
ഇനി കാപ്ഷനും മെസേജും എഴുതാം; എഐ ചാറ്റ്ബോട്ട് ഇൻസ്റ്റാഗ്രാമിലും വന്നേക്കും
ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ചാറ്റ് ചെയ്യാൻ സാധിക്കുന്ന പുതിയ ചാറ്റ്ബോട്ട് സംവിധാനം ഇൻസ്റ്റാഗ്രാം പരീക്ഷിക്കുന്നതായി റിപ്പോർട്ട്. ലീക്കറായ അലെസാൻഡ്രോ പലുസിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഇദ്ദേഹം പങ്കുവെച്ച സ്‌ക്രീൻഷോട്ടുകൾ നൽകുന്ന വിവരങ്ങൾ അനുസരിച്ച് ഇൻസ്റ്റാഗ്രാമിലെ ചാറ്റ്ബോട്ട് ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും നിർദേശങ്ങൾ നൽകുകയും ചെയ്യും. ഇത് കൂടാതെ 30 എഐ കഥാപാത്രങ്ങളെ ഉപഭോക്താക്കൾക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. സന്ദേശങ്ങൾ എഴുതുന്നതിനുള്ള സഹായവും ഈ ചാറ്റ്ബോട്ടിനോട് തേടാം.
അവസാനം പറഞ്ഞതാണ് ഇൻസ്റ്റാഗ്രാമിൽ ഒരു എഐ ചാറ്റ് ബോട്ട് എത്തുമ്പോഴുള്ള ഏറ്റവും വലിയ പ്രയോജനം. ചിത്രങ്ങൾക്കൊപ്പമുള്ള കാപ്ഷനുകൾ എഴുതാനും, സന്ദേശങ്ങൾ എഴുതാനുമെല്ലാം ഈ ചാറ്റ്ബോട്ടിന്റെ സഹായം തേടാനാവും. എന്നാൽ എപ്പോഴാണ് ഇങ്ങനെ ഒരു ചാറ്റ്ബോട്ട് ഇൻസ്റ്റാഗ്രാം അവതരിപ്പിക്കുക എന്ന് വ്യക്തമല്ല. ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലജിൻസുമായി ബന്ധപ്പെട്ട് ഒരു പ്രൊഡക്റ്റ് ടീമിന് കമ്പനി തുടക്കമിടുന്ന കാര്യം ഫെബ്രുവരിയിൽ മാർക്ക് സക്കർബർഗ് പ്രഖ്യാപിച്ചിരുന്നു.
അതേസമയം, ട്വിറ്ററിന് സമാനമായ ഒരു മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോം അവതരിപ്പിക്കാനുള്ള നീക്കവും ഇൻസ്റ്റാഗ്രാം നടത്തിവരുന്നുണ്ട്.