ഇ.പി ജയരാജനെതിരായ കേസ് എഴുതിത്തള്ളാൻ പോലീസ് നീക്കം; എതിർപ്പുണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്ന് നോട്ടീസ്

ഇൻഡിഗോ വിമാനത്തിനുള്ളിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരെ എടുത്ത കേസ് എഴുതിത്തള്ളാൻ പൊലീസ് നീക്കം. സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ചവരെ മർദിച്ച ഇ.പി.ജയരാജനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാക്കളായ ഫർസീൻ മജീദ്, നവീൻകുമാർ എന്നിവരാണ് കോടതിയെ സമീപിച്ചത്. കോടതിയുടെ നിർദേശപ്രകാരമാണ് ജയരാജിനെതിരെ വലിയതുറ പൊലീസ് കേസെടുത്തത്.

എന്നാൽ യൂത്ത് കോൺഗ്രസ് നേതാക്കളുടെ പരാതി കളവാണെന്നാണ് വലിയതുറ പൊലീസ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്. വലിയതുറ പൊലീസ് കണ്ണൂരിലെത്തി പരാതിക്കാർക്ക് നോട്ടിസ് കൈമാറി. പൊലീസ് റിപ്പോർട്ടിൽ പരാതിയുണ്ടെങ്കിൽ ഒരാഴ്ചയ്ക്കകം കോടതിയെ സമീപിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസിന്റെ പരാതിയിൽ മുഖ്യമന്ത്രിയുടെ പഴ്സണൽ സ്റ്റാഫുകളായ അനിൽ കുമാർ, വി.എം.സുനീഷ് എന്നിവർക്കെതിരെയും കേസെടുത്തിരുന്നു. പരാതി നൽകിയെങ്കിലും പൊലീസ് കേസെടുക്കാത്തതിനെ തുടർന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിച്ചത്

2022 ജൂണിലാണ് ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടന്നത്. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി നവീൻ കുമാർ, യൂത്ത് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം സെക്രട്ടറി സുനിത്ത് എന്നിവരാണ് പ്രതിഷേധിച്ചത്. കണ്ണൂരിൽനിന്നു വിമാനം തിരുവനന്തപുരത്ത് ലാൻഡ് ചെയ്തപ്പോൾ കറുത്ത വസ്ത്രമണിഞ്ഞ യൂത്ത് കോൺഗ്രസ് നേതാക്കൾ മുദ്രാവാക്യം വിളിച്ച് മുഖ്യമന്ത്രിക്ക് അടുത്തേക്ക് വരുന്നതിനിടെ മുഖ്യമന്ത്രിയുടെ മുന്നിലുണ്ടായിരുന്ന ഇ.പി.ജയരാജൻ പ്രതിഷേധിച്ച ഒരാളെ നിലത്തേക്കു തള്ളിയിട്ടു.

പിന്നീട് പൊലീസെത്തി യൂത്ത് കോൺഗ്രസുകാരെ അറസ്റ്റു ചെയ്തു. വധശ്രമം, ഓദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, കുറ്റക്കരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയിൽ അക്രമം കാട്ടൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തത്. വിമാന കമ്പനിക്കെതിരെ പ്രതിഷേധിച്ച ഇ.പി.ജയരാജൻ ഇൻഡിഗോയിലെ ഇനി യാത്ര ചെയ്യില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published.

Previous post തദ്ദേശ സ്ഥാപന ഓഫീസുകളില്‍ വ്യാപക പരിശോധന<br>അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അടക്കം അഞ്ച് പേരെ സസ്‌പെൻഡ് ചെയ്തു
Next post മൂന്നംഗ കുടുംബം തൃശൂരിലെ ലോഡ്ജില്‍ മരിച്ച നിലയില്‍, സമീപത്ത് ആത്മഹത്യാക്കുറിപ്പും