ആദ്യം ലൈറ്റ്‌മെട്രോ തിരുവനന്തപുരത്ത് ഓടട്ടെ, കെ. റെയില്‍ രണ്ടാമത് വരട്ടെ

എ.എസ്. അജയ്‌ദേവ്

കെ-റെയിലിന്റെ ജാതകവും വന്ദേ ഭാരതിന്റെ വേഗതയും ചര്‍ച്ച ചെയ്യുന്നവരോട് തിരുവനന്തപുരത്തുകാര്‍ക്ക് ചോദിക്കാനുള്ളത് ഇതാണ്. എവിടെ മോണോ റെയില്‍ ? എവിടെ ലൈറ്റ്മെട്രോ ?. കാലങ്ങളോളം അതിന്റെ പേരില്‍ ജനങ്ങളെ പറഞ്ഞു പറ്റിച്ചവര്‍ക്ക് പെട്ടെന്ന് ഒരുത്തരം കിട്ടില്ല. എങ്കിലും തലസ്ഥാന വാസികള്‍ക്ക് ചോദിക്കാതിരിക്കാനാവില്ല. തിരുവനന്തപുരം സിറ്റിയിലെ ഗതാഗത സൗകര്യങ്ങള്‍ വികസിക്കേണ്ടത് കേരളത്തിലെ ജനങ്ങളുടെ മുഴുവന്‍ ആവശ്യമാണ്. എന്നിട്ടും, കേരളം ഭരിച്ചവര്‍ ആരും തലസ്ഥാന ജില്ലയുടെ പൊതു ഗതാഗത സംവിധാനത്തെ വളര്‍ത്താനോ പ്രോത്സാഹിപ്പിക്കാനോ ശ്രമിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. എന്തിന്, ഇപ്പോള്‍ കെ. റെയില്‍ വേണമെന്ന് വാശി പിടിക്കുന്നവര്‍ പോലും സൗകര്യ പൂര്‍വ്വം മറന്നു കളഞ്ഞ പദ്ധതികളായിരുന്നു ലൈറ്റ് മെട്രോയും, മോണോ റെയിലും.

63,941 കോടി രൂപ ചെലവാകുന്ന കെ. റെയില്‍ നടപ്പാക്കാന്‍ അരയും തലയും മുറുക്കിയിറങ്ങിയ പിണറായി വിജയന്‍ സര്‍ക്കാരിന്റെ മനസ്സില്‍പ്പോലും, ഇല്ലാത്ത അജണ്ടയാണ് തലസ്ഥാന നഗരത്തിന്റെ ഗതാഗത വികസനം. അഥവാ, ഉണ്ടായിരുന്നെങ്കില്‍ ലൈറ്റ്മെട്രോയോ മോണോ റെയിലോ ഇന്ന് തിരുവനന്തപുരം സിറ്റിയുടെ മുകളിലൂടെ പറന്നേനെ. വര്‍ഷങ്ങള്‍ക്കു മുമ്പേ ചര്‍ച്ചയും പ്രോജക്ടും, നടപടികളുമൊക്കെയായി മുന്നോട്ടു പോയ പദ്ധതിയായിരുന്നു ലൈറ്റ് മെട്രോ. എന്നാല്‍, കൊച്ചി മെട്രോ ഓടിയിട്ടും, വാട്ടര്‍ മെട്രോ യാഥാര്‍ഥ്യമായിട്ടും തലസ്ഥാനത്തിന്റെ യാത്രാ വേഗം ഇന്നും പദ്മനാഭന്റെ ശയനം പോലെ തന്നെയാണ്.

തിരുവനന്തപുരം നഗരത്തിലെ പൊതു യാത്രാ സൗകര്യം മെച്ചപ്പെടുത്താന്‍ ഡെല്‍ഹി മെട്രോയുടെയും കേരളസര്‍ക്കാറിന്റെയും കീഴില്‍ വിഭാവനം ചെയ്ത പദ്ധതിക്ക് അകാല ചരമം കുറിച്ചിട്ട് വര്‍ങ്ങള്‍ കഴിഞ്ഞു. ആദ്യം മോണോറെയില്‍ ഉപയോഗിക്കനായിരുന്നു തീരുമാനം. ഇതിന്റെ പ്രാരംഭനടപടികളില്‍ വന്ന സാങ്കേതിക തടസ്സങ്ങള്‍ മൂലം 2014 ആഗസ്റ്റില്‍ ഈ പദ്ധതി ഉപേക്ഷിക്കപ്പെട്ടു. പകരം ലൈറ്റ് മെട്രോ ഉപയോഗിക്കാന്‍ തീരുമാനിച്ചു. ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷനോട് ലൈറ്റ് മെട്രോയെക്കുറിച്ച് പഠനം നടത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പഠനം നടന്നു. ടെക്നോസിറ്റി – കരമന ആദ്യഘട്ടവും, കരമന – നെയ്യാറ്റിന്‍കര രണ്ടാംഘട്ടവും ആയിരിക്കുമെന്നു തീരുമാനിച്ചു. ആദ്യഘട്ടത്തില്‍ 19 സ്റ്റേഷനുകള്‍. ടെക്നോസിറ്റി, പള്ളിപ്പുറം, കണിയാപുരം, കഴക്കൂട്ടം, കഴക്കൂട്ടം ജങ്ഷന്‍, കാര്യവട്ടം, ഗുരുമന്ദിരം, പാങ്ങപ്പാറ, ശ്രീകാര്യം, പോങ്ങുമ്മൂട്, ഉള്ളൂര്‍, കേശവദാസപുരം, പട്ടം, പ്ലാമൂട്, പാളയം, സെക്രട്ടേറിയറ്റ്, തമ്പാനൂര്‍, കിള്ളിപ്പാലം, കരമന എന്നിവയാകും ആദ്യഘട്ടത്തിലെ സ്റ്റേഷനുകള്‍. 22 കിലോമീറ്ററാണ് നീളം.

