അവിഹിതബദ്ധമെന്ന് സംശയം ; ഒന്നര വർഷത്തിന് മുൻപ് ഭാര്യയെ കൊന്ന് കുഴിച്ചിട്ടെന്ന് ഭർത്താവ്

ഒന്നര വര്‍ഷമായി കാണാനില്ലായിരുന്ന ഭാര്യയെ താന്‍ കൊന്നു കുഴിച്ചുമൂടിയതാണെന്ന് ഭര്‍ത്താവിന്റെ കുറ്റസമ്മതം. വൈപ്പിന്‍കരയില്‍ എടവനക്കാട് വാച്ചാക്കലാണ് നാടിനെ നടുക്കിയ സംഭവം പുറത്തുവന്നത്. ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കുകയും തുടര്‍ന്നുള്ള മൊഴികളില്‍ വൈരുധ്യം കാണുകയും ചെയ്തതോടെ പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.

എടവനക്കാട് കൂട്ടുങ്കല്‍ ചിറ അറക്കപ്പറമ്പില്‍ സജീവ (45) നാണ് ഭാര്യ രമ്യ (35) യെ കൊന്ന് വീട്ടുമുറ്റത്ത് കുഴിച്ചുമൂടിയത്. നായരമ്പലം നികത്തിത്തറ രമേശിന്റെ മകളാണ് രമ്യ. സജീവനെ അറസ്റ്റ് ചെയ്തു. ഇയാളുടെ
മൊഴിയുടെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച വൈകീട്ടോടെ ഫൊറന്‍സിക് സംഘം പ്രതി വാടകയ്ക്ക് താമസിച്ചിരുന്ന വാച്ചാക്കല്‍ പടിഞ്ഞാറുള്ള വീട്ടില്‍ എത്തി മുറ്റം കുഴിച്ച് മൃതാവശിഷ്ടങ്ങള്‍ കണ്ടെടുത്തു. രണ്ടര അടി കുഴിച്ചപ്പോള്‍ത്തന്നെ അസ്ഥികള്‍ കണ്ടെത്തി. പിന്നീട് മറ്റ് അസ്ഥികളും തലയോട്ടിയും മുടിയും കണ്ടെത്തി. ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ സാംപിളുകള്‍ ശേഖരിച്ചു. അവശിഷ്ടങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ഭാര്യയിലുണ്ടായ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 2021 ഒക്ടോബര്‍ 16-ന് പട്ടാപ്പകലാണ് ഇയാള്‍ കൊലപാതകം നടത്തിയത്. ഈ സമയം രണ്ടു മക്കളും വീട്ടിലില്ലായിരുന്നു. രമ്യയുടെ കഴുത്തില്‍ കയര്‍ മുറുക്കിയാണ് കൊലപ്പെടുത്തിയത്. കൊന്ന ശേഷം മുറിയില്‍ സൂക്ഷിച്ച മൃതദേഹം രാത്രി വീടിന്റെ മുറ്റത്ത് കിഴക്കുഭാഗത്ത് കുഴിച്ചുമൂടി. പെയിന്റിങ് തൊഴിലാളിയായ പ്രതി ഇതിനുശേഷം ഒന്നും സംഭവിക്കാത്ത രീതിയില്‍ പതിവുപോലെ പണിക്കും മറ്റും പോയി. രണ്ട് മക്കളുമൊത്ത് ജീവിച്ചു വരുകയായിരുന്നു. അമ്മ െബംഗളൂരുവില്‍ ബ്യൂട്ടീഷ്യന്‍ കോഴ്സ് പഠിക്കാന്‍ പോയിരിക്കുകയാണെന്നാണ് ഇയാള്‍ മക്കളോട് പറഞ്ഞിരുന്നത്. കോഴ്സിനു പോയ ഭാര്യ അതുവഴി ഗള്‍ഫില്‍ പോയെന്നും പിന്നീട് മറ്റാരുടെയോ കൂടെ ഒളിച്ചോടി പോയെന്നുമൊക്കെയാണ് ഇയാള്‍ സുഹൃത്തുക്കളെയും ബന്ധുക്കളെയും ധരിപ്പിച്ചിരുന്നത്.

Leave a Reply

Your email address will not be published.

Previous post വധശ്രമ കേസിൽ ലക്ഷദ്വീപ് എം പിക്ക് 10 വര്‍ഷം തടവ് ശിക്ഷ
Next post നിരവധി വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