
ഇന്ത്യൻ ഓഹരി വിപണിയിൽ ചരിത്രം കുറിച്ച് ഒരു മലയാളിയുടെ കമ്പനി; എം ആർ എഫിന്റെ അദ്ഭുതകരമായ നേട്ടം, കുറിപ്പ്
ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിൽ ആദ്യമായി ഒരു കമ്പനിയുടെ ഓഹരി വില ആറക്കം അതായത് ഒരു ലക്ഷം രൂപ കടന്നു. അത് ഒരു മലയാളിയുടെ കമ്പനിയാണെന്ന് പറയുകയാണ് ബൈജു സ്വാമി തന്റെ കുറിപ്പിൽ.
‘ഇന്ത്യൻ ടയർ വിപണിയിലെ ഏറ്റവും വലിയ കമ്പനിയായ എം ആർ എഫ് ഒരു അദ്ഭുതകരമായ നേട്ടം ആണെന്ന് പറയാതെ വയ്യ. ഇന്ന് എം ആർ എഫ് ന്റെ വില ഒരു ലക്ഷം രൂപ കടന്നു. ഓഹരി വില കൊണ്ട് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണിത്. എങ്കിലും എം ആർ എഫ് ന്റെ വിപണി മൂല്യം 42000 കോടി ആണ് എന്നത് ശ്രദ്ധിക്കുക.’ അദ്ദേഹം എഴുതുന്നു.
കുറിപ്പ് പൂർണരൂപം
ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിൽ ഇന്ന് ആദ്യമായി ഒരു കമ്പനിയുടെ ഓഹരി വില ആറക്കം അതായത് ഒരു ലക്ഷം രൂപ കടന്നു. അത് ഒരു മലയാളിയുടെ കമ്പനിയാണെന്നത് വിധിയുടെ വിളയാട്ടം എന്ന് മാത്രമേ പറയാനാകൂ. കാരണം ഇരുനൂറ് വർഷം പഴക്കമുള്ള ഇന്ത്യൻ മൂലധന വിപണിയിൽ കൊളോണിയലിസത്തിന് കാരണ ഭൂതമായ കേരള മണ്ണിൽ നിന്ന് വിജയിച്ചതും ഇന്ത്യൻ കമ്പനികളിൽ മുൻ നിരയിൽ നിൽക്കുന്ന കമ്പനികൾ അധികം ഉണ്ടായിട്ടില്ല എന്നത് തന്നെ. ലോകത്തിലെ ഏറ്റവും വലിയതെന്ന് കരുതപ്പെടുന്ന നിധിശേഖരവും ഏറ്റവും മികച്ച മലഞ്ചരക്കും കയറും കശുവണ്ടിയും നല്ല തൊഴിലാളികളും എല്ലാം ഉണ്ടായിട്ടും കേരളത്തിൽ മൂലധന നേട്ടം ഉണ്ടാക്കി ഷെയർ ഹോൾഡർക്ക് ലാഭമുണ്ടാക്കി നൽകിയ ഒരു മാനുഫാക്ച്ചറിങ് എന്റിറ്റി ഉണ്ടായില്ല എന്നത് അത്ഭുതകരമാണ്.
ആ പശ്ചാത്തലത്തിൽ നോക്കുമ്പോൾ ഇന്ത്യൻ ടയർ വിപണിയിലെ ഏറ്റവും വലിയ കമ്പനിയായ എം ആർ എഫ് ഒരു അദ്ഭുതകരമായ നേട്ടം ആണെന്ന് പറയാതെ വയ്യ. ഇന്ന് എം ആർ എഫ് ന്റെ വില ഒരു ലക്ഷം രൂപ കടന്നു. ഓഹരി വില കൊണ്ട് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണിത്. എങ്കിലും എം ആർ എഫ് ന്റെ വിപണി മൂല്യം 42000 കോടി ആണ് എന്നത് ശ്രദ്ധിക്കുക.
എം ആർ എഫ് എന്ന കമ്പനി ഉണ്ടായത് 1946 ൽ തിരുവിതാംകൂർ ദിവാൻ പിടികൂടുമെന്നായപ്പോൾ മാമ്മൻ മാപ്പിള ചെന്നൈയിൽ തിരുവട്ടിയൂർ വാടക ഷെഡിൽ അയ്യായിരം രൂപ മുടക്കി ഒരു ബലൂൺ ഫാക്ടറിയിൽ നിന്നാണ്. 1961 ആ ബലൂൺ ഫാക്ടറിയിൽ അമേരിക്കയിലെ ഒഹായോ ആസ്ഥാനമായ മാൻസ്ഫീൽഡ് ടയർ കമ്പനി 25 ലക്ഷം രൂപ മുടക്കി ടയർ നിർമാണം തുടങ്ങി. അവിടെ നിന്ന് തുടങ്ങിയ ജൈത്രയാത്ര ഇന്ന് എം ആർ എഫ് എന്ന പടുകൂറ്റൻ ടയർ കമ്പനിയിൽ എത്തി നില്കുന്നു. രസകരമായ വസ്‌തുത മാൻസ്ഫീൽഡ് ടയർ എന്ന ഭീമൻ 1978 ൽ ബാങ്കറാപ്‌സി ഫയൽ ചെയ്‌തു എന്നതാണ്.