എന്നാല്‍, പഠനവും കഴിഞ്ഞ് ഇ. ശ്രീധരനും സംഘവും പ്ലാമൂട് ലൈറ്റ്മെട്രോയുടെ ഓഫീസ് തുറക്കുകയും ചെയ്തു. പിന്നീടിങ്ങോട്ട് തലസ്ഥാന വാസികള്‍ കണ്ടത്, നാടകമായിരുന്നു. സര്‍ക്കാരും, മന്ത്രിമാരും, ജന പ്രതിനിധികളും, ഡെല്‍ഹി മെട്രോ അധികൃതരും ഇ. ശ്രീധരനുമൊക്കെ ചേര്‍ന്ന് ജനങ്ങള്‍ക്കു മുമ്പില്‍ നടത്തിയ പൊറാട്ടു നാടകം. ഒടുവില്‍ ഡെല്‍ഹി മെട്രോ അധികൃതര്‍ ഓഫീസ് പൂട്ടി, പദ്ധതി ഉപേക്ഷിച്ച് സ്ഥലം വിട്ടു. അന്നുവരെ ഈ പദ്ധതിയുടെ പേരില്‍ ചെലവഴിച്ച കോടികള്‍ വെള്ളത്തില്‍ വരച്ച വരപോലെയാവുകയും ചെയ്തു. കെ. റെയിലിനുവേണ്ടി സ്ഥലമേറ്റെടുക്കാനും, മഞ്ഞകുറ്റി അടിക്കാനും, ജൈക്കയുടെ ലോണ്‍ തരപ്പെടുത്താനും, കേന്ദ്രാനുമതി നേടാനുമൊന്നും അന്ന് ലൈറ്റ്മെട്രോയ്ക്ക് വേണ്ടി ആരും സടകതുടഞ്ഞെണീറ്റില്ല. മോണോ റെയിലിന്റെയും, ലൈറ്റ് മെട്രോയുടെയും ചരമക്കുറിപ്പെഴുതി പ്രസിദ്ധീകരിച്ചതിനു ശേഷമാണ് ശേഷമാണ് കെ. റെയില്‍ എന്ന പദ്ധതി വളരെ തന്ത്രപരമായി സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഇതിന്റെ പ്രത്യേകത, യാത്രാസൗകര്യം മെച്ചപ്പെടുകയോ, ഗതാഗതക്കുരുക്ക് ഒഴിവാക്കുകയോ അല്ല, മറിച്ച് നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തു നിന്നും കാസര്‍ഗോഡെത്താം എന്നതാണ്. കെ. റെയില്‍ വേണ്ടെന്ന ഒറ്റവരി പ്രതിഷേധമൊന്നും തലസ്ഥാന വാസികള്‍ക്കില്ല. എന്നാല്‍, തലസ്ഥാന നഗരത്തിന്റെ വികസനവും, ശ്വാസം മുട്ടിയുള്ള ഗതാഗതത്തിനും ആശ്വാസമാകുന്ന ലൈറ്റ്മെട്രോയെ കുഴിച്ചു മൂടിയിട്ട് അതിനു മുകളില്‍ കെ. റെയില്‍ സ്ഥാപിക്കാന്‍ നിന്നാല്‍ എങ്ങനെ സമ്മതിച്ചു തരാനാകും. തലസ്ഥാനത്തെ സാധാരണക്കാര്‍ക്ക് അത്ര വേഗത്തില്‍ കാസര്‍ഗോഡ് പോകേണ്ട ആവശ്യമൊന്നും ഇല്ലെന്നതാണ് സത്യം. അതേ സമയം, കാസര്‍ഗോഡുകാര്‍ക്കും, അതിനടുത്തുള്ള ജില്ലക്കാര്‍ക്കും തലസ്ഥാനത്തേക്ക് വേഗത്തില്‍ വരേണ്ട ആവശ്യമുണ്ടുതാനും. ഇത് നിറവേറ്റാനാണ് തലസ്ഥാനത്തുള്ളവരുടെ യാത്രാക്ലേശത്തിന് അറുതി വരുത്താതെ കെ. റെയില്‍ നടപ്പാക്കാന്‍ ജീവന്‍വരെ കൊടുക്കാന്‍ തയ്യാറായി പലരും നില്‍ക്കുന്നതെന്ന് മനസ്സിലാക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published.

Previous post ഹോട്ടലുടമയുടെ കൊലപാതകം: സിദ്ദിഖിനെ കാണാതായത് ഷിബിലിയെ പിരിച്ചുവിട്ട അന്ന്
Next post അരിക്കൊമ്പന്‍ കുമളിയില്‍ നിന്ന് എട്ടുകിലോമീറ്റര്‍ അകലെ: നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്