ഈ വര്‍ഷം 6500 ഓളം കോടീശ്വരന്മാര്‍ ഇന്ത്യവിടുമെന്ന് റിപ്പോര്‍ട്ട്; കൂടുതൽ കുടിയേറ്റം ദുബായിലേക്ക്

ഇന്ത്യയിലെ 6500 ഓളം കോടീശ്വരന്‍മാര്‍ ഈ വര്‍ഷം മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുമെന്ന് റിപ്പോര്‍ട്ട്. ലോകമെമ്പാടുമുള്ള നിക്ഷേപ കുടിയേറ്റങ്ങ പ്രവണതകള്‍ സംബന്ധിച്ച് പഠനം നടത്തുന്ന ഹെന്‍ലി പ്രൈവറ്റ് വെല്‍ത്ത് മൈഗ്രേഷന്‍ റിപ്പോര്‍ട്ട് 2023-ലാണ് ഇക്കാര്യം പറയുന്നത്.

കോടീശ്വരന്‍മാരെ നഷ്ടമാകുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ചൈനയാണുള്ളത്. 13500 ഓളം കോടീശ്വരന്‍മാരെ ചൈനയ്ക്ക് നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യക്കാണ് രണ്ടാം സ്ഥാനം. എന്നാൽ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഇന്ത്യയുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 7500 ഓളം കോടീശ്വരന്‍മാരെ ഇന്ത്യക്ക് നഷ്ടപ്പെടുമെന്നായിരുന്നു റിപ്പോര്‍ട്ട്.

അതേസമയം 6500 ഓളം സമ്പന്നര്‍ രാജ്യം വിട്ടാലും ഇന്ത്യക്ക് പ്രശ്‌നമുണ്ടാകില്ലെന്നും അതിലും കൂടുതല്‍ പുതിയ സമ്പന്നരെ ഇന്ത്യ സൃഷ്ടിക്കുന്നുണ്ടെന്നുമാണ് ന്യൂ വേള്‍ഡ് വെല്‍ത്ത് പോയിന്റ് ഗവേഷക മേധാവി ആന്‍ഡ്രൂ അമോയില്‍സ് പറയുന്നത്. ഒരു ദശലക്ഷം ഡോളറോ അതില്‍ കൂടുതലോ നിക്ഷേപിക്കാന്‍ സാധിക്കുന്നവരെയാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നികുതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും സങ്കീര്‍ണ്ണമായ നിയമങ്ങളുമാണ് ഇന്ത്യയില്‍ നിന്ന് സമ്പന്ന കുടിയേറ്റം വര്‍ധിക്കുന്നതിന് കാരണമെന്നാണ് പഠനത്തിന്റെ ഭാഗമായവര്‍ പറയുന്നത്.

ഇന്ത്യന്‍ സമ്പന്ന കുടുംബങ്ങള്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് ദുബായിലേക്കും സിംഗപ്പൂരിലേക്കും കുടിയേറ്റം നടത്താനാണ്. ഗോള്‍ഡന്‍ വിസ പദ്ധതി, അനുകൂലമായ നികുതി അന്തരീക്ഷം, മികച്ച ബിസിനസ്സ് ആവാസവ്യവസ്ഥ, സുരക്ഷിതവും സമാധാനപരവുമായ അന്തരീക്ഷം തുടങ്ങിയ ഘടകങ്ങളാണ് ഈ രാജ്യങ്ങളിലേക്ക് കുടിയേറ്റത്തിനുള്ള മുഖ്യ ആകര്‍ഷണം. ലോക സമ്പന്നര്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വരിക ഓസ്‌ട്രേലിയയിലേക്കാകുമെന്നാണ് പറയുന്നത്. 5200 ത്തോളം കോടീശ്വരന്‍മാര്‍ ഈ വര്‍ഷം ഓസ്‌ട്രേലിയയിലേക്ക് കുടിയേറും.

കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് എണ്ണം സമ്പന്നർ വന്ന യുഎഇയിലക്ക് ഈ വര്‍ഷം 4500 പുതിയ കോടീശ്വരന്‍മാര്‍ എത്തിയേക്കും. സിംഗപ്പൂരിലേക്ക് 3200 ഉം യുഎസിലേക്ക് 2100 സമ്പന്നരേയും ഈ വര്‍ഷം പ്രതീക്ഷിക്കുന്നു. സ്വിറ്റ്‌സര്‍ലന്‍ഡ്, കാനഡ, ഗ്രീസ്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ന്യൂസിലന്‍ഡ് എന്നിവയാണ് ഏറ്റവും കൂടുതല്‍ സമ്പന്നര്‍ കുടിയേറുന്ന ആദ്യ പത്ത് മറ്റു രാജ്യങ്ങൾ.

Leave a Reply

Your email address will not be published.

Previous post പട്ടാപ്പകൽ മത്സരയോട്ടം; പനമ്പള്ളി നഗറിൽ പാലത്തിലിടിച്ച് കാർ കത്തി നശിച്ചു
Next post എഴുപത്തിയെട്ട് ലക്ഷം രൂപയുടെ കൊക്കൈയിനുമായി തെലുങ്ക് സിനിമാ നിർമാതാവ് പിടിയിൽ