്രീധനനിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾകൂടി ചേർത്തശേഷമാണ് കഴിഞ്ഞദിവസം വിചാരണ ആരംഭിച്ചത്. മജിസ്‌ട്രേറ്റ് അമ്പിളി ചന്ദ്രനാണ് വാദം കേട്ടത്. വാദിഭാഗത്തിനുവേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ടി.സിബ്‌ദാസും പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകനായ ടി.അനീസും ഹാജരായി.
അഞ്ചൽ ഏറം വിഷുവിൽ വിജയസേനന്റെയും മണിമേഖലയുടെയും മകൾ ഉത്ര (25) 2020 മേയ് ആറിനാണ് വീട്ടിൽ പാമ്പുകടിയേറ്റു മരിച്ചത്. ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്നതാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ ഭർത്താവ് സൂരജ് എസ്.കുമാർ ജയിൽശിക്ഷ അനുഭവിക്കുകയാണ്. ഈ കൊലക്കേസിനോടനുബന്ധിച്ചാണ് സ്ത്രീധനപീഡനക്കേസും പോലീസ് രജിസ്റ്റർ ചെയ്തിരുന്നത്.