ഇന്ദിര ഗാന്ധിയുടെ സോഷ്യലിസ്റ്റ് യുഗത്തിൽ ഒരു ലക്ഷത്തിന് താഴെ വാഹനങ്ങൾ ഉത്പാദനമുള്ള ഇന്ത്യൻ വാഹനവിപണിയിൽ ആണ് എം ആർ എഫ് കൃത്യമായ മാനേജ്‌മന്റ് എഫിഷ്യന്സിയിലൂടെ പിടിച്ചു നിന്നതും പിന്നീട് മൻമോഹൻ യുഗത്തിൽ ആഗോള വത്കരണം വന്നപ്പോൾ കുതിച്ചു പായാൻ തുടങ്ങിയതും. മിഷേലിൻ പോലെയുള്ള ആഗോള കുത്തകകൾ പിടിച്ചെടുക്കാൻ എന്റെ ബോസിന് ബ്ളാങ്ക് ചെക്ക് നൽകിയ കമ്പനിയാണ് എം ആർ എഫ് എന്നോർക്കണം. അദ്ദേഹവും പാർട്ടണർ ആയ നെമിഷ് ഷായും ഏകദേശം 7 % ഓഹരികൾ വാങ്ങിയെടുക്കുമ്പോൾ തന്നെ ഫ്‌ളോട്ടിങ് സ്റ്റോക്ക് മുഴുവനും തീർന്നത് മൂലം മിഷേലിന് ആ ശ്രമം ഉപേക്ഷിക്കേണ്ടി വന്നത് തൊണ്ണൂറുകളിലെ വലിയ വാർത്തയായിരുന്നു. 1961 ലെ 5000 രൂപ ഇന്ന് 42000 കോടിയായി മാറിയിരിക്കുന്നു. അന്ന് നൂറ് ഓഹരിക്ക് ആയിരം രൂപ നിക്ഷേപം നടത്തിയ വ്യക്തിക്ക് ഇന്ന് ഒരു കോടി രൂപ ആണ് നേട്ടം. ഏകദേശം 16 ലക്ഷം രൂപയോളം ഡിവിഡന്റ് കിട്ടുകയും ചെയ്‌തിട്ടുണ്ട്.
കണ്ടത്തിൽ കുടുംബത്തിലെ ആളുകൾ ഏകദേശം 80 % ഓഹരികൾ ഇന്നും കൈവശത്തിൽ തുടരുന്നത് മൂലം ആ കുടുംബം ആകണം ലോകത്തിലെ ഏറ്റവും ധനാഢ്യരായ മലയാളി കുടുംബം എന്ന് പറയാനാകും. ലുലു ഗ്രൂപ്പിന്റെ വാല്യൂവേഷൻ അബുദാബി സോവേരിൻ ഫണ്ട് നിക്ഷേപ സമയത്തുള്ളത് 5 ബില്യൺ ഡോളർ ആയിരുന്നു. അതായത് 41000 കോടി രൂപ, ഇപ്പോൾ എം ആർ എഫ് അതിനെയും മറികടന്നത് കൊണ്ട് ലോകത്തിലെ ഏറ്റവും റിചെസ്റ്റ് മലയാളി കുടുംബം കണ്ടത്തിൽ കുടുംബമെന്ന് പറയാനാകും. ഗ്രൂപ്പിലെ മറ്റു കമ്പനികൾ ആയ എം എം പബ്ലിക്കേഷന്സിന് എന്റെ ഗെസ്റ്റിമേറ്റ് വെച്ച് ഏകദേശം 2 ബില്യൺ ഡോളർ എങ്കിലും വാല്യൂവേഷൻ ഉണ്ടാകും. അങ്ങനെ നോക്കുമ്പോൾ കണ്ടത്തിൽ കുടുംബം ആണ് മലയാളികളിലെ ഏറ്റവും വിജയിച്ച ബിസിനസ് കുടുംബമെന്ന് നിസ്സംശയമായ് പറയാനാകും.ബിസിനസ് രംഗത്ത് വിജയികൾക്ക് കടുത്ത ക്ഷാമമുള്ള മലയാള മണ്ണിൽ ഇത് പുതുനാമ്പുകൾ കിളിർക്കാൻ ഇടയാക്കട്ടെ എന്ന് ആശംസിക്കുന്നു.