
ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന എല്ലാ തീയറ്ററിലും ഒരു സീറ്റ് ഭഗവാന്‍ ഹനുമാന് റിസര്‍വ് ചെയ്യും; ഈ സീറ്റ് ആര്‍ക്കും നല്‍കില്ല
പ്രഭാസ് നായകനായ ബിഗ് ബഡ്ജറ്റ് ചിത്രം ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന എല്ലാ തീയറ്ററിലും ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടും. ‘രാമായണം പാരായണം ചെയ്യുന്നിടത്തെല്ലാം ഭഗവാന്‍ ഹനുമാന്‍ പ്രത്യക്ഷപ്പെടുമെന്നത് നമ്മുടെ വിശ്വാസമാണ്. ഈ വിശ്വാസത്തെ മാനിച്ച്, ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന എല്ലാ തീയറ്ററുകളും ഒരു സീറ്റ് ഭഗവാന്‍ ഹനുമാന് റിസര്‍വ് ചെയ്യും. ഏറ്റവും വലിയ രാമഭക്തനെ ആദരിക്കുന്ന ചരിത്രമാണിത്. റിസര്‍വ് ചെയ്യുന്ന സീറ്റ് ഒരു ഷോയിലും ആര്‍ക്കും നല്‍കില്ലെന്നും’ അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.
രാമായണം ആസ്പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന ആദിപുരുഷ് ഈ മാസം 16നാണ് തീയറ്ററുകളിലെത്തുക. ചിത്രത്തില്‍ ശ്രീരാമനായി പ്രഭാസും, സീതയായി കൃതി സോനാനുമാണ് അഭിനയിക്കുന്നത്. സെയ്ഫ് അലി ഖാനാണ് രാവണന്‍ ആകുന്നത്. രാമനും ലക്ഷ്മണനും സീതയും വനവാസത്തിനു പോകുന്നതും, സീതയെ രാവണന്‍ ലങ്കയിലേക്ക് കൊണ്ടുപോകുന്നതും, ഹനുമാന്‍ മരുത്വാ മല ചുമന്നുകൊണ്ട് വരുന്നതുമൊക്കെ ട്രെയിലറില്‍ ഉണ്ടായിരുന്നു.
ടീസര്‍ പുറത്തുവന്നതിന് മോശം വിഎഫ്എക്‌സിന്റെ പേരില്‍ നിരവധി ട്രോളുകള്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് നേരെ ഉയര്‍ന്നിരുന്നു. എന്നാല്‍ ട്രെയിലറില്‍ മികച്ച വിഎഫ്എക്‌സ് കാണാനായി. 600 കോടി ബജറ്റില്‍ ടി-സീരീസും റെട്രോഫില്‍സും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. ഇതിനിടെ ആദിപുരുഷ് സിനിമ ഹിന്ദുദൈവങ്ങളെ അപമാനിക്കുന്നുവെന്ന് ബിജെപിയും ആരോപിച്ചിരുന്നു. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോട്ടം മിശ്ര, കര്‍ണാടക ബിജെപി വക്താവ് മാളവിക അവിനാഷ് എന്നിവരാണ് സിനിമയ്‌ക്കെതിരെ രംഗത്തുവന്നത്.