
ഇന്ത്യയുടെ 14 മത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ ചുമതലയേറ്റു.
ന്യൂ ഡൽഹി : ഇന്ത്യയുടെ 14 മത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ വെച്ച നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ദ്രൗപതി മുർമു സത്യവാചകം ചൊല്ലി കൊടുത്തു.ഇന്ന് 12 30 ന് ദേശീയ ഗാനത്തോടെയാണ് രാജ്ഭവനിൽ ചടങ്ങുകൾ ആരംഭിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി , കേന്ദ്രമന്ത്രിമാർ എംപിമാർ ,സ്ഥാനമൊഴിയുന്ന എം.വെങ്കയ്യ നായിഡു തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു. രാജസ്ഥാനിലെ കിത്തന സ്വദേശിയാണ് ജഗ്ദീപ് ധൻകർ. ഇനി മുതൽ രാജ്യസഭ ചെയർമാൻ സ്ഥാനം ജഗദീപ് ധൻകറിനാണ്.
എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച ജഗ്ദീപ് ധൻകർ തെരഞ്ഞെടുക്കപ്പെട്ടതിന്റെ സർട്ടിഫിക്കറ്റ് തെരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഈ സർട്ടിഫിക്കറ്റ് സത്യപ്രതിജ്ഞാ ചടങ്ങിൽ വായിക്കും. കഴിഞ്ഞ ആറ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് പരിഗണിക്കുമ്പോൾ ഏറ്റവും കൂടുതൽ വോട്ട് നേടി വിജയിച്ച വ്യക്തി എന്ന പ്രത്യേകത കൂടി ജഗ്ദീപ് ധൻകർക്കുണ്ട്.