അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റിന്റെ തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 378 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റേന്തിയ ഇംഗ്ലണ്ട് വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി. സെഞ്ചുറി നേടി അപരാജിതരായി നിന്ന ജോ റൂട്ടും ജോണി ബെയര്‍സ്‌റ്റോയുമാണ് ഇംഗ്ലണ്ടിന് അനായാസ വിജയം സമ്മാനിച്ചത്.

റൂട്ട് 173 പന്തുകളില്‍ നിന്ന് 19 ബൗണ്ടറിയുടെയും ഒരു സിക്‌സിന്റെയും സഹായത്തോടെ 142 റണ്‍സെടുത്തും ബെയര്‍സ്‌റ്റോ 145 പന്തുകളില്‍ നിന്ന് 15 ബൗണ്ടറിയുടെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 114 റണ്‍സെടുത്തും പുറത്താവാതെ നിന്നു.

ഇതോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പര സമനിലയിലായി. ഇരുടീമുകളും രണ്ട് മത്സരങ്ങള്‍ വീതം വിജയിച്ചു. 2007-ന് ശേഷം ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടാനുള്ള സുവര്‍ണാവസരം ഇന്ത്യയ്ക്ക് നഷ്ടമായി. അഞ്ചാം ടെസ്റ്റില്‍ സമനില നേടിയാല്‍പ്പോലും ഇന്ത്യയ്ക്ക് പരമ്പര നേടാമായിരുന്നു. എന്നാല്‍ അവസരത്തിനൊത്തുയര്‍ന്ന ഇംഗ്ലീഷ് ബാറ്റര്‍മാര്‍ ഇന്ത്യയില്‍ നിന്ന് വിജയം തട്ടിയെടുത്തു. സ്‌കോര്‍: ഇന്ത്യ 416, 245. ഇംഗ്ലണ്ട്: 284, മൂന്നിന് 378.

എഡ്ജ്ബാസ്റ്റണില്‍ ചേസ് ചെയ്യുന്ന ഒരു ടീമിന്റെ ഏറ്റവും വലിയ വിജയമാണിത്. 281 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച ദക്ഷിണാഫ്രിക്കയുടെ റെക്കോഡ് ഇതോടെ പഴങ്കഥയായി. രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണി ബെയര്‍‌സ്റ്റോയാണ് ഇംഗ്ലണ്ടിന്റെ ഹീറോ.

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സ് എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ടും ജോണി ബെയര്‍സ്‌റ്റോയും അനായാസം ബാറ്റുവീശി. ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചിട്ടും ഈ കൂട്ടുകെട്ട് പൊളിക്കാന്‍ ഇന്ത്യന്‍ നായകന്‍ ജസ്പ്രീത് ബുംറയ്ക്ക് സാധിച്ചില്ല. 65-ാം ഓവറിലെ മൂന്നാം പന്തില്‍ ബൗണ്ടറി നേടിക്കൊണ്ട് റൂട്ട് ബെയര്‍‌സ്റ്റോയ്‌ക്കൊപ്പം 200 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

പിന്നാലെ റൂട്ട് സെഞ്ചുറിയും നേടി. മുഹമ്മദ് സിറാജിന്റെ പന്തില്‍ ബൗണ്ടറി നേടിക്കൊണ്ട് റൂട്ട് കരിയറിലെ 28-ാം സെഞ്ചുറി കുറിച്ചു. 136 പന്തുകളില്‍ നിന്നാണ് താരം ശതകത്തിലെത്തിയത്. ബെയര്‍‌സ്റ്റോയും റൂട്ടും ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. പിന്നാലെ ബെയര്‍‌സ്റ്റോയും സെഞ്ചുറി നേടി. 138 പന്തുകളില്‍ നിന്നാണ് ബെയര്‍‌സ്റ്റോ സെഞ്ചുറി നേടിയത്. ആദ്യ ഇന്നിങ്‌സില്‍ താരം 106 റണ്‍സെടുത്തിരുന്നു.

സെഞ്ചുറി നേടിയ ശേഷം റൂട്ടും ബെയര്‍സ്‌റ്റോയും ട്വന്റി 20 ശൈലിയില്‍ ബാറ്റ് വീശി. ഇതോടെ ഇംഗ്ലണ്ട് 76.4 ഓവറില്‍ വിജയത്തിലെത്തി.

Leave a Reply

Your email address will not be published.

Previous post ഫിഫ ലോകകപ്പ്: മത്സരങ്ങളുടെ ടിക്കറ്റുകള്‍ ഇന്ന് മുതല്‍ സ്വന്തമാക്കാം
Next post സ്വപ്ന സുരേഷിനെ എച്ച്ആർഡിഎസ് പുറത്താക്കി, സർക്കാർ നിരന്തരം വേട്ടയാടുന്നുവെന്ന് എച്ച്ആർഡിഎസ്