
അരിക്കൊമ്പന്‍ ഉള്‍ക്കാട്ടില്‍; കാടിറങ്ങിയാല്‍ വെടിവയ്ക്കും; 3 കുങ്കിയാനകളും തയാര്‍
ജനവാസ കേന്ദ്രത്തിലും കമ്പം ടൗണിലും ഇറങ്ങിയ അരിക്കൊമ്പന്‍ മേഘമലയിലെ ഉള്‍ക്കാട്ടിലേക്കു മടങ്ങിയതായി തമിഴ്‌നാട് വനം മന്ത്രി ഡോ.എം.മതിവേന്തന്‍. കമ്പത്ത് എത്തിയ മന്ത്രി വനം വകുപ്പിന്റെ സജ്ജീകരണങ്ങള്‍ വിലയിരുത്തി. പുലര്‍ച്ചെ കൃഷി ഭൂമിക്കും വനത്തിനും ഇടയില്‍ നിലകൊണ്ട ആന ഇപ്പോള്‍ വനത്തില്‍ ഒന്നര കിലോമീറ്റര്‍ ഉള്ളിലേക്കു പോയി. ആനയെ നിരീക്ഷിക്കുന്നതിനു വനം വകുപ്പിന്റെ സംഘം സ്ഥലത്തുണ്ട്. മയക്കുവെടി വയ്ക്കുന്നതിന് ഉള്‍പ്പെടെ സജ്ജീകരണങ്ങള്‍ പ്രദേശത്തുണ്ട്. 3 കുങ്കിയാനകളെ സ്ഥലത്ത് എത്തിച്ചിട്ടുണ്ടന്നും മന്ത്രി അറിയിച്ചു.
കമ്പം ടൗണില്‍ നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. പൊലീസ് മൈക്കിലൂടെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കമ്പം – ഗൂഡല്ലൂര്‍ ബൈപ്പാസിനു സമീപമാണു 3 കുങ്കിയാനകളെ തളച്ചിരിക്കുന്നത്. കമ്പം സുരുളി വെള്ളച്ചാട്ടത്തിനു സമീപമാണു ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെ അരിക്കൊമ്പനെ കണ്ടത്. കമ്പം – സുരുളിപ്പെട്ടി റോഡ് മുറിച്ചു കടന്ന ആന വനമേഖലയിലേക്കു നീങ്ങുകയായിരുന്നു. രാവിലെ മുതല്‍ സുരുളി വെള്ളച്ചാട്ടത്തിലേക്കുള്ള റോഡ് പൊലീസ് അടച്ചിരുന്നു. പ്രദേശത്തെ വിനോദ സഞ്ചാരികളെയും മാറ്റി. ജനവാസ മേഖലയില്‍ തിരികെ എത്തിയാല്‍ മാത്രമേ മയക്കുവെടി വയ്ക്കൂ എന്ന് അധികൃതര്‍ പറഞ്ഞു
