ഈ മാസം വിരമിക്കുന്നത് പതിനായിരത്തോളം ജീവനക്കാര്‍; ബാധ്യത നേരിടാന്‍ സര്‍ക്കാര്‍ 2000 കോടി കടമെടുത്തേക്കും

സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന സര്‍ക്കാരിന് വന്‍ ബാധ്യതയായി ജീവനക്കാരുടെ കൂട്ടപിരിച്ചുവിടല്‍. പതിനായിരത്തോളം പേരാണ് ഈ മാസം ജോലിയില്‍ നിന്നും വിരമിക്കുന്നത്. ഈ വര്‍ഷം ആകെ വിരമിക്കുന്ന 21,537 പേരില്‍ പകുതിയോളം ആളുകളും ഈ മാസമാണ് വിരമിക്കുന്നത്. ഇതുമൂലം 1,000 കോടിയിലേറെ രൂപയാണ് വിരമിക്കല്‍ ആനുകൂല്യമായി ഒറ്റയടിക്ക് സര്‍ക്കാര്‍ നല്‍കേണ്ടി വരുന്നത്.

ഇതുംകൂടി പരിഗണിച്ച് ജൂണില്‍ പൊതുവിപണിയില്‍നിന്നു 2,000 കോടി രൂപയെങ്കിലും സര്‍ക്കാര്‍ കടമെടുത്തേക്കും. 25 ലക്ഷം രൂപയ്ക്കു മുകളിലുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണമെന്ന നിബന്ധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജൂണില്‍ സ്‌കൂള്‍ പ്രവേശനം നേടാനായി മേയില്‍ ജനനത്തീയതി മാറ്റിയെഴുതുന്ന രീതി ആദ്യകാലത്ത് ഉണ്ടായിരുന്നത് കൊണ്ടാണ് ഈ മാസം കൂട്ടവിരമിക്കല്‍ വന്നത്.

തസ്തിക പ്രകാരം 15 മുതല്‍ 80 ലക്ഷം രൂപ വരെയാണ് ഓരോ ജീവനക്കാര്‍ക്കും വിരമിക്കല്‍ ആനുകൂല്യമായി നല്‍കേണ്ടിവരിക. ഗ്രാറ്റുവിറ്റി, ടെര്‍മിനല്‍ സറണ്ടര്‍, പെന്‍ഷന്‍ കമ്യൂട്ടേഷന്‍, പിഎഫ്, സ്റ്റേറ്റ് ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രൂപ്പ് ഇന്‍ഷുറന്‍സ് എന്നിവയാണ് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍. എത്ര സാമ്പത്തികപ്രതിസന്ധിയുണ്ടെങ്കിലും പെന്‍ഷന്‍ ആനൂകൂല്യങ്ങള്‍ സര്‍ക്കാര്‍ തടഞ്ഞുവെക്കാറില്ല.

എന്നാല്‍ വിരമിക്കലിനെ തുടര്‍ന്നുണ്ടാകുന്ന പതിനായിരത്തോളം ഒഴിവുകള്‍ നികത്താന്‍ സര്‍ക്കാര്‍ കാര്യമായ ഇടപെടല്‍ നടത്തുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. മറ്റന്നാള്‍ സ്‌കൂള്‍ തുറക്കുമ്പോള്‍ പലയിടത്തും വിരമിച്ചവര്‍ക്കു പകരമായി താല്‍ക്കാലിക അധ്യാപകരെയാണു നിയമിക്കുന്നത്. ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാത്തതാണു കാരണം. ഇതു കാരണം ഒട്ടേറെപ്പേരാണ് റാങ്ക് പട്ടികയുടെ കാലാവധി പൂര്‍ത്തിയാകും മുന്‍പ് ജോലിയില്‍ കയറാനാകാതെ തള്ളപ്പെടുന്നത്

Leave a Reply

Your email address will not be published.

Previous post കെട്ടിയിട്ട ശേഷം മുളകുപൊടി വിതറി; പട്ടാപ്പകല്‍ വീട്ടില്‍ നിന്ന് 35 ലക്ഷം കവര്‍ന്ന് മുഖംമൂടി സംഘം
Next post അരിക്കൊമ്പന്റെ അക്രമണത്തില്‍ പരിക്കേറ്റ കമ്പം സ്വദേശി മരിച്ചു