ആസാദി കാ അമൃത മഹോത്സവ് :അമൃത വനങ്ങള്‍ മന്ത്രി എ. കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും

സ്വാതന്ത്ര്യത്തിന്റെ 75 ആം വാര്‍ഷികത്തിന്റെ സ്മരണാര്‍ത്ഥം വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് ഏഴ് ഇടങ്ങളിലായി ഒരുക്കുന്ന സ്മൃതിവനങ്ങളുടെ ഉദ്ഘാടനം ഓഗസ്റ്റ് 10 രാവിലെ 11ന് മന്ത്രി എ. കെ. ശശീന്ദ്രന്‍ നിര്‍വഹിക്കും. വനംവകുപ്പ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. ഓരോ സ്ഥലത്തും 75 വൃക്ഷത്തൈകള്‍ വീതമാണ് നട്ടുപിടിപ്പിക്കുന്നത്. ഇവയ്ക്ക് അമൃതവനം എന്ന പേര് നല്‍കി സംരക്ഷിക്കും.

കോന്നി ഡിവിഷനിലെ വാഴപ്പാറ, കോട്ടയം ഡിവിഷനിലെ വെട്ടിക്കാട്, ചാലക്കുടി ഡിവിഷനിലെ നായരങ്ങാടി, പാലക്കാട് ഡിവിഷനിലെ മുട്ടികുളങ്ങര, സൗത്ത് വയനാട് ഡിവിഷനിലെ കുപ്പാടി, കണ്ണൂര്‍ ഡിവിഷനില്‍ ഇരിട്ടി, തിരുവനന്തപുരത്ത് കാര്യവട്ടം എല്‍ എന്‍ സി പി ഇ എന്നിവിടങ്ങളിലാണ് അമൃതവനം ഒരുക്കുന്നത്. വനംവകുപ്പ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ ഏഴ് ഇടങ്ങളിലേയും ഉദ്ഘാടനം മന്ത്രി ഓണ്‍ലൈനായാണ് നിര്‍വഹിക്കുക.
ആസാദികാ അമൃത മഹോത്സവത്തിന്റെ ഭാഗമായി ജീവനക്കാരുടെ പങ്കാളിത്തത്തോടെ വനംവകുപ്പ് വിവിധ പരിപാടികളും സംഘടിപ്പിക്കും. ദേശീയോദ്ഗ്രഥന കലാപരിപാടികള്‍, ജീവനക്കാര്‍ക്കുള്ള മത്സരങ്ങള്‍ തുടങ്ങിയവ നടക്കും. മത്സരങ്ങളില്‍ വിജയിച്ച ജീവനക്കാര്‍ക്കുള്ള സമ്മാനദാനവും മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തും. മുഖ്യ വനം മേധാവി ബെന്നിച്ചന്‍ തോമസ് സ്വാഗതം പറയും. അഡീഷണല്‍ പി സി സി എഫ് പുകഴേന്തി ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലും. വാര്‍ഡ് കൗണ്‍സിലര്‍ രാഖി രവികുമാര്‍, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ ഗംഗാ സിംഗ്, പ്രകൃതി ശ്രീവാസ്തവ, ഡി. ജയ പ്രസാദ് , നോയല്‍ തോമസ് , ഇ. പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് വനംവകുപ്പിലെയും സെക്രട്ടേറിയറ്റിലേയും ജീവനക്കാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ അരങ്ങേറും.

Leave a Reply

Your email address will not be published.

Previous post കറക്റ്റ് ആയി എങ്ങനെ തെറ്റിച്ച് ആ ഡാൻസ് ചെയ്തു എന്ന് കുഞ്ചാക്കോ
Next post ഇടമലയാർ ഡാമിലെ രണ്ടു ഷട്ടറുകൾ തുറന്നു