
ആനപ്രേമികളേ, കൊച്ചയ്യപ്പന്റെ വൃകൃതികള്‍ കാണണോ
ആനക്കുട്ടിയുടെ കളിയും കുളിയും കുസൃതികളും നിറഞ്ഞ് കോന്നി ഇക്കോടൂറിസം സെന്റര്‍
കോന്നിയില്‍ ഒരു കുട്ടിക്കുറുമ്പനുണ്ട്. സന്ദര്‍ശകരുടെ മനസ്സിനെ അപ്പൂപ്പന്‍താടി പോലെ പറത്തി വിടുന്നൊരു കുട്ടിയാന. അവനൊപ്പം കളിക്കാനും കൂട്ടുകൂടാനും എത്തുന്നവര്‍ക്ക് എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ നല്ല നേരങ്ങള്‍ മാത്രം സമ്മാനിച്ചുകൊണ്ട് അവന്‍ . കൊച്ചയ്യപ്പന്‍-അതാണവന്റെ പേര്. മധുരം തുളുമ്പുന്ന പ്രണയത്തിന്റെ അനശ്വര വരികള്‍ അബോധമനസ്സില്‍ കോറിയിട്ട കവി അയ്യപ്പനല്ല. ഇത്, കാടിനുള്ളില്‍ ഒറ്റപ്പെട്ടുപോയ കൊച്ചയ്യപ്പന്‍ കുട്ടിയാന. അല്ലെങ്കിലും, ആനയും കടലും മലയാളിക്ക് എത്ര കണ്ടാലും മതിവരാത്ത ഗൃഹാതുരതകളുടെ കാഴ്ചകളാണ്. ആനച്ചന്തവും അനന്തനീലിമയില്‍ പരന്നു കിടക്കും നീലക്കടലും ദുഖങ്ങള്‍ മറക്കാനുള്ള മരുന്നു കൂടിയാണല്ലോ.

ആനക്കാര്യത്തില്‍ ഒരല്‍പ്പം മുമ്പിലാണ് കോന്നിക്കാര്‍. അതുകൊണ്ടു തന്നെ കൊച്ചയ്യപ്പന്റെ വികൃതികളാണ് കോന്നിക്കാരുടെ ഇപ്പോഴത്തെ പ്രധാന വിശേഷങ്ങളില്‍ ഒന്ന്. കോന്നി ഇക്കോ-ടൂറിസം സെന്ററിലെ ആനത്താവളത്തില്‍ കൊച്ചയ്യപ്പന്‍ അടിപൊളിയായി വളര്‍ന്നു വരികയാണ്…കാഴ്ചക്കാര്‍ക്കും കോന്നി ഇക്കോടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും ആന പാപ്പാന്‍മാര്‍ക്കും മണിമുത്തായി.
കളിക്കാനും കുഞ്ഞിക്കുറുമ്പു കാട്ടാനും അവന്‍ മിടുക്കനാണ്. പക്ഷെ, വളരുന്തോറും കുറുമ്പിന്റെ അളവ് കൂടുന്നത് നിയന്ത്രിക്കാന്‍ വേണ്ടി മാത്രം അയ്യപ്പന്റെ കാലില്‍ സുരക്ഷയ്ക്കായി ഒരു ചെറിയ വടം കെട്ടിയിട്ടുണ്ട്. അതിന് നീളവുമുണ്ട്. വലിയ ആനകളുടെ കാലില്‍ ചങ്ങലയും, കൊച്ചയ്യപ്പന് വടവും അത്രേയുള്ളൂ വ്യത്യാസം. വടവും വലിച്ചിഴച്ച് പാപ്പാന്റെ പിന്നാലെ നടക്കുന്ന കുട്ടിയാനയെ കാണാന്‍ തന്നെ ചേലാണ്. ഒരുവര്‍ഷം മുമ്പ് സീതത്തോട് ആങ്ങമൂഴി കിളിയെറിഞ്ഞാന്‍ ചെക്ക് പോസ്റ്റിനു സമീപം ജനവാസ കേന്ദ്രത്തില്‍ നിന്നാണ് കുട്ടിക്കൊമ്പനെ കിട്ടുന്നത്.

