അനന്തപുരിയില്‍ ലൈറ്റ്‌മെട്രോ ഇനി എന്ന് ?

ജെ. അജിത് കുമാര്‍

പതിനാല് ജില്ലകള്‍ മാത്രമുള്ള കേരളം പോലുള്ള ചെറിയ സംസ്ഥാനത്തെ നഗരസഭകളുടെ എണ്ണം ആറ്. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവയാണ് നഗരസഭകള്‍. ജനസംഖ്യയും പ്രാദേശിക വികസനവും പരിഗണിച്ചാല്‍ കോട്ടയവും അതിവേഗം നഗരസഭയാകും. നഗരങ്ങള്‍ അല്ലെങ്കില്‍ വലിയ പട്ടണങ്ങളെന്ന വിശേഷണത്തിന് അര്‍ഹരാണ് ഇവയെല്ലാം. ജനസംഖ്യാ വര്‍ധനവ് അനുദിനം വളരുകയാണിവിടങ്ങളില്‍. സ്വാഭാവികമായും നഗരവാസികള്‍ അനുഭവിക്കുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നം എന്നത് ഗതാഗതക്കുരുക്കാണ്. ഒരുപക്ഷെ, ഡെല്‍ഹിയോ, മുംബൈ. ബംഗളൂരു പോലുള്ള നഗരങ്ങളിലുള്ളത്ര ഗതാഗതപ്രശ്‌നം കേരളത്തിലെ പട്ടണങ്ങളില്‍ കുറവാണെന്നു പറയാം. എങ്കിലും തിരുവനന്തപുരവും, കൊച്ചിയും വീര്‍പ്പു മുട്ടുകയാണ്. കൊച്ചി മെട്രോ വന്നതോടു കൂടി ആ നഗരത്തിലെ ഗതാഗത സംവിധാനം മെച്ചപ്പെട്ടുവെന്ന് പറയാതെ വയ്യ. ആലുവയില്‍ നിന്ന് പുറപ്പെട്ട് തൃപ്പൂണിത്തുറ വരെ സഞ്ചരിക്കാന്‍ മുന്‍പ് വേണ്ടിയിരുന്ന സമയ ദൈര്‍ഘ്യം പാതിയിലേറെയായി ചുരുങ്ങി. എങ്കിലും കൊച്ചി നഗരവാസികള്‍ ഇപ്പോഴും കൊച്ചിമെട്രോയോട് മുഖം തിരിച്ചു നില്‍ക്കുകയാണെന്ന് പറയാം. മെട്രോ റെയില്‍ നഷ്ടത്തില്‍ തന്നെയാണ് ഓടുന്നത്. ലാഭമുണ്ടാക്കുക എന്നത് അതിന്റെ ലക്ഷ്യത്തില്‍പ്പെടുന്നുമില്ല. പൊതു ഗതാഗതസംവിധാനമാണല്ലോ. കൊച്ചിയെപ്പോലെയുള്ള ഒരു മെട്രോ സംവിധാനത്തിന് സാധ്യത ഇല്ലെന്ന് വാദിച്ചാല്‍പ്പോലും സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തിന് അതിന്റേതായ നഗരകേന്ദ്രീകൃത റെയില്‍വേ മാര്‍ഗം അത്യാവശ്യമാണ്. പഠനങ്ങളും ചര്‍ച്ചകളും നിരവധി നടന്നു. പക്ഷെ, പദ്ധതി മാത്രം നടന്നില്ല. ഇനി എന്നു നടക്കും എന്ന് നിശ്ചയവുമില്ല. മെട്രോ വേണ്ട, ലൈറ്റ് മെട്രോ.യോ, മോണോ റെയിലോ തലസ്ഥാനത്ത് നടപ്പാക്കാമല്ലോ. അതിലും താല്‍പ്പര്യം കാട്ടുന്നില്ല സര്‍ക്കാര്‍. അപ്പോഴും സര്‍ക്കാരിന്റെ താല്‍പ്പര്യം കെ. റെയിലിലാണ്. അതിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ വിലയിലാണ്. കുഴിച്ചിടുന്ന മഞ്ഞ കുറ്റികളിലാണ്. തെക്കു വടക്കായി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്ന അതിവേഗ പാതയായ കെ. റെയില്‍ എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം. റോഡുകളുടെ ശോച്യാവസ്ഥയും വാഹനങ്ങളുടെ വര്‍ധനയും തലസ്ഥാന നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ ശ്വാസം മുട്ടിക്കുകയാണ്. നിലവിലുള്ള ഗതാഗത സംവിധാനങ്ങള്‍ തുടരുന്നതിനോതൊപ്പം ആകാശ പാതയിലൂടെ ചെറിയ കോച്ചുകള്‍ ഉള്‍ക്കൊള്ളുന്ന മോണോ റെയില്‍ ആണ് പ്രശ്‌നത്തിന് പരിഹാരം. അനന്തപുരി വാസികള്‍ ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും ഇതു തന്നെയാണ്. ഐ.ടി. ഹബ്ബായി മാറിക്കഴിഞ്ഞ കഴക്കൂട്ടം മുതല്‍ ചുരുങ്ങിയ പക്ഷം നഗരത്തിന്റെ തെക്കുഭാഗത്തുള്ള കരമന വരെയെങ്കിലും നീളുന്ന മോണോ റെയില്‍ ഗതാഗത സംവിധാനം വേഗത്തില്‍ യാഥാര്‍ഥ്യമാകുന്ന പ്രതീക്ഷയിലാണ് അനന്തപുരി നിവാസികള്‍.

Leave a Reply

Your email address will not be published.

Previous post പൊള്ളലേറ്റ ഭാഗങ്ങളില്‍ മുളക്‌പൊടി വിതറി; വിദ്യാര്‍ത്ഥിനിക്കേറ്റത് ക്രൂര പീഡനം
Next post കരിപ്പൂരില്‍ ഇറക്കേണ്ട വിമാനം നെടുമ്പാശേരിയില്‍: പ്രതിഷേധിച്ച് യാത്രക്കാര്‍