‘ആദിപുരുഷി’ലെ രാമന്റെ വേഷം കോപ്പിയടി; പ്രഭാസ് ചിത്രത്തിനെതിരെ ആരോപണം

ഒട്ടേറെ വിവാദങ്ങളിലൂടെയും വിമര്‍ശനങ്ങളിലൂടെയും കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന ചിത്രമാണ് പ്രഭാസ് നായകനായെത്തുന്ന ആദിപുരുഷ്. ടീസര്‍ പുറത്തുവന്നത് മുതല്‍ വി.എഫ്.എക്‌സിന്റെ പേരില്‍ ചിത്രത്തിന് നേരെ ഒട്ടനവധി ട്രോളുകളും വന്നിരുന്നു. ആദിപുരുഷില്‍ ശ്രീരാമനായാണ് പ്രഭാസ് എത്തുന്നത്.

ഇപ്പോഴിതാ ചിത്രത്തിലെ പ്രഭാസിന്റെ ലുക്കിനെതിരെ ആരോപണം ഉയരുകയാണ്. ചിത്രത്തില്‍ നടന്റെ രാമന്‍ ലുക്ക് മോഷ്ടിച്ചതാണെന്നാണ് ആരോപണം. കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റ് പ്രതീക് സംഘറാണ് മോഷണ ആരോപണവുമായി എത്തിയിരിക്കുന്നത്. തന്റെ രണ്ട് ആര്‍ട്ട് വര്‍ക്കുകള്‍ ചേര്‍ത്തുവെച്ചാണ് ആദിപുരുഷിലെ രാമന്‍ നിര്‍മിച്ചതെന്ന് പ്രതീക് പറയുന്നു. തന്നെ ഇക്കാര്യം അറിയിച്ചിരുന്നില്ലെന്നും നഷ്ടപരിഹാരം നല്‍കിയില്ലെന്നും ഇയാള്‍ വ്യക്തമാക്കി.

കണ്‍സെപ്റ്റ് ആര്‍ട്ടിന്റെ ചിത്രം ഉള്‍പ്പെടെ പങ്കുവെച്ചുകൊണ്ടാണ് ആര്‍ട്ടിസ്റ്റിന്റെ ആരോപണം. തന്റെ മറ്റൊരു ആര്‍ട്ട് വര്‍ക്കിനൊപ്പം ചേര്‍ത്താണ് ആദിപുരുഷിലെ കഥാപാത്രത്തിന്റെ ലുക്ക് പുറത്തിറക്കിയതെന്നും അദ്ദേഹം ആരോപിച്ചു. ഈ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് തൊഴിലിനോട് താത്പര്യമോ സ്നേഹമോ ഇല്ലെന്നും വില കുറഞ്ഞ തന്ത്രങ്ങള്‍ ഉപയോഗിച്ച് ഈ പ്രോജക്ട് നിര്‍മ്മിക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും പ്രതീക് കുറിച്ചു.

പ്രഭാസ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്. രാമായണ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഓം റൗട്ട് – പ്രഭാസ് കൂട്ടുകെട്ടിലെ ആദ്യ ചിത്രമാണിത്. രാമനായി പ്രഭാസ് എത്തുമ്പോള്‍ രാവണനായി വേഷമിടുന്നത് ബോളിവുഡ് താരം സെയ്ഫ് അലിഖാന്‍ ആണ്. നടന്‍ സണ്ണി സിങ്ങും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Leave a Reply

Your email address will not be published.

Previous post പ്രണയനൈരാശ്യത്തില്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ യുവാവിന്റെ ആത്മഹത്യാശ്രമം
Next post ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ആദ്യ ചിത്രം പങ്കുവെച്ച് നടൻ ബാല