ammathottil-child-welfare-arun-kumar

അമ്മത്തൊട്ടിലിലും ചന്ദ്ര ശോഭ
ഇരട്ട അഭിമാനത്തിന് ആദരം പേര്- പ്രഗ്യാൻ ചന്ദ്ര

ചന്ദ്രൻറെ ദക്ഷിണധ്രുവത്തിൽ രാജ്യത്തിൻറെ മായാ മുദ്ര പതിപ്പിച്ച ചന്ദ്രയാൻ മൂന്നിൻറെ സോഫ്റ്റ് ലാൻറിംഗിൻറെയും ചന്ദ്രനിൽ വിരിഞ്ഞ ഇന്ത്യൻ വീരഗാഥ ചതുരംഗ കളിയിൽ തുടരാനായില്ലെങ്കിലും ചെസ് ലോകകപ്പ് ഫൈനലിൽ റണ്ണറപ്പിൻറെ വെള്ളിത്തിളക്കത്തിൽ അഭിമാനത്തോടെ മടങ്ങിയെത്തിയ ചെന്നൈ സ്വദേശി ‘പ്രഗ്ഗ’ എന്ന പതിനെട്ടുകാരൻറെയും ശോഭ തിങ്ങിനിറഞ്ഞ ദിവസം സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരത്തെ ഹൈടെക് അമ്മത്തൊട്ടിലിൽ പൊക്കിൾക്കൊടി വേർപിരിയാത്ത നാലു ദിവസം മാത്രം പ്രായം തോന്നിക്കുന്ന ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ ലഭിച്ചു.
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന ഇസ്രോ വികസിപ്പിച്ച് രാജ്യം അഭിമാനം കൊണ്ട ചാന്ദ്ര ദൌത്യമായ ചന്ദ്രയാൻ 3-ൻറെ ഭാഗമായ ഇന്ത്യൻ ചാന്ദ്ര റോവറിൻറെ ഓർമ്മയ്ക്കായും ചെസ് താരം പ്രഗ്ഗയോടുള്ള ആദരവിൻറെ സൂചനയായും വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് അമ്മത്തൊട്ടിലിൽ ലഭിച്ച വിശിഷ്ടാതിഥിക്ക് പ്രഗ്യാൻ ചന്ദ്ര എന്നു പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺ ഗോപി പത്രക്കുറിപ്പിൽ അറിയിച്ചു.
അരുമക്കുരുന്നുകൾ ഉപേക്ഷിക്കപ്പെടുമ്പോൾ ഏറ്റുവാങ്ങാൻ സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാനത്ത് ഇക്കഴിഞ്ഞ ജനുവരിയിൽ ആധുനിക സാങ്കേതിക വിദ്യയോടെ നവീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത അമ്മത്തൊട്ടിലിൽ ലഭിക്കുന്ന മൂന്നാമത്തെ കുഞ്ഞാണ് പ്രഗ്യാൻ. അതിഥിയുടെ വരവ് അറിയിച്ചുകൊണ്ട് ദത്തെടുക്കൽ കേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുള്ള മോണിറ്ററിൽ കുട്ടിയുടെ ചിത്രവും ഭാരവും രേഖപ്പെടുത്തി ക്കൊണ്ടുള്ള സന്ദേശം എത്തി. ഒപ്പം ബീപ് സൈറണും മുഴങ്ങി. ഡ്യൂട്ടിയിലുണ്ടായിരുന്ന നെഴ്സും ആയമാരും സുരക്ഷാ ജീവനക്കാരും തൊട്ടിലിൽ ഓടിയെത്തി പരിചരണത്തിനായി ദത്തെടുക്കൽ കേന്ദ്രത്തിലെ ത്തിച്ച കുട്ടിയെ ആരോഗ്യ പരിശോധനയ്ക്കായി രാത്രി 8.30-ന് തൈക്കാട് കുട്ടികളുടേയും സ്ത്രീകളുടേയും ആശുപത്രിയിൽ എത്തിച്ചു. ഡോക്ടറുടെ നിർദ്ദേശാനുസരണം തുടർചികിത്സയ്ക്കായി കുട്ടി ഇതേ ആശുപത്രിയിൽ കഴിയുകയാണ്. ശിശുക്കളുമായി ഉപേക്ഷിക്കാൻ എത്തുന്നവരുടെ സ്വകാര്യത ഉറപ്പുവരുത്താൻ ജില്ലകളിൽ ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ നിന്ന് സൌകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കും. ജില്ലകളിൽ സ്പോൺസർമാരുടെ സഹായത്തോടെ മാറ്റി സ്ഥാപിക്കാവുന്ന കൂടുതൽ അമ്മത്തൊട്ടിലുകൾ സ്ഥാപിക്കും. ഹൈടെക് അല്ലാത്ത അമ്മത്തൊട്ടിലുകൾ പത്തു ലക്ഷത്തിൽ പരം രൂപ ചെലവഴിച്ച് ഹൈടെക് ആക്കും. കോഴിക്കോട്, മുൻ എം.എൽ.എ., എ. പ്രദീപ് കുമാർ, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. എന്നിവരുടെ ഫണ്ട് ഉപയോഗിച്ച് ബീച്ച് ആശുപത്രിയിൽ അമ്മത്തൊട്ടിൽ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. അമ്മത്തൊട്ടിൽ നിലവിലില്ലാത്ത പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിൽ എം.എൽ.എ. മാരുടെ ആസ്ഥി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം ഉടൻ പൂർത്തിയാക്കുമെന്നും ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം , കാസർഗോഡ് എന്നീ ദത്തെടുക്കൽ കേന്ദ്രങ്ങളിലും എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നീ ശിശുപരിചരണ കേന്ദ്രങ്ങളിലുമായി 141 കുട്ടികളാണ് നിലവിൽ പരിചരണയിലുള്ളത്.
2002 നവംബർ 14-ന് തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ച ശേഷം സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലുകൾ വഴി ലഭിക്കുന്ന 584-ാ മത്തെ കുട്ടിയും തിരുവനന്തപുരം അമ്മത്തോട്ടിലിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ശേഷം ലഭിക്കുന്ന മൂന്നാമത്തെ കുഞ്ഞുമാണ് പ്രഗ്യാൻ.
കുഞ്ഞിൻറെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ സമിതി അധികൃതരുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.

Leave a Reply

Your email address will not be published.

tvm-medical-college-political-job- Previous post അംഗീകൃത ബിരുദമില്ലാത്തവർക്ക്‌ ഉദ്യോഗകയറ്റം നൽകാൻ ആരോഗ്യവകുപ്പിൽ തിരക്കിട്ട് നീക്കം
wayanad-jeep-accident- Next post വയനാട് വാഹനാപകടം : മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു