
‘ഇസ്രായേലിൽ കൂലിപ്പണിക്ക് പോലും ദിവസം 15,000 രൂപ ലഭിക്കും’; ബിജു മുങ്ങിയത് കൃത്യമായ ആസൂത്രണത്തിന് ശേഷം
ഇസ്രായേലിലെ കൃഷിരീതികൾ പഠിക്കാൻ സംസ്ഥാനത്തുനിന്ന് പോയ കർഷക സംഘത്തിൽ നിന്ന് മുങ്ങിയ ബിജു കുര്യനെ മടങ്ങുന്നതിന്റെ തൊട്ടുതലേന്നാണ് കാണാതായതെന്ന് കൂടെ ഉണ്ടായിരുന്നവർ. ആസൂത്രണം ചെയ്താണ് ബിജു കുര്യൻ സംഘത്തിൽ നിന്ന് മുങ്ങിയതെന്ന് സഹയാത്രികർ പറയുന്നു. ഇസ്രായേലിൽ ശുചീകരണ ജോലി ചെയ്താൽ തന്നെ ദിവസം 15,000 രൂപ ലഭിക്കും. കൃഷിപ്പണിക്ക് ഇരട്ടിയാണ് കൂലിയെന്നും ബിജു ഒപ്പമുള്ളവരോട് പറഞ്ഞിരുന്നു. ഇതെല്ലാമറിഞ്ഞ് വളരെ ആസൂത്രിതമായാണ് ബിജു മുങ്ങിയതെന്ന് സഹയാത്രികനായ സുജിത് മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ ഇസ്രായേലിൽ തങ്ങുക എന്ന ലക്ഷ്യത്തോടെ വളരെ മുന്നൊരുക്കത്തോടെയും ആസൂത്രണത്തോടെയുമാണ് ബിജു സംഘത്തിനൊപ്പം ചേർന്നതെന്നാണ് അധികൃതരുടെ നിഗമനം.