
രാഷ്ട്രപതി തെരഞ്ഞെടുപ്പ്: വിജയമുറപ്പിച്ച് മുര്‍മ്മു
ഡൽഹി: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കിക്കൊണ്ട് ഒരു ഗോത്രവര്‍ഗ്ഗ വനിത രാജ്യത്തിന്റെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടുന്നു. ഒഡീഷയിലെ മയൂര്‍ പഞ്ച് എന്ന പിന്നാക്ക പ്രദേശത്ത് നിന്നുള്ള 64 കാരിയായ ഗോത്ര വര്‍ഗ്ഗ വനിത ദ്രൗപദി മര്‍മ്മുവാണ് രാജ്യത്തിന്റെ പതിനഞ്ചാമത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടുന്നത്. എന്‍.ഡി.എ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മ്മു പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയെക്കാള്‍ ഇരട്ടിയിലേറെ വോട്ടുകള്‍ ഇതിനോടകം നേടിക്കഴിഞ്ഞു. പാര്‍ലമെന്റ് അംഗങ്ങളുടെ വോട്ടുകള്‍ എണ്ണിയപ്പോള്‍ തന്നെ ദ്രൗപദി മുര്‍മ്മുവിന്റെ വിജയം ഉറപ്പിച്ചു കഴുഞ്ഞു.
ദ്രൗപദിക്ക് 540 വോട്ടുകള്‍ കിട്ടിയപ്പോള്‍ യശ്വന്ത് സിന്‍ഹയ്ക്ക് 208 വോട്ടുകളേ ലഭിച്ചുള്ളൂ. അതായത് ദ്രൗപദി മുര്‍മുവിന് എം.പിമാരുടെ ഇലക്ട്രറല്‍ കോളേജില്‍ മാത്രം 3,78,000 വോട്ടുമൂല്യം ലഭിച്ചപ്പോള്‍ യശ്വന്ത് സിന്‍ഹയ്ക്ക് ലഭിച്ചത് 1,45,000 വോട്ടു മൂല്യം മാത്രം. എം.പിമാരുടെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ തന്നെ എന്‍.ഡി.എ ആഘോഷം തുടങ്ങി. മുര്‍മ്മു തിരഞ്ഞെടുക്കപ്പെടുന്നതോടെ ദളിത് വംശജരായ രണ്ടു പേര് തുടര്‍ച്ചയായി രാഷ്ട്രപതിമാരാവുന്ന ചരിത്രവും സൃഷ്ടിക്കപ്പെട്ടു. സ്ഥാനമൊഴിയുന്ന രാംനാഥ് കോയിന്ദ് യു.പിയില്‍ നിന്നുള്ള ദളിത് വംശജനാണ്. രാഷ്ട്രത്തിന്റെ അധിപയാവുന്ന ദ്രൗപദി മുര്‍മ്മു സര്വ്വസൈന്യാധിപയുമായിരിക്കും. തിങ്കളാഴ്ചായാണ് സത്യപ്രതിജ്ഞ.
ഡോ.രാജേന്ദ്ര പ്രസാദ്, ഡോ.എസ്. രാധാകൃഷ്ണന്, സക്കീര്‍ ഹുസൈന്, വി.വി.ഗിരി, ഫക്രുദീന്‍ അലി അഹമ്മദ്, എന്‍.സജ്ജീവ റെഡ്ഡി, ഗ്യാനി സെയില്‍സിംഗ്, ആര്.വെങ്കിട്ടരാമന്, ശങ്കര്‍ദയാല്‍ ശര്‍മ്മ, കെ.ആര്.നാരായണന്, എ.പി.ജെ.അബ്ദുള്‍ കലാം, പ്രതിഭാ പാട്ടീല്‍, പ്രണാബ് മുഖര്‍ജി, രാംനാഥ് കോയിന്ദ് എന്നിവരാണ് മുന്‍രാഷ്ട്രപതിമാര്‍.