
ആകാശിനെതിരെ കാപ്പ ചുമത്താനുള്ള വകുപ്പില്ല, ഷുഹൈബ് വധത്തില്‍ കുറ്റവാളിയാണെന്ന് കരുതുന്നില്ല- പിതാവ്
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കാപ്പ ചുമത്താന്‍ വകുപ്പുള്ള കേസുകളൊന്നും മകന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ആകാശ് തില്ലങ്കേരിയുടെ പിതാവ് രവീന്ദ്രന്. ഇപ്പോഴുള്ള കേസ് ആകാശിനെ കുടുക്കാനായി മറ്റാരോ കെട്ടിച്ചമച്ചതാണ്. അറസ്റ്റില്‍ പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ല. ഫോമില്‍ ഒപ്പിടാനെന്ന് പറഞ്ഞാണ് പോലീസ് വീട്ടില്‍ എത്തി ആകാശിനെ പുറത്തേക്ക് കൊണ്ടുപോയത്. കാപ്പ ചുമത്തിയ കാര്യം പിന്നീടാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
സമൂഹമാധ്യമങ്ങളില്‍ വന്ന പരാമര്‍ശവുമായി ബന്ധപ്പെട്ടാണ് ഈ അറസ്റ്റ്. എന്നാല്‍, അത് ആകാശിന്റെ ഫേസ്ബുക്ക് അക്കൗണ്ട് അല്ല. വ്യാജ അക്കൗണ്ടുകളിലൂടെയാണ് പരാമര്‍ശം വന്നത്. ആകാശിന് ഒരുപാട് ശത്രുക്കളുണ്ട്. ഇതൊക്കെ ആകാശിനെ കുടുക്കാന്‍ മറ്റാരോ ചെയ്തതാണെന്നും ആകാശിന്റെ അച്ഛന് ആരോപിച്ചു.
പാര്‍ട്ടി കുടുംബത്തില്‍ ജനിച്ചതിനാല്‍ ബാലസംഘം കാലം മുതല്‍ ആകാശിന് പാര്‍ട്ടിയുമായി ബന്ധമുണ്ട്. എന്നാല്‍, മരണം വരെ പാര്‍ട്ടി വിരുദ്ധമായി ആകാശ് എന്തെങ്കിലും ചെയ്യുമെന്ന് കരുതുന്നില്ല. കോണ്‍ഗ്രസുകാര്‍ മരിക്കുമ്പോള്‍ ആകാശിന്റെ പേര് പ്രതിചേര്‍ക്കപ്പെടുകയാണ്. എടയന്നൂര്‍ കേസില്‍ ആകാശ് കുറ്റവാളിയാണെന്ന് കരുതുന്നില്ലെന്നും രവീന്ദ്രന് പറഞ്ഞു.
സ്വര്‍ണക്കടത്ത് സംഘവുമായും ക്വട്ടേഷന്‍ സംഘവുമായും ആകാശിന് ബന്ധമുണ്ടെന്ന് നിരന്തരം ആരോപണം ഉയരുന്നുണ്ട്. ഇത്തരം ആരോപണം ഉന്നയിക്കുന്നവര്‍ ഇതിന്റെ തെളിവുകള്‍ കൂടി കാണിക്കണം. ഒരിക്കല്‍ കസ്റ്റംസ് വീട്ടില്‍ വന്നിരുന്നു എന്നത് വാസ്തവമാണ്. എന്നാല്‍, ആകാശിനെതിരെ സ്വര്‍ണക്കടത്തില്‍ തെളിവുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. ആകാശിന്റെ കാര്‍ വില്‍പ്പനയ്ക്ക് വെച്ചാലും ഇല്ലെങ്കിലും അത് സമൂഹത്തെ ബാധിക്കുന്ന കാര്യമല്ല. അതുകൊണ്ട് തന്നെ അത് ചര്‍ച്ചയാക്കേണ്ട കാര്യമല്ലെന്നും ആകാശിന്റെ അച്ഛന് രവീന്ദ്രന് പ്രതികരിച്ചു.