
അരിക്കൊമ്പന്‍ കുമളിയില്‍ നിന്ന് എട്ടുകിലോമീറ്റര്‍ അകലെ: നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്
അരിക്കൊമ്പന്‍ ചിന്നക്കനാലിലേക്ക് തിരിച്ചെത്തിയേക്കുമെന്ന സൂചന നല്‍കി പുതിയ വിവരങ്ങള്‍ പുറത്ത്. ലോവര്‍ ക്യാംപ് പവര്‍ ഹൗസിന് സമീപത്തെ വനത്തിലേക്ക് അരിക്കൊമ്പന്‍ എത്തിയെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. കുമളിയില്‍ നിന്ന് എട്ടുകിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ അരിക്കൊമ്പനുള്ളത്. ഇവിടെ നിന്നും ചിന്നക്കനാല്‍ ഭാഗത്തേക്ക് എത്താനും സാധ്യതയുണ്ടെന്ന് വനം വകുപ്പ് പറയുന്നു. ലഭ്യമാകുന്ന സിഗ്നലുകളുടെ അടിസ്താനത്തില്‍ പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. റോസാപ്പൂക്കണ്ടം ഭാഗത്ത് നൂറു മീറ്റര്‍ അടുത്ത് ഇന്നലെ രാത്രിയോടെ അരിക്കൊമ്പന്‍ എത്തിയിരുന്നു. റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം വ്യക്തമായത്. തുടര്‍ന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആകാശത്തേയ്ക്ക് വെടിവച്ച് ആനയെ കാട്ടിലേക്ക് തുരത്തുകയായിരുന്നു. തേക്കടിയിലേക്ക് വിനോദ സഞ്ചരികള്‍ ഉള്‍പ്പെടെ നടന്നു പോകുന്നതും വിറക് ശേഖരിക്കാന്‍ വനത്തില്‍ കയറുന്നതും വനം വകുപ്പ് താത്കാലികമായി വിലക്കിയിട്ടുണ്ട്.
