
അമൽജ്യോതി കോളജിലെ മരണം: മാനേജ്മെന്റുമായുള്ള ചർച്ച പരാജയപ്പെട്ടു, പൊലീസും വിദ്യാർഥികളും തമ്മിൽ ഏറ്റുമുട്ടി
കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജിലെ വിദ്യാർഥിനിയുടെ മരണത്തെ തുടർന്ന് മാനേജ്മെന്റുമായി വിദ്യാർഥികൾ നടത്തിയ ചർച്ച പരാജയപ്പെട്ടു. ഇതോടെ, പ്രതിഷേധം തുടരാനാണ് വിദ്യാർഥികളുടെ തീരുമാനം. ചർച്ച പരാജയപ്പെട്ട് പുറത്തേക്കുവന്നതിന് പിന്നാലെ പൊലീസും വിദ്യാർഥികളും തമ്മിൽ ഏറ്റുമുട്ടി.
ഹോസ്റ്റൽ വാർഡനെതിരെ നടപടിയെടുക്കണം, പുതിയ വിദ്യാർഥി കൗൺസിൽ രൂപീകരിച്ച് വിദ്യാർഥികളുടെ കാര്യങ്ങൾ പറയാൻ അവസരം നൽകണം എന്നീ ആവശ്യങ്ങളാണ് വിദ്യാർഥികൾ ഉന്നയിച്ചത്. എന്നാൽ ഇത് രണ്ടും മാനേജ്‌മെന്റ് അംഗീകരിക്കാൻ തയ്യാറായില്ല. ഇതോടെ ചർച്ച അവസാനിപ്പിച്ച് വിദ്യാർഥികൾ പുറത്തിറങ്ങി സമരം തുടർന്നു.
ഇതിനിടെയാണ് പൊലീസ് ഇടപെടുകയും തുടർന്ന് ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തത്. ‘പൊലീസ് ഗോ ബാക്ക്’ മുദ്രാവാക്യം വിളികളോടെയായിരുന്നു വിദ്യാർഥികൾ പ്രതിഷേധം അറിയിച്ചത്. ശേഷം അധ്യാപകരുമായും വാക്കേറ്റമുണ്ടായി. ഹോസ്റ്റൽ ഒഴിഞ്ഞുപോവണം എന്ന ആവശ്യം തള്ളിയ വിദ്യാർഥികൾ, സമരം തുടരാനാണ് തീരുമാനമെന്നും അറിയിച്ചു.