വനപാലകര്‍ കാടിന് സമീപത്തായ് പ്രത്യേകം കൂടെരുക്കി കുട്ടിയാനയെ പാര്‍പ്പിച്ചു. അന്നുരാത്രി തന്നെ കുട്ടിയാനയെ വനത്തില്‍ എത്തിച്ചു മറ്റാനകള്‍ക്കൊപ്പം വിടാന്‍ ശ്രമിച്ചു. എന്നാല്‍ മറ്റാനക്കൂട്ടങ്ങള്‍ കുട്ടിയാനയ്ക്കു സമീപം എത്തിയെങ്കിലും ഇവനെ കൂട്ടാതെ അവര്‍ ഉള്‍ക്കാട്ടിലേക്കു മടങ്ങി. കാട്ടാനക്കൂട്ടം പോയതോടെ കുറേ സമയം നാട്ടുകാര്‍ക്കൊപ്പം ഓടി കളിച്ചും വെള്ളച്ചാട്ടത്തില്‍ ചാടി മറിഞ്ഞും ആര്‍ത്തുല്ലസിച്ച് കുട്ടിയാന നടന്നു. ഏറെ പണിപ്പെട്ടാണ് വനപാലകര്‍ കൊച്ചയ്യപ്പനെ വരുതിയിലാക്കി കോന്നി ആനത്താവളത്തില്‍ എത്തിച്ചത്.
കേരളത്തിലെ ആന പരിശീലന കേന്ദ്രങ്ങളില്‍ ഒന്നാണ് പത്തനംതിട്ട കോന്നി ആനകൂട്. വര്‍ഷത്തില്‍ എല്ലാ സമയത്തും സഞ്ചാരികള ആകര്‍ഷിക്കുന്ന സ്ഥലമാണ് കോന്നി ആനത്താവളം. കാട്ടില്‍ കൂട്ടം തെറ്റി ഉപേക്ഷിക്കപ്പെട്ടതോ, പരിക്കേറ്റ് വനപാലകര്‍ കാട്ടില്‍ നിന്ന് രക്ഷിച്ചതോ ആയ ആനക്കുട്ടികളെ വളര്‍ത്തി പരിശീലിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഏറെ വൈകാതെ ഇവിടുത്തെ പുതിയ താരമായി കുട്ടിയാന മാറി. ഇവിടത്തെ പ്രധാനആകര്‍ഷണം ഈ കുട്ടി കൊമ്പനാണ്.
കാട്ടില്‍ നിന്നും കിട്ടിയതിനാല്‍ അവന് കൊച്ചയ്യപ്പന്‍ എന്ന പേരുമിട്ടു.

തലമുറകളായി കൈമാറി വന്ന പരിശീലന രീതിയിലാണ് ആനകളെ മെരുക്കാനും പഠിപ്പിക്കാനും ഉപയോഗിക്കുന്നത്. ആനകളെ നിയന്ത്രിക്കുന്നത് പ്രത്യക രീതിയിലുള്ള ഉത്തരവുകളിലൂടെയാണ്. ഇങ്ങനെ കുട്ടിയാനകളെ ചട്ടം പഠിപ്പിക്കുന്നതും, കുളിപ്പിക്കാന്‍ കൊണ്ടുപോകുന്നതും, പ്രത്യേക ഭക്ഷണം നല്‍കുന്നതും ഇവിടെ എത്തുന്ന സന്ദര്‍ശകര്‍ക്കു നേരിട്ടു കണ്ട് മനസ്സിലാക്കാന്‍ കഴിയും. കുമരകം ശങ്കുണ്ണി മേനോന്റെ ഐതീഹ്യമാലയിലെ ഒരു കഥാപാത്രമാണ് കോന്നിയില്‍ കൊച്ചയ്യപ്പന്‍. ഇങ്ങനെയൊരു ചരിത്രവും ഈ പേരിനു പിന്നിലുണ്ടെന്നത് മറന്നുകൂടാ. ഗജവീരന്‍മാരില്‍ വീരനായ കൊച്ചയ്യപ്പന്റെ നാമധേയം കിട്ടിയതിന്റെ ഒരു കുഞ്ഞു തലയെടുപ്പും കോന്നി ആനക്കോട്ടയിലെ കൊച്ചയ്യപ്പനുണ്ടെന്നു വേണം കരുതാന്‍. അവന്‍ വളരട്ടെ, നാട്ടുകാരുടെയും കൂട്ടുകാരുടെയും കളിത്തോഴനായ്. ഭീതി വിതയ്ക്കുന്ന ഒറ്റയാന്‍മാരുടെ വഴിവിട്ട് മനുഷ്യരെ, സ്‌നേഹത്തിന്റെ തിടമ്പേറ്റാന്‍ പഠിപ്പിച്ച് കാലത്തിനൊത്ത മാറ്റങ്ങളോടെ വളരുക നീ കൊച്ചയ്യപ്പാ.