
ഇന്ത്യയ്ക്ക് ഉറ്റ സുഹൃത്തിനെ നഷ്ടമായി: പ്രധാനമന്ത്രി
ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ വിയോഗത്തോടെ ഇന്ത്യയ്ക്ക് ഉറ്റ സുഹൃത്തിനെ നഷ്ടമായി എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്. ആബേയോടുള്ള ആദര സൂചകമായി നാളെ ഇന്ത്യയില്‍ ഔദ്യോഗിക ദു:ഖാചരണവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
അന്താരാഷ്ട്ര വിഷയങ്ങളില്‍ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുന്ന ചങ്ങാതിയായിരുന്നു ഷിന്‍സോ ആബേ. ഇന്ത്യ-ജപ്പാന്‍ വ്യാപര ബന്ധം ഊട്ടിയുറപ്പിക്കുന്ന തരത്തില്‍ ഒട്ടനവധി കരാറുകള്‍ ഈ സൗഹൃദത്തില്‍ പിറവിയെടുത്തു. ഒരിക്കല്‍, ആബെയുടെ അസുഖ വിവരങ്ങള്‍ അന്വേഷിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് സ്‌നേഹത്തോടെ നന്ദി പറഞ്ഞുകൊണ്ട് ആബേ ട്വിറ്ററില്‍ കുറിച്ച വാക്കുകള്‍ ഇരു രാജ്യങ്ങളുടേയും ആത്മബന്ധം തുറന്നു കാട്ടുന്നതായിരുന്നു. തിരഞ്ഞെടുപ്പ് പരിപാടിയില്‍ പ്രസംഗിച്ചുകൊണ്ടു നില്‍ക്കെയാണ് ആബേയ്ക്ക് വെടിയേറ്റത്.

ഷിന്‍സോ ആബേയുടെ വിയോഗത്തിലൂടെ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന ജനനേതാവിനെയാണ് ജപ്പാന്‍ ജനതയ്ക്ക് നഷ്ടമാവുന്നത്. ടോക്കിയോയിലെ സെയ്കി യൂണിവേഴ്‌സിറ്റിയിലും അമേരിക്കയിലെ സതേണ്‍ കലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലും രാഷ്ട്രമീമാംസയായിരുന്നു ഷിന്‍സോ ആബെയുടെ പഠനവിഷയം. കുറച്ചുകാലം ഒരു സ്റ്റീല്‍ കമ്പനിയില്‍ ജോലി ചെയ്തു. പിന്നീട് രാഷ്ട്രീയത്തില്‍ വന്നു. 1993 ല്‍ ആദ്യമായി ജപ്പാന്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഏഴു തവണ ആബെ, പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വിവിധ പ്രധാനമന്ത്രിമാരുടെ കീഴില്‍ മന്ത്രിസഭാംഗമായി. 2003 ല്‍ ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സെക്രട്ടറി ജനറല്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ആബെ പിന്നീട് പാര്‍ട്ടി പ്രസിഡന്റും രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായി. 2006 ല്‍ 52ാം വയസ്സില്‍ പ്രധാനമന്ത്രിയായി ആദ്യം അധികാരമേല്‍ക്കുമ്പോള്‍ ജനാധിപത്യ ജപ്പാന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു ഷിന്‍സോ ആബെ.
ആദ്യമായി പ്രധാന മന്ത്രിയായി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ആരോഗ്യകാരണങ്ങളാല്‍ സ്ഥാനമൊഴിയേണ്ടിവുന്നു. 2012 ല്‍ വീണ്ടും അധികാരത്തില്‍ എത്തി. തുടര്‍ന്ന് മൂന്നു തവണ കൂടി തുടര്‍ച്ചയായി അധികാരത്തിലെത്തി. അലട്ടിക്കൊണ്ടിരുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ തന്നെയാണ് 2020 ല്‍ പ്രധാനമന്ത്രി പദം ഒഴിയാനും കാരണമായത്. ഒട്ടേറെ സ്വപ്നങ്ങള്‍ ബാക്കി നിര്‍ത്തി, വേദനയോടെ സ്ഥാനമൊഴിയുന്നു, ക്ഷമിക്കുക. ജനത്തിനുവേണ്ടി ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയില്ലെങ്കില്‍ തുടരുന്നതില്‍ കാര്യമില്ല.” എന്നു ജനങ്ങളോട് പറഞ്ഞുകൊണ്ടാണ് – 2020 ഓഗസ്റ്റില്‍, ഏതാണ്ട് ഒരു വര്‍ഷം കൂടി കാലാവധി ബാക്കിയുള്ളപ്പോള്‍ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും അദ്ദേഹം രാജി വച്ചത്. ജപ്പാന്റെ സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളില്‍ പ്രത്യാഘാതങ്ങളുണ്ടാക്കിയ തീരുമാനമായിരുന്നു പെട്ടെന്നുള്ള ആ രാജി.
2012-ല്‍ ഷിന്‍സൊ ആബെ പ്രഖ്യാപിച്ച സാമ്പത്തിക നയം ‘ആബെനോമിക്‌സ്’ എന്നാണ് അറിയപ്പെട്ടത്. ഏറെ ദീര്‍ഘവീക്ഷണത്തോടെ കൊണ്ടുവന്ന ഈ സാമ്പത്തിക പരിഷ്‌കരണം സ്ത്രീകള്‍ക്ക് കൂടുതലായി തൊഴില്‍ ലഭിക്കാന്‍ സഹായകമായി.
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രാധിനിധ്യം ഉറപ്പാക്കിയ ഈ പരിഷ്‌കാരം അക്കാലത്ത് വലിയ എതിര്‍പ്പുകള്‍ക്ക് കാരണമായിരുന്നു. ആഗോള വിപണിയിലേക്ക് കൂടുതല്‍ വിശാലമായി വാതില്‍ തുറക്കുന്നതിന് ജപ്പാനെ പ്രാപ്തമാക്കിയ ഒട്ടേറെ പരിഷ്‌ക്കാരങ്ങള്‍ ആബെ നടപ്പാക്കി. ജപ്പാന്റെ കുടിയേറ്റ നിയമങ്ങളില്‍ ആബെ കൊണ്ടുവന്ന സമഗ്രമായ മാറ്റങ്ങള്‍ ലോക വേദികളില്‍ ജപ്പാന് സ്വീകാര്യത വര്‍ദ്ധിപ്പിച്ചു. ചുരുക്കത്തില്‍, അന്താരാഷ്ട്ര രംഗത്ത് കാലങ്ങളായി നേരിട്ടുകൊണ്ടിരുന്ന പല പ്രതിസന്ധികളില്‍ നിന്നും കരകയറാന്‍ ആബെയുടെ ഈ നയങ്ങള്‍ ജപ്പാനെ സഹായിച്ചു. രാഷ്ട്രീയ-സാമ്പത്തിക അസ്ഥിരതയുടെ നാടിയിരുന്ന ജപ്പാന് ആബെയുടെ ദീര്‍ഘകാലത്തെ നേതൃത്വം സമ്മാനിച്ചത് ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തി എന്ന കിരീടമാണ്. കോവിഡ് മൂലമുള്ള തകര്‍ച്ചയുണ്ടാകുന്നതു വരെ ജപ്പാന്‍ സാമ്പത്തികരംഗത്ത് സുസ്ഥിര പ്രകടനം കാഴ്ചവച്ചിരുന്നു. ഏതായാലും യുദ്ധാനന്തര ജപ്പാന്‍ കണ്ട ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ നേതാവ് എന്ന രീതിയിലാവും ചരിത്രം ഷിന്‍സോ ആബയെ അടയാളപ്പെടുത്തുക